ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മ ജയത്തോടെ തുടങ്ങി. നാളെ ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാനും ഇന്ത്യക്ക് സാധിക്കും.
എന്നാല്‍ ഇന്ത്യ പരമ്പര തൂത്തുവാരിയാലും രോഹിത് ശര്‍മയെ ഒരു വലിയ നാണക്കേട് കാത്തിരിക്കുകയാണ്. അത് എന്താണെന്ന് പരിശോധിക്കാം. ഒരു ഫോര്‍മാറ്റിലും ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താതെ കൂടുതല്‍ മത്സരം കളിച്ച താരമെന്ന നാണംകെട്ട റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ 465 മത്സരങ്ങള്‍ കളിച്ച രോഹിത് രണ്ടാം സ്ഥാനത്താണ്. 467 മത്സരങ്ങള്‍ കളിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചറാണ് നിലവില്‍ തലപ്പത്ത്.
അഫ്ഗാന്‍ പരമ്പര പൂര്‍ത്തിയാവുന്നതോടെ രോഹിത് ഈ നാണക്കേടില്‍ ബൗച്ചറിനൊപ്പം തലപ്പത്തെത്തും. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ടെങ്കിലും ഒരു ഫോര്‍മാറ്റിലും ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത് ശര്‍മക്കായിട്ടില്ല. മുസ്തഫിസുര്‍ റഹീം (458), റോസ് ടെയ്‌ലര്‍ (450), ഷുഹൈബ് മാലിക്ക് (446), മുഹമ്മദ് അസ്ഹറുദ്ദീന്‍ (433) എന്നിവരാണ് ഈ റെക്കോഡില്‍ രോഹിത്തിന് പിന്നാലെയുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള നായകനും ബാറ്റ്‌സ്മാനുമാണ് രോഹിത് ശര്‍മ. എന്നാല്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ അദ്ദേഹത്തിനായിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ എംഎസ് ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. നിലവില്‍ ഇന്ത്യക്കായി കൂടുതല്‍ ടി20 ജയം നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡില്‍ എംഎസ് ധോണിയാണ് തലപ്പത്ത്.

41 ജയങ്ങളാണ് ധോണിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ പേരില്‍ 40 ജയങ്ങളാണുള്ളത്. രണ്ടാം ടി20യില്‍ അഫ്ഗാനെ തോല്‍പ്പിച്ചാല്‍ ധോണിക്കൊപ്പമെത്താന്‍ രോഹിത്തിനാവും. പരമ്പര തൂത്തുവാരിയാല്‍ ഈ റെക്കോഡില്‍ ഹിറ്റ്മാനാവും തലപ്പത്ത്. ധോണിയെക്കാള്‍ ടി20യില്‍ വിജയ ശതമാനമുള്ള നായകനാണ് രോഹിത്. ധോണിയെക്കാള്‍ വേഗത്തില്‍ ഇന്ത്യയെ 41 ടി20 ജയങ്ങളിലേക്കെത്തിക്കുന്ന നായകനായി മാറാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്.
രണ്ടാം ടി20യില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ഇന്ത്യ ജയിക്കുക എന്നതിലുപരിയായി രോഹിത് ശര്‍മക്ക് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ രോഹിത് ഡെക്കിനാണ് പുറത്തായത്. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് റണ്ണൗട്ടാവുകയായിരുന്നു. രോഹിത്തിനും ആരാധകര്‍ക്കും ഒരുപോലെ നിരാശയക്കുണ്ടാക്കുന്ന പുറത്താകലായിരുന്നു ഇത്.
അതുകൊണ്ടുതന്നെ ഇതിന്റെ ക്ഷീണം മാറ്റുന്ന ബാറ്റിങ് പ്രകടനം രണ്ടാം ടി20യില്‍ രോഹിത് കാഴ്ചവെക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന് നായകസ്ഥാനം ലഭിക്കാന്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് കളിക്കാന്‍ രോഹിത് പ്രയാസപ്പെടും. രണ്ടാം ടി20യില്‍ വിരാട് കോലി കളിക്കുമെന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്നു. ഇടവേളക്ക് ശേഷമാണ് കോലി ഇന്ത്യക്കായി ടി20 കളിക്കാന്‍ പോകുന്നത്.
ആദ്യ മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ കോലി വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ശിവം ദുബെ ഓള്‍റൗണ്ട് പ്രകടനത്തോടെ ആദ്യ മത്സരത്തില്‍ ഹീറോയായിരുന്നു. എന്നാല്‍ തിലക് വര്‍മ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. വലിയ സ്‌കോറിലേക്കുയരാനാവാതെ പോയാല്‍ തിലകിന് ടീമിലെ സീറ്റ് നഷ്ടമാവാനാണ് സാധ്യത.