ഇന്‍ഡോര്‍: അഫ്ഗാനിസ്താനുമായുള്ള രണ്ടാം ടി20യിലും മിന്നുന്ന വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് അഫ്ഗാനെ രോഹിത് ശര്‍മയും സംഘവും തുരത്തിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരുന്നു. ബാറ്ററെന്ന നിലയില്‍ രോഹിത്തിനു തുടരെ രണ്ടാമത്തെ കളിയിലും ഡെക്കായി മടങ്ങേണ്ടിവന്നെങ്കിലും പരമ്പര നേട്ടം അദ്ദേഹത്തിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നു.
എന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഈ മല്‍സരത്തില്‍ അത്ര പെര്‍ഫെക്ടായിരുന്നില്ല. ചില അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. എന്നാല്‍ കളിയില്‍ ഇന്ത്യ ജയിച്ചതിനാല്‍ ഇതു അധികം തുറന്നു കാണിക്കപ്പെട്ടില്ലെന്നതാണ് സത്യം.

മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ പിഴവുകളുടെ പേരില്‍ രോഹിത് തീര്‍ച്ചയായും ക്രൂശിക്കപ്പെടുമായിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഈ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍ഡോറില്‍ രോഹിത്തിനു പറ്റിയ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാന്‍ 172 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കാരണം രോഹിത്തിന്റ മണ്ടത്തരമാണ്. അല്ലായിരുന്നെങ്കില്‍ 140-150 റണ്‍സില്‍ അവരെ ഇന്ത്യക്കു പിടിച്ചുകെട്ടാന്‍ സാധിക്കുമായിരുന്നു.
16 ഓവറുകള്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ അഞ്ചു വിക്കറ്റിനു 117 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അടുത്ത നാലോവറില്‍ ഇന്ത്യ വിട്ടുകൊടുത്തത് 55 റണ്‍സാണ്. ഇതൊരിക്കലും ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യമല്ല. അഫ്ഗാനെ ഈ തരത്തില്‍ കയറൂരിവിട്ടത് ഡെത്ത് ഓവറുകളില്‍ രോഹിത്തിന്റെ ചൂതാട്ടമായിരുന്നു.
ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ ബൗളിങ് മാറ്റങ്ങള്‍ പാളിയിരുന്നു. പ്രത്യേകിച്ചും രവി ബിഷ്‌നോയ്, ശിവം ദുബെ എന്നിവരെ അവസാന അഞ്ചോവറില്‍ പന്തേല്‍പ്പിച്ചതിനെ മണ്ടത്തരമെന്നു മാത്രമേ വിളിക്കാന്‍ കഴിയുകയുള്ളൂ. കാരണം രണ്ടു പേരും അനുഭവസമ്പത്ത് തീരെ കുറഞ്ഞവരും ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്ത് അധികം ശീലമില്ലാത്തവരുമാണ്. പക്ഷെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇവരെ വച്ച് രോഹിത് ചൂതാട്ടം നടത്തുകയായിരുന്നു.
17ാം ഓവറിലാണ് ബിഷ്‌നോയ്ക്കു രോഹിത് പന്ത് നല്‍കിയത്. പക്ഷെ ഈ നീക്കം അമ്പെ പാളി. 17 റണ്‍സാണ് യുവ സ്പിന്നര്‍ വിട്ടുനല്‍കിയത്. രണ്ടു സിക്‌സറുകളും ഒരു ഫോറുമടക്കമായിരുന്നു ഇത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനായ മുകേഷ് കുമാര്‍ ടീമിലിരിക്കെയാണ് ബിഷ്‌നോയ്ക്കു രോഹിത് ഓവര്‍ നല്‍കിയത്.
നേരത്തേ മുകേഷ് തന്റെ രണ്ടോവറില്‍ വിക്കറ്റില്ലാതെ 21 റണ്‍സ് വഴങ്ങിയിരുന്നു. പക്ഷെ ഇതിന്റെ പേരില്‍ ഡെത്ത് ഓവറിലും അദ്ദേഹം തല്ലു വാങ്ങിക്കൂട്ടുമെന്നു രോഹിത് ഉറപ്പിക്കുകയായിരുന്നു. തന്റെ ബൗളര്‍മാരില്‍ രോഹിത് വിശ്വാസമര്‍പ്പിച്ചേ തീരൂ. നേരത്തേ ഡെത്ത് ഓവറുകളില്‍ പല മികച്ച പ്രകടനങ്ങളും മുകേഷ് കാഴ്ചവച്ചിട്ടുണ്ട്. സ്ലോ ബോളുകളും യോര്‍ക്കറുകളുമെല്ലാം വളരെ നന്നായി ഡെത്ത് ഓവറില്‍ പരീക്ഷിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

അതുകൊണ്ടു ത്‌ന്നെ ബിഷ്‌നോയ്ക്കു പകരം മുകേഷിനു 17ാം ഓവര്‍ രോഹിത്തിനു നല്‍കാമായിരുന്നു. ബിഷ്‌നോയ്ക്കു ഓവര്‍ കൊടുത്തത് അബദ്ധമായിപ്പോയെന്നു മനസ്സിലായിട്ടും രോഹിത് വീണ്ടുമൊരു മണ്ടത്തരം കൂടി കാണിച്ചുവെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
നിര്‍ണായകമായ 19ാം ഓവര്‍ ശിവം ദുബെയ്ക്കു നല്‍കിയാണ് രോഹിത്തിന്റെ അടുത്ത ചൂതാട്ടം. മുകേഷിനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു രോഹിത് ഇങ്ങനെയൊരു വലിയ റിസ്‌കെടുത്തത്. അതു ദുരന്തത്തിലും കലാശിക്കുകയായിരുന്നു. 20 റണ്‍സാണ് ദുബെ ഈ ഓവറില്‍ വാരിക്കോരി നല്‍കിയത്. രണ്ടു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്. അഫ്ഗാന്‍ ഇന്നിങ്‌സിലെ ഏറ്റവും വലിയ ഓവറും ഇതു തന്നെയായിരുന്നു.
ഓവര്‍ തുടങ്ങുമ്പോള്‍ ആറു വിക്കറ്റിനു 144 റണ്‍സെന്ന നിലയിലായിരുന്ന അഫ്ഗാന്‍ ഓവര്‍ കഴിഞ്ഞപ്പോഴേക്കും 164 റണ്‍സിലേക്കു കുതിച്ചെത്തുകയായിരുന്നു. അവസാന മല്‍സരത്തില്‍ രോഹിത് ഈ രണ്ടു പിഴവുകള്‍ തിരുത്തേണ്ടത് ആവശ്യമാണ്. അതിനായില്ലെങ്കില്‍ ഒരുപക്ഷെ വലിയൊരു ഷോക്ക് അഫ്ഗാനിസ്താനില്‍ നിന്നും ഇന്ത്യക്കു നേരിടേണ്ടി വന്നേക്കും.