ഇന്‍ഡോര്‍: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകകയാണ്. ഇന്ന് ജയിച്ച് പരമ്പര നേടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് രണ്ടാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ രോഹിത് ഡെക്കിനാണ് പുറത്തായത്. 14 മാസത്തിന് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് റണ്ണൗട്ടായാണ് പൂജ്യത്തിന് മടങ്ങിയത്.
അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ഗംഭീര പ്രകടനത്തോടെ രോഹിത്തിന് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ നായകസ്ഥാനത്തേക്കെത്തുക രോഹിത്തിന് കടുപ്പമായിരിക്കും. രണ്ടാം ടി20യില്‍ രോഹിത്തിനെ കാത്ത് ചില വമ്പന്‍ റെക്കോഡുകളുമുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
രണ്ടാം ടി20യിലൂടെ ക്രിക്കറ്റില്‍ മറ്റൊരു പുരുഷ താരത്തിനുമില്ലാത്ത റെക്കോഡിലേക്ക് രോഹിത്തെത്തും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 ടി20 മത്സരം കളിക്കുന്ന ആദ്യത്തെ പുരുഷ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. മത്സരത്തിനിറങ്ങുന്നതോടെ ഈ റെക്കോഡ് രോഹിത്തിന് സ്വന്തമാക്കാനാവും. എന്നാല്‍ ഇന്ത്യയുടെ നായകനെന്ന നിലയിലെ കോലിയുടെ റെക്കോഡ് തകര്‍ക്കുകയാണ് രോഹിത്തിന് മുന്നിലുള്ള വെല്ലുവിളി. 52 ടി20യില്‍ നിന്ന് 1527 റണ്‍സാണ് ഇന്ത്യയുടെ നായകനെന്ന നിലയില്‍ ടി20യില്‍ രോഹിത് നേടിയിരിക്കുന്നത്.
എന്നാല്‍ 1570 റണ്‍സാണ് നായകനെന്ന പേരില്‍ വിരാട് കോലിയുടെ പേരിലുള്ളത്. 44 റണ്‍സ് നേടിയാല്‍ കോലിയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിന് സാധിക്കും. രോഹിത്തിന് മികച്ച ബാറ്റിങ് റെക്കോഡുള്ള മൈതാനമാണ് ഇന്‍ഡോറിലേത്. 2017 ഡിസംബര്‍ 22ന് ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ഇവിടെ വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. 35 പന്തില്‍ സെഞ്ച്വറി നേടി ഇന്ത്യക്കാരന്റെ വേഗമേറിയ ടി20 സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.

35കാരനായ രോഹിത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന മൈതാനമാണ് ഇന്‍ഡോറിലേത്. അതുകൊണ്ടുതന്നെ വലിയ പ്രകടനത്തിലേക്കുയരാന്‍ രോഹിത്തിന് സാധിച്ചേക്കും. ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ നായകസ്ഥാനം രോഹിത്തിലേക്കെത്താന്‍ അദ്ദേഹം ബാറ്റുകൊണ്ട് മികവ് കാട്ടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ടി20 രോഹിത്തിന് വളരെ നിര്‍ണ്ണായകമാണ്.
മറ്റൊരു വമ്പന്‍ റെക്കോഡും രോഹിത്തിനെ കാത്തിരിക്കുന്നു. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ മറികടക്കാനുള്ള അവസരമാണ് രോഹിത്തിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ 40 ജയങ്ങളാണ് രോഹിത്തിന്റെ പേരിലുള്ളത്. 41 ജയം നേടിയ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം ടി20യില്‍ ജയിച്ചാല്‍ രോഹിത്തിന് ധോണിക്കൊപ്പമെത്താനാവും. എന്നാല്‍ വേഗത്തില്‍ ഇന്ത്യയെ 41 ടി20 ജയത്തിലേക്കെത്തിക്കുന്ന നായകനെന്ന റെക്കോഡില്‍ രോഹിത്തിന് തലപ്പത്തേക്കെത്താം.
രണ്ടാം ടി20യില്‍ വിരാട് കോലി കളിക്കും. ആദ്യ മത്സരം കളിക്കാതിരുന്ന കോലി ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും സര്‍വാധിപത്യ ജയമെന്ന് പറയാനാവില്ല. തിലക് വര്‍മ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. ബൗളറെന്ന നിലയിലും ഇന്ത്യ തിലകിനെ കൂടുതല്‍ ഉപയോഗിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് ടി20 ലോകകപ്പിന് മുമ്പ് മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടാം ടി20യിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.