ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലും ആറ് വിക്കറ്റിന്റെ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 26 പന്ത് ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്. യശ്വസി ജയ്‌സ്വാള്‍ (68), ശിവം ദുബെ (63) എന്നിവര്‍ അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് കരുത്തായത്. അനായാസം ഇന്ത്യ അഫ്ഗാന്റെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മ വമ്പന്‍ റെക്കോഡാണ് നേടിയെടുത്തത്. ഇന്ത്യക്ക് കൂടുതല്‍ ടി20 ജയം നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് ശര്‍മ തലപ്പത്തേക്കെത്തി. രോഹിത്തിന് കീഴില്‍ ഇന്ത്യ നേടുന്ന 41ാം ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെ 41 ടി20 ജയങ്ങളെന്ന റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്. എന്നാല്‍ ധോണിയെക്കാള്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 41 ജയത്തിലേക്കെത്താന്‍ രോഹിത് ശര്‍മക്കായി.
കൂടാതെ 150 അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്ന ആദ്യത്തെ പുരുഷ ക്രിക്കറ്റ് താരമെന്ന റെക്കോഡിലേക്കെത്താനും രോഹിത്തിനായി. പക്ഷെ രോഹിത്തിന്റെ ടി20യിലെ പ്രകടനം നിരാശപ്പെടുത്തുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡെക്കിന് പുറത്തായി നാണംകെട്ട റെക്കോഡിലേക്ക് രോഹിത് എത്തിയിരിക്കുകയാണ്. ടി20യില്‍ കൂടുതല്‍ ഡെക്കാവുന്ന താരമെന്ന റെക്കോഡില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
കെവിന്‍ ഒബ്രിയാനൊപ്പമാണ് നിലവില്‍ രോഹിത്. രണ്ട് പേരും 12 തവണയാണ് ഡെക്കിന് പുറത്തായത്. 13 തവണ ഡെക്കായ പോള്‍ സ്റ്റിര്‍ലിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 14 മാസത്തിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത്തിന് ബാറ്റുകൊണ്ട് ഒന്നും ചെയ്യാനാവുന്നില്ല. രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ടി20 ലോകകപ്പില്‍ രോഹിത്തിനെ ക്യാപ്റ്റനായി മുന്നോട്ട് പോകാന്‍ ഇന്ത്യ രണ്ടാമതൊന്ന് ആലോചിച്ചേക്കും.

ഇന്ത്യക്ക് കൂടുതല്‍ ടി20 പരമ്പരകള്‍ നേടിക്കൊടുക്കുന്ന നായകനാവാനും രോഹിത്തിനായി. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ടി20യില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലത്. ടെസ്റ്റിലേക്ക് മാത്രം ശ്രദ്ധ നല്‍കി പരിമിത ഓവറില്‍ നിന്ന് രോഹിത് വഴിമാറിക്കൊടുക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. വൈകാതെ ഈ തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയേക്കും. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് മികച്ചവനാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ ടി20 പ്രകടനം പരിശോധിക്കുമ്പോള്‍ കളി നിര്‍ത്താറായി എന്ന് തന്നെ പറയാം. അവസാന 10 ഏകദിനത്തില്‍ നിന്ന് 59ന് മുകളില്‍ ശരാശരിയില്‍ 597 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. എന്നാല്‍ അവസാന 10 ടി20യില്‍ നിന്ന് രോഹിത്തിന് നേടാനായത് 159 റണ്‍സാണ്. 16ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയ രോഹിത്തിന് ഇനി ഇന്ത്യയുടെ ടി20 ടീമിലും വലിയ ഭാവി കാണാനാവില്ല.
ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസിലേക്കെത്തിയാല്‍ അദ്ദേഹത്തെ നായകനാക്കി ഇന്ത്യ ടി20 ലോകകപ്പിന് ഒരുങ്ങുന്നതാണ് നല്ലത്. നിലവില്‍ വിശ്രമത്തിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ സമയമുണ്ട്. എന്നാല്‍ തിരിച്ചുവരവില്‍ കോലി മികവ് കാട്ടുന്നുണ്ട്. 16 പന്തില്‍ 29 റണ്‍സ് നേടിയാണ് കോലി പുറത്തായത്. അഞ്ച് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും.
ഇപ്പോഴും തനിക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. രോഹിത് ശര്‍മ ഓപ്പണറായാല്‍ ശുബ്മാന്‍ ഗില്ലിന് സീറ്റ് നേടുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ മോശം ഫോമിലുള്ള രോഹിത്തിനെ ടി20യില്‍ നിന്ന് ഒഴിവാക്കിത്തന്നെ ഇന്ത്യക്ക് മുന്നോട്ട് പോകുന്നതാണ് നല്ലത്.