മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് പേരും 2022ലെ ടി20 ലോകകപ്പിന് ശേഷം കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. 14 മാസത്തിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് രോഹിത് എത്തിയെന്നതാണ് ശ്രദ്ധേയം. ഇതോടെ ടി20 ലോകകപ്പിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നുറപ്പായിരിക്കുകയാണ്.
സൂര്യകുമാര്‍ യാദവും റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനുമെല്ലാം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അഫ്ഗാന്‍ പരമ്പരയില്‍ ഇടം നേടാനായിട്ടില്ല. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പരയാണിത്. അഫ്ഗാനെതിരേ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. നായകന്‍ രോഹിത് ശര്‍മ ഓപ്പണിങ്ങിലേക്കെത്തുമെന്നുറപ്പാണ്. എന്നാല്‍ രോഹിത്തിന്റെ സഹ ഓപ്പണര്‍ ആരെന്നതാണ് ചോദ്യം.
ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലിറക്കിയേക്കും. ഇടം കൈയന്‍ ഓപ്പണറായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ടി20 ലോകകപ്പിലും ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് ജയ്‌സ്വാളിനെ പരിഗണിച്ചേക്കും. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പരമ്പരയിലും ജയ്‌സ്വാളിന് ഓപ്പണര്‍ സ്ഥാനം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ശുബ്മാന്‍ ഗില്ലിനെ ഇന്ത്യക്ക് പുറത്തിരുത്തുക എളുപ്പമല്ല. എന്നാല്‍ മൂന്നാം നമ്പറില്‍ താരത്തെ പരിഗണിക്കാം.
നേരത്തെ മൂന്നാം നമ്പറില്‍ തിളങ്ങിയിട്ടുള്ള താരമാണ് ഗില്‍. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിക്കുന്നത് ഗില്ലിനെ സംബന്ധിച്ച് പ്രശ്‌നമാവില്ല. വിരാട് കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കണം. സൂര്യകുമാര്‍ യാദവ് ഇല്ലാത്തതിനാല്‍ ആ സ്ഥാനത്തേക്ക് കോലിയെ പരിഗണിക്കണം. കോലി മധ്യനിരയില്‍ കളിക്കുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണെയാണ് ഇന്ത്യ പരിഗണിക്കുക.

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജു അഫ്ഗാന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അഭാവത്തില്‍ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. ആറാം നമ്പറില്‍ റിങ്കു സിങ് കളിക്കും. സൂപ്പര്‍ ഫിനിഷറായ റിങ്കുവിനെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റിങ്കു ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്.
അക്ഷര്‍ പട്ടേലാണ് ഏഴാം നമ്പറില്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരത്തിന് രവീന്ദ്ര ജഡേജയുടെ വിടവ് നികത്തുന്ന പ്രകടനം കാഴ്ചവെക്കണം. അല്ലാത്തപക്ഷം ടി20 ലോകകപ്പില്‍ അക്ഷറിന് സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും. എട്ടാം നമ്പറില്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റായി കുല്‍ദീപ് യാദവ് ഉണ്ടാവും. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ കുല്‍ദീപ് ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടേക്കും. രവി ബിഷ്‌നോയിയെ ഇന്ത്യ പുറത്തിരുത്തിയേക്കും.
പേസ് നിരയില്‍ മൂന്ന് ബൗളര്‍മാരെയാണ് ഇന്ത്യ പരിഗണിച്ചത്. ഈ മൂന്ന് പേരും പ്ലേയിങ് 11ലുണ്ടാവും. ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാവും പേസ് നിരയെ നയിക്കുക. ദക്ഷിണാഫ്രിക്കയില്‍ തിളങ്ങിയ ആത്മവിശ്വാസത്തിലെത്തിയ അര്‍ഷ്ദീപിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ആവേശ് ഖാനും ടീമിലുണ്ടാവും. ഇന്ത്യ ടി20 ലോകകപ്പില്‍ ബാക്കപ്പ് നിരയിലേക്ക് ആവേശിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
യുവ പേസര്‍ മുകേഷ് കുമാറും പ്ലേയിങ് 11 ഉണ്ടാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് മുകേഷ് കുമാര്‍ കാഴ്ചവെച്ചത്. ടി20 പരമ്പരയില്‍ മുകേഷ് കുമാറിന്റെ ബൗളിങ്ങും നിര്‍ണ്ണായകം. അഫ്ഗാന്‍ കരുത്തരുടെ നിരയാണ്. റാഷിദ് ഖാന്‍ ടീമിലുണ്ടെങ്കിലും കളിക്കാന്‍ സാധ്യത കുറവാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍