അഫ്ഗാനിസ്താനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും സെലക്ടറുമായിരുന്ന കിരണ്‍ മോറെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ആരു വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണിങ് സ്ഥാനത്തിനായി പോരടിക്കുന്നത്. ഗില്ലല്ല, മറിച്ച് ജയ്‌സ്വാളാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടതെന്നാണ് മോറെയുടെ അഭിപ്രായം.
സ്‌പോര്‍ട്‌സ് 18ന്റെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഓപ്പണിങ് റോളിലേക്കു ജയ്‌സ്വാളിനെ അദ്ദേഹം പിന്തുണച്ചത്. ഓപ്പണറായി ഞാന്‍ തിരഞ്ഞെടുക്കുക യശസ്വി ജയ്‌സ്വാളിനെയായിരിക്കും. വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനാണ് ഇതിനു കാരണം. ജയ്‌സ്വാളിന്റെ പ്രകടനം ഉജ്ജ്വലമാണ്. അവന്‍ ആക്രമണോത്സുകത കാണിക്കുന്നു. ആദ്യ ബോള്‍ മുതല്‍ ഫോറുകളും സിക്‌സറുകളും കൊണ്ട് സംസാരിക്കുകയും ചെയ്യുന്നതായും മോറെ നിരീക്ഷിച്ചു.

ശുഭ്മന്‍ ഗില്‍ തീര്‍ച്ചയായും മികച്ച താരം തന്നെയാണ്. പക്ഷെ ടി20 ഫോര്‍മാറ്റില്‍ ഞാന്‍ ഇടംകൈ- വലംകൈ ഓപ്പണിങ് കോമ്പിനേഷനാണ് മുന്‍തൂക്കം നല്‍കുന്നത്. ഗില്ലിനു പകരം തീര്‍ച്ചയായും ജയസ്വാളിനെയാവും താന്‍ ടീമിലെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയ്‌സ്വാള്‍ 14 ടി20കളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 159.25 സ്‌ട്രൈക്ക് റേറ്റില്‍ 430 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഗില്ലാവട്ടെ 13 ടി20കളില്‍ നിന്നും 145.11 സ്‌ട്രൈക്ക് റേറ്റില്‍ 312 റണ്‍സാണ് നേടിയത്. ജയ്‌സ്വാളും ഗില്ലും ഇതിനകം ഓരോ സെഞ്ച്വറികളും ടി20യില്‍ കുറിച്ചിട്ടുണ്ട്.
ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം റിങ്കു സിങാണെന്നു മോറെ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ അദ്ദേഹം ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
റിങ്കു സിങും തിലക് വര്‍മയും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവണം. തിലക് വളരെ മികച്ച താരമാണ്. 360 ഡിഗ്രി പ്ലെയറായ അവനെപ്പോലെ തന്നെയാണ് റിങ്കുവും ബാറ്റ് ചെയ്യുന്നത്. നമ്മള്‍ ഭാവിയെക്കുറിച്ചു കൂടി അല്‍പ്പം ചിന്തിക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ റിങ്കുവിനെയും തിലകിനെയും കളിപ്പിക്കണമെന്നും കിരണ്‍ മോറെ ആവശ്യപ്പെടുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യയുടെ മൂന്നാമത്തെ പേസറെന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവരാണ് ഈ റോളിലേക്കു പോരടിക്കുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരിക്കും ലോകപ്പിലെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാര്‍.
അര്‍ഷ്ദീപാണ് മൂന്നാമത്തെ പേസറാവേണ്ടതെന്നാണ് മോറെയുടെ അഭിപ്രായം. അര്‍ഷ്ദീപ് നല്ല വൈവിധ്യം കൊണ്ടുവരുന്ന ബൗളറാണ്. അവന്‍ ഇടംകൈയനും അവസാന പരമ്പരയില്‍ വളരെ നന്നായി ബൗള്‍ ചെയ്തിട്ടുമുള്ള താരമാണ്. കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ അര്‍ഷ്ദീപ് പഠിച്ചു കൊണ്ടേയിരിക്കും. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം വ്യത്യസ്തമായ ആംഗിള്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കു സാധിക്കുന്നതായും മോറെ കൂട്ടിച്ചേര്‍ത്തു.
അര്‍ഷ്ദീപ് സിങ് ബോള്‍ ഇന്‍സ്വിങും ഔട്ട്‌സ്വിങും ചെയ്യാന്‍ സാധിക്കുന്ന ബൗളറാണ്. കൂടാതെ യോര്‍ക്കറുകളും ബൗണ്‍സറുകളും നന്നായി എറിയും. ബുംറയും സിറാജും ഇതേ ആംഗിളില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ തന്നെയാണ്. പക്ഷെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ ഒരു ബാറ്ററും ഇഷ്ടപ്പെടില്ലെന്നും മോറെ ചൂണ്ടിക്കാട്ടി.