മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് താരങ്ങളുടെ അഭാവം വലിയ ചര്‍ച്ചയായിരുന്നു. അത് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടേതായിരുന്നു. ഇരുവരേയും എന്തുകൊണ്ടാണ് ഇന്ത്യ പരിഗണിക്കാത്തതെന്ന ചോദ്യം പ്രമുഖരടക്കം ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഇവരെ ഇന്ത്യ ടീമില്‍ നിന്ന് തഴയാനുള്ള കാരണം പുറത്തുവന്നിരിക്കുകയാണ്.
പരിക്കേല്‍ക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്തതല്ലെന്നും പുറത്തിരുത്തിയത് ശിക്ഷാ നടപടിയുടെ ഭാഗമായാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗ്രൗണ്ടില്‍ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടര്‍ന്നാണ് ഇരുവരേയും ടീമിന് പുറത്തിരുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇഷാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് താരം വീട്ടിലേക്ക് മടങ്ങി.
ഇതിന് ശേഷം എംഎസ് ധോണിയടക്കം പങ്കെടുത്ത റിഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ ഇഷാന്‍ പങ്കെടുത്തു. പിന്നീട് ടെലിവിഷന്‍ ക്വിസ് പരിപാടിയിലും പങ്കെടുത്തു. ടീമിന്റെ പരിശീല സെക്ഷനടക്കം മുടക്കി ടീം മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇഷാന്‍ ഇത്തരം വ്യക്തിപരമായ ആഘോഷ പരിപാടികള്‍ക്ക് പോയത്. ഇതോടെ ടീം മാനേജ്‌മെന്റ് ഇഷാനോട് വിശദീകരണം ചോദിക്കുകയും നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സെലക്ടര്‍മാരെയടക്കം കബളിപ്പിച്ച് വ്യക്തിപരമായ ആഘോഷത്തിന് പ്രാധാന്യം നല്‍കിയതിന്റെ ഭാഗമായാണ് ഇഷാനെ ടി20 പരമ്പരയില്‍ നിന്ന് പുറത്തിരുത്തിയതെന്നാണ് വിവരം. ടി20 പരമ്പരയില്‍ ജിതേഷ് ശര്‍മക്കൊപ്പം സഞ്ജു സാംസണിന് അപ്രതീക്ഷിത വിളിയെത്തുകയായിരുന്നു. സഞ്ജുവിന്റെ ടി20യിലെ കണക്കുകള്‍ വളരെ മോശമാണ്. അതുകൊണ്ടുതന്നെ ഇഷാനെ തഴഞ്ഞ് സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയും വളരെ കുറവായിരുന്നു.

എന്നാല്‍ ഇത്തരമൊരു നീക്കം ടീം മാനേജ്‌മെന്റ് നടത്തിയത് ഇഷാനെതിരേ നടപടി സ്വീകരിക്കുന്നതിനായാണ്. ടി20 ലോകകപ്പില്‍ നിന്നും ഇഷാനെ മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേ സമയം ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്താന്‍ രണ്ട് കാരണങ്ങളാണുള്ളത്. ഗ്രൗണ്ടില്‍ പരിശീലന സമയത്ത് വൈകി എത്തിയതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം താരത്തിന്റെ ഷോട്ട് സെലക്ഷനിലെ പ്രശ്‌നമാണ്. ടി20 കളിക്കാന്‍ കെല്‍പ്പുള്ള താരമായി ശ്രേയസിനെ സെലക്ടര്‍മാര്‍ കാണുന്നില്ല.
മധ്യനിരയില്‍ തിലക് വര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടിന് പ്രാധാന്യം നല്‍കാനാണ് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ശ്രേയസ് ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല. 12ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലെ മുംബൈയുടെ രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കുമെന്നാണ് വിവരം. ടി20 ലോകകപ്പിലേക്കും ഇന്ത്യ ശ്രേയസിനെ പരിഗണിച്ചേക്കില്ല. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പരയാണ് അഫ്ഗാനെതിരേ നടക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതില്‍ നിന്ന് ശ്രേയസിനേയും ഇഷാനേയും മാറ്റിനിര്‍ത്തിയതോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യതകളും മങ്ങിയിരിക്കുകയാണ്. ഇതോടെ ഇഷാന് പകരം സഞ്ജുവിന് സ്ഥാനം പിടിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അഫ്ഗാന്‍ പരമ്പരയിലും ഐപിഎല്ലിലും തിളങ്ങിയാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചേക്കും.
അഫ്ഗാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍