ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഈ മാസം 11ന് തുടക്കമാവുകയാണ്. പരമ്പരയ്ക്കുള്ള ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനിടെ പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആരു വേണമെന്നതിന്റെ പോള്‍ സംഘടിപ്പിച്ചപ്പോള്‍ സര്‍പ്രൈസ് ഫലമാണ് വന്നിരിക്കുന്നത്. പരമ്പരയുടെ തല്‍സമയ സംപ്രേക്ഷണാവകാശം നേടിയെടുത്ത ജിയോ സിനിമയാണ് വിക്കറ്റ് കീപ്പറെക്കുറിച്ച് ആരാധകരില്‍ നിന്നും അഭിപ്രായം തേടിയത്.
ഇഷാന്‍ കിഷന്‍, മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ ഈ മൂന്നു ഓപ്ഷനുകളാണ് ആരാധകര്‍ക്കു ജിയോ സിനിമ നല്‍കിയത്. നിലവില്‍ ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാനും ജിതേഷുമാണ്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ഇവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടായിരുന്നത്. കൂടുതല്‍ മല്‍സരങ്ങളില്‍ വിക്കറ്റ് കാത്തത് ജിതേഷുമായിരുന്നു.

സഞ്ജുവാകട്ടെ ഇപ്പോള്‍ ടി20 പ്ലാനിന്റെ ഭാഗമല്ല. തനിക്കു ലഭിച്ച അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇതോടെയാണ് സഞ്ജുവിനെ പിന്തള്ളി ജിതേഷ് ടി20 ടീമിലേക്കു വന്നത്. അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. പക്ഷെ ജിയോ സിനിമയുടെ പോളില്‍ ഇഷാനും ജിതേഷുമല്ല മറിച്ച് സഞ്ജു വിക്കറ്റ് കീപ്പറാവണമെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തന്നെ മതി. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറാവട്ടെയെന്നായിരുന്നു ഒരു പ്രതികരണം. സഞ്ജു സാംസണിനെ വില കുറച്ചു കാണുന്നതാണ് ഈ ചോദ്യമെന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്.
സഞ്ജു സാംസണ്‍ തന്നെ ടി20യില്‍ വിക്കറ്റ് കീപ്പറാവണം, മൂന്നാം നമ്പറില്‍ അദ്ദേഹത്തെ തന്നെ കളിപ്പിക്കുകയും വേണമെന്നും ഒരു ആരാധകന്‍ ആവശ്യപ്പെട്ടു. പോളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി വേണമെന്നു ആവശ്യപ്പെട്ടത്. ജിതേഷ് ശര്‍മയെ ആവട്ടെ പോളില്‍ ആരും തന്നെ അനുകൂലിച്ചതുമല്ല.

ഇന്ത്യക്കു വേണ്ടി ടി20യില്‍ അവസാനമായി സഞ്ജു കളിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്. ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി രണ്ടാംനിര ടീമിനെ അയര്‍ലാന്‍ഡ് പര്യടനത്തിനു ഇന്ത്യ അയച്ചപ്പോള്‍ വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു. പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും പിന്നീടൊരിക്കലും അദ്ദേഹം ടി20 ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സസരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കളുടെ പരമ്പര, സൗത്താഫ്രിക്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പര എന്നിവയിലും അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചില്ല.
ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ഇഷാന്‍, ജിതേഷ് എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഇന്ത്യ പരിഗണിക്കുന്നത്. ഫിനിഷിങ് മികവാണ് ജിതേഷിനു മുതല്‍ക്കൂട്ടാവുന്നത്. ഇതുവരെ കളിച്ച ടി20കളില്‍ മോശമല്ലാത്ത ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു.
എന്നാല്‍ അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ നിന്നും തഴയപ്പെട്ടാലും സഞ്ജുവിന്റെ വഴി പൂര്‍ണമായി അടയില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറിയാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും. കാരണം ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാണ് ലോകകപ്പ് സ്ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്നത്