
മികച്ച ബൗളര്‍മാരുടെ നീണ്ട നിര ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ കൂടുതല്‍ സജീവമാക്കുകയാണ്. 2020ന് ശേഷം ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരിലെ ടോപ് ഫോര്‍ ആരൊക്കെയാണെന്ന് നോക്കാം. ശര്‍ദുല്‍ ഠാക്കൂറാണ് ഈ പട്ടികയില്‍ തലപ്പത്ത്. 20 വിക്കറ്റാണ് ശര്‍ദുല്‍ ഠാക്കൂര്‍ സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ഇക്കാലയളവില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചത്. കൊറോണയെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും റദ്ദാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് ശര്‍ദുല്‍ ഠാക്കൂറിന്റെ ബൗളിങ് മികവാണ്. തന്റെ മൂന്നാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കാന്‍ ശര്‍ദുലിന് സാധിച്ചു. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാനെയും പുറത്താക്കി. നന്നായി സ്ലോ ബോള്‍ എറിയാന്‍ സാധിക്കുന്ന ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള താരമാണ്.

രണ്ടാം സ്ഥാനത്ത് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. 10 വിക്കറ്റാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് മത്സരത്തിലും ചഹാല്‍ ടീമിലുണ്ടായിരുന്നെങ്കിലും നാലാം മത്സരത്തില്‍ താരത്തെ ടീമിന് പുറത്താക്കി. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ചഹാല്‍ ഇടം പിടിക്കാന്‍ ഇത്തവണത്തെ ഐപിഎല്ലിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് ചഹാല്‍.

മൂന്നാം സ്ഥാനത്ത് വാഷിങ്ടണ്‍ സുന്ദറാണ്. സുന്ദറും 10 വിക്കറ്റാണ് വീഴ്ത്തിയത്. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദറിനെ പവര്‍പ്ലേയില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന താരമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സുന്ദറിന് സാധിച്ചിട്ടില്ല. നാലാം ടി20യില്‍ 52 റണ്‍സാണ് സുന്ദര്‍ വിട്ടുകൊടുത്തത്. ടി20 ലോകകപ്പില്‍ പ്ലേയിങ് 11വനില്‍ സുന്ദര്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതോടെ സുന്ദറിന് പുറത്തുപോകേണ്ടി വരും.

മൂന്ന് പേസ് ബൗളറെയും ഒരു സ്പിന്നറെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഇന്ത്യയിലെ പിച്ച് സ്പിന്നിന് അനുകൂലമാണെന്നത് സ്പിന്‍ ബൗളര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കുല്‍ദീപ് യാദവ്, ചഹാല്‍, രാഹുല്‍ ചഹര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തെവാത്തിയ, സുന്ദര്‍ എന്നിവര്‍ തമ്മിലാവും ടീമില്‍ ഇടം പിടിക്കുന്നതിനായി സ്പിന്‍ നിരയില്‍ പ്രധാനമായും മത്സരിക്കുക. ഈ വര്‍ഷത്തെ ഐപിഎല്‍ താരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്.


Click it and Unblock the Notifications