IND-SL: ടി20 ലോകകപ്പ് കളിക്കാന്‍ ചഹാലിനെക്കാള്‍ സാധ്യത രാഹുല്‍ ചഹാറിന്- ദീപ് ദാസ്ഗുപ്ത
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം കാത്ത് നിരവധി യുവതാരങ്ങളാണുള്ളത്. ഇത്തവണ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ശിഖര്‍ ധവാന്‍,ഭുവനേശ്വര്‍ കുമാര്‍,കുല്‍ദീപ് യാദവ്,യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയവര്‍ക്കെല്ലാം ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്.
ഇതില്‍ സ്പിന്‍ നിരയില്‍ ആര്‍ക്കൊക്കെ ഇടം നല്‍കണമെന്നത് സെലക്ടര്‍മാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ യുസ്‌വേന്ദ്ര ചഹാലിനെയാണ് സമീപകാലത്തായി മുഖ്യ സ്പിന്നറായി പരിഗണിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ചഹാലിന് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുക പ്രയാസമാണ്. ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്പിന്നര്‍ രാഹുല്‍ ചഹാറാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

'നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അവന് ഇടം പിടിക്കുക പ്രയാസമാണ്. സത്യസന്ധമായി പറഞ്ഞാല്‍ യുസ് വേന്ദ്ര ചഹാലിനെക്കാള്‍ സാധ്യതയുള്ളത് രാഹുല്‍ ചഹാറിനാണ്. ശ്രീലങ്കന്‍ പരമ്പരയും ഐപിഎല്ലിന്റെ രണ്ടാം പാദവും ഇതില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും. കുല്‍ദീപ് യാദവിന്റെ കാര്യവും മറിച്ചല്ല. ഒരു വര്‍ഷത്തോളമായി മുഖ്യ ബൗളറെന്ന നിലയില്‍ അവന് പരിഗണന ലഭിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കുല്‍ദീപിന് ലോകകപ്പില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ മാറി മറിയുമെന്ന് കണ്ടറിയണം'ദീപ് ദാസ് ഗുപ്ത പറഞ്ഞു.
കുല്‍ദീപ്-ചഹാല്‍ സ്പിന്‍ കൂട്ടുകെട്ടിന് മൂര്‍ച്ച നഷ്ടമായിട്ട് നാളുകളേറെയായി. അതിനാല്‍ത്തന്നെ ഇന്ത്യക്ക് പുതിയ സ്പിന്‍ കൂട്ടുകെട്ട് കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ വരുണ്‍ ചക്രവര്‍ത്തി-രാഹുല്‍ ചഹാര്‍ കൂട്ടുകെട്ടാണ് ഏറ്റവും തിളങ്ങി നില്‍ക്കുന്നത്. കുല്‍ദീപും ചഹാലും ശ്രീലങ്കന്‍ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്താതിരുന്നാല്‍ രാഹുലും വരുണും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത കൂടുതല്‍.
ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും അവസരം നല്‍കണമെന്നും ദീപ് പറഞ്ഞു. ' സഞ്ജുവും ഇഷാനും ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്ന പ്രതിഭാശാലികളായ താരങ്ങളാണ്. അതിനാല്‍ത്തന്നെ ആറ് മത്സരങ്ങളിലും ഇരുവര്‍ക്കും അവസരം ലഭിക്കേണ്ടതായുണ്ട്'-ദീപ് പറഞ്ഞു. യുഎഇ വേദിയാവുന്ന ടി20 ലോകകപ്പ് വിരാട് കോലിക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications