സിഡ്‌നി: ഏകദിന പരമ്പര തോറ്റതിന് ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയയോട് ഇന്ത്യ മറുപടി പറഞ്ഞിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നതാണ് ഓസീസ് മണ്ണില്‍ പരമ്പര നേട്ടത്തിന് സഹായിച്ചത്. ശിഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. ഇപ്പോഴിതാ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ എന്തായിരുന്നു പദ്ധതി എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിഖര്‍ ധവാന്‍.
ആദ്യ ഓവറുകളില്‍ പരമാവധി റണ്‍സടിച്ച് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു പദ്ധതിയെന്നാണ് ധവാന്‍ പറഞ്ഞത്. 'പോസിറ്റീവായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ആദ്യ ഓവറുകളില്‍ പിച്ചില്‍ പന്ത് എക്‌സ്ട്രാ ബൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു. മികച്ച പിച്ചായിരുന്നു. ആദ്യ ഓവറുകളില്‍ 8-9 റണ്‍സ് നേടാനെ കഴിഞ്ഞുള്ളുവെങ്കിലും ഞങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് കളിച്ചതോടെ റണ്‍സ് ഉയര്‍ന്നു. ഓപ്പണറെന്ന നിലയില്‍ പ്രതിരോധിച്ച് കളിക്കുക എന്നതായിരുന്നില്ല പദ്ധതി. പന്ത് സ്വിങ് ചെയ്താലും ഇല്ലെങ്കിലും ആധിപത്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാനുള്ള പദ്ധതി വിജയിക്കുകയും ചെയ്തു'-ധവാന്‍ പറഞ്ഞു.

ഏകദിന പരമ്പരയിലും ആദ്യ ടി20യിലും ധവാന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇത് ആത്മവിശ്വാസത്തെ കുറച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'അവസാന കുറച്ച് മത്സരങ്ങളിലായി റണ്‍സ് വന്നിരുന്നില്ല. എന്നാല്‍ ആത്മവിശ്വാസം കുറഞ്ഞിരുന്നില്ല. എപ്പോഴും എന്നോട് തന്നെ പോസിറ്റീവായി ഞാന്‍ സംസാരിക്കും. എന്റെ കരുത്തിനെ എനിക്ക് കൃത്യമായി അറിയാം. പദ്ധതികള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനായി. 195 എന്ന റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് മനോഹരമായ കാര്യമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരേ. മികച്ച അനുഭവമാണത്. ഓരോ താരങ്ങളും അവരുടെ റോള്‍ ഭംഗിയായി ചെയ്തു'-ശിഖര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ശിഖര്‍ ധവാന്‍ (52),ഹര്‍ദിക് പാണ്ഡ്യ (42*),വിരാട് കോലി (40)കെ എല്‍ രാഹുല്‍ (30) എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. രണ്ട് വിക്കറ്റുമായി ബൗളിങ്ങില്‍ ടി നടരാജനും തിളങ്ങി.