ഇഷാന് ടി20 മാത്രമല്ല ടെസ്റ്റും വഴങ്ങും, സെഞ്ച്വറിക്കരികെ വീണു- വിഹാരിക്കു ഫിഫ്റ്റി
ബ്ലുംഫൊണ്ടെയ്ന്‍: ടി20 മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വെടിക്കെട്ട് ബാറ്റര്‍ ഇഷാന്‍ കിഷന്‍. സൗത്താഫ്രിക്ക എ ടീമിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് താരം ഉജ്ജ്വല ബാറ്റിങ് കാഴ്‌വച്ചത്. ഇഷാനെക്കൂടാതെ നായകന്‍ ഹനുമാ വിഹാരിയും ടീമിനു വേണ്ടി ഫിഫ്റ്റിയുമായി തിളങ്ങി. ഇതോടെ മല്‍സരത്തിലേക്കു തിരിച്ചുവരാനും ഇന്ത്യന്‍ ടീമിനു സാധിച്ചു.
സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 268 റണ്‍സിനു മറുപടിയില്‍മൂന്നാംദിനം ഒടുലില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒമ്പതു വിക്കറ്റിനു 243 റണ്‍സെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ബാക്കിനില്‍ക്കെ സൗത്താഫ്രിക്കന്‍ എ ടീമിനൊപ്പമെത്താന്‍ ഇന്ത്യക്കു 25 റണ്‍സ് കൂടി വേണം. ഇഷാന്‍ (91), വിഹാരി (63) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു രക്ഷയായത്.

ഇഷാന്‍ മിന്നിച്ചു
ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇഷാന്‍ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കുകയും ചെയ്തു. സ്ഥിരം ശൈലിയില്‍ അഗ്രസീവായി ബാറ്റ് ചെയ്ത ഇഷാന് പക്ഷെ ഒരു റണ്‍സകലെ ഫിഫ്റ്റി നഷ്ടമാവുകയായിരുന്നു. 71 ബോളില്‍ ഒമ്പതു ബൗണ്ടറികളടക്കം 49 റണ്‍സായിരുന്നു താരം നേടിയത്. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ഇഷാന് പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
ഇപ്പോള്‍ മൂന്നാം ടെസ്റ്റിലും ഇഷാന്‍ ബാറ്റിങില്‍ ഫോം ആവര്‍ത്തിച്ചിരിക്കുകയാണ്. 153 ബോളുകള്‍ നേരിട്ട താരം 12 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. അര്‍ഹിച്ച സെഞ്ച്വറി പക്ഷെ ഒമ്പത് റണ്‍സ് മാത്രമകലെ ഇഷാനു കൈവിടേണ്ടി വരികയായിരുന്നു. വിരാട് കോലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തനിക്കു സ്ഥാനത്തിനു അര്‍ഹതയുണ്ടെന്നു തെളിയിക്കുന്നതാണ് താരത്തിന്റെ പ്രകടനം.

പൊരുതിയത് ഇഷാനും വിഹാരിയും മാത്രം
മൂന്നാം ടെസ്റ്റില്‍ സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ 268 റണ്‍സിലൊതുക്കിയപ്പോള്‍ ഭേദപ്പെട്ട ലീഡ് നേടാന്‍ ഇന്ത്യക്കു സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സൗത്താഫ്രിക്കയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യയും പതറി.
ഇഷാനും നായകന്‍ വിഹാരിയുമൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. വിഹാരി 63 റണ്‍സ് നേടി. 170 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ഇന്നിങ്‌സിലാണ് വിഹാരി ഫിഫ്റ്റിയടിച്ചത്. രണ്ടാം ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം അര്‍ധസെഞ്ച്വറി നേടിയിരുന്നു.
പൃഥ്വി ഷാ (5), ദേവ്ദത്ത് പടിക്കല്‍ (8), അഭിമന്യു ഈശ്വരന്‍ (28), സര്‍ഫറാസ് ഖാന്‍ (14), ദീപക് ചാഹര്‍ (10), കെ ഗൗതം (5), സൗരഭ് കുമാര്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഒരു ഘട്ടത്തില്‍ നാലിനു 92 റണ്‍സെമന്ന നിലയില്‍ പതറിയ ഇന്ത്യ 200 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വിഹാരി- ഇഷാന്‍ സഖ്യം ചേര്‍ന്നെടുത്ത 115 റണ്‍സാണ് ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നത്.

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് പേസര്‍മാര്‍
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പീറ്റര്‍ മലാന്‍ നയിച്ച സൗത്താഫ്രിക്കന്‍ ടീമിനെ ഇന്ത്യന്‍ പേസര്‍മാരാണ് 300ല്‍ താഴെ റണ്‍സില്‍ എറിഞ്ഞിട്ടത്. പേസ് ജോടികളായ ദീപക് ചാഹറും നവദീപ് സെയ്‌നിയുമാണ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ചാഹര്‍ 45 റണ്‍സിനു നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ സെയ്‌നി 51 റണ്‍സിനു മൂന്നു വിക്കറ്റുകളും വീഴ്ത്തി. സൗരഭ് കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.
സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടു പേര്‍ ഫിഫ്റ്റികളടിച്ചു. 75 റണ്‍സെടുത്ത ഓപ്പണര്‍ സറെല്‍ എര്‍വിയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. 180 ബോളില്‍ അദ്ദേഹം എട്ടു ബൗണ്ടറികള്‍ നേടി. ടോണി ഡി സോര്‍സി (58), ഖായ സോന്‍ഡോ (56) എന്നിവരാണ് സൗത്താഫ്രിക്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റ് രണ്ടു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications