മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസം ജാഫറുടെ അനന്തിരവനാണ് അര്‍മാന്‍ ജാഫര്‍. ബാറ്റിംഗ് എന്നത് രക്തത്തില്‍ തന്നെയുള്ള അര്‍മാന് അമ്മാവന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടേണ്ട കാര്യമൊന്നുമില്ല. ബാറ്റ് കൊണ്ട് അത്രയ്ക്കും ആധികാരികമായ പ്രകടനമാണ് അര്‍മാന്‍ ജാഫര്‍ എന്ന 17 കാരന്‍ കാഴ്ചവെക്കുന്നത്. യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിംഗ്, വിരാട് കോലി എന്നിവര്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ താരമാകാനാണ് അര്‍മാന്‍ ജാഫറിന്റെയും ഒരുക്കം.
സച്ചിന്‍ തെണ്ടുല്‍ക്കറാണ് അര്‍മാന്‍ ജാഫറിന്റെ ഇഷ്ടതാരം. പിന്നെ എ ബി ഡിവില്ലിയേഴ്‌സ്. ഏത് സാഹചര്യത്തിലും തന്റേതായ ഷോട്ടുകള്‍ കണ്ടെത്തി കളിക്കാനുള്ള കഴിവാണ് എ ബി ഡിവില്ലിയേഴ്‌സിനെ തന്റെ ഇഷ്ടതാരമാക്കിയതെന്ന് അര്‍മാന്‍ പറയുന്നു. ക്രിക്കറ്റിന് പുറമേ ഫുട്‌ബോളും സംഗീതവും ഇഷ്ടം. കാറുകളും ഇഷ്ടം തന്നെ. സ്മാര്‍ട്ട് ഫോണുമായി വലിയ താല്‍പര്യമില്ല. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ നോക്കിയിരുന്ന് സമയം കളയുന്ന പരിപാടി യുവതാരത്തിന് തീരെയില്ല.

ലോകകപ്പിന് വിളി വരും എന്ന കാര്യം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര കപ്പില്‍ സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടായിരുന്നു. 2000. 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജയിച്ചിരുന്നു. നാലാം ജയമാണ് അര്‍മാന്റെയും ലക്ഷ്യം. അമ്മാവനാണെങ്കിലും വസിം ജാഫറുമായി ക്രിക്കറ്റ് കാര്യങ്ങള്‍ സംസാരിക്കാറില്ല എന്നാണ് അര്‍മാന്‍ പറയുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് അമ്മാവനെ കാണുന്നത്. കണ്ടാല്‍ത്തന്നെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കില്ല.