മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരാധിപത്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ടീമിന്റെ പരിശീലകനെക്കാളും സ്വാധീനം സൂപ്പര്‍ താരങ്ങള്‍ക്കുണ്ടാവും. ചില പരിശീലകര്‍ ഇത് ചോദ്യം ചെയ്തപ്പോഴെല്ലാം വലിയ വിവാദങ്ങളും സംഭവിച്ചിട്ടുണ്ട്. അനില്‍ കുംബ്ലെ പരിശീലകനായിരുന്നപ്പോള്‍ ടീമിലെ താരാധിപത്യത്തിനെതിരേ ശബ്ദിച്ചതാണ് പുറത്താക്കലിന് കാരണമായത്. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീറും ശ്രമിക്കുന്നത് ഇന്ത്യന്‍ ടീമിലെ താരാധിപത്യം അവസാനിപ്പിക്കാനാണ്.
ഇപ്പോള്‍ ബിസിസി ഐയോടൊപ്പം ചേര്‍ന്ന് നിയമങ്ങള്‍ കടുപ്പിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നതിലും ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലുമെല്ലാം ബിസിസി ഐ നിലപാട് കടുപ്പിക്കുകയാണ്. താരങ്ങളോടൊപ്പം കുടുംബം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കുന്നതിലടക്കം ഇപ്പോള്‍ നിയന്ത്രണമുണ്ട്. വലിയ മാറങ്ങള്‍ക്കുള്ള ശ്രമം ബിസിസിഐയും ഗൗതം ഗംഭീറും ചേര്‍ന്ന് നടത്തവെ പഴയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍.
നേരത്തെ മുതല്‍ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രത്യേക പരിഗണനയുണ്ടെന്നും വിരാട് കോലിയുടെ കാര്യമല്ലെ ഉദ്ദേശിച്ചതെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്. പഴയ സംഭവങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഇര്‍ഫാന്റെ വിമര്‍ശനം.
സൂപ്പര്‍ താരങ്ങള്‍ക്ക് പ്രത്യേക ഹോട്ടല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്കും മറ്റ് താരങ്ങള്‍ക്കും വ്യത്യസ്ത ഹോട്ടല്‍ റൂമുകളായിരുന്നു ഉണ്ടായിരുന്നതെന്നും തുല്യത ഇല്ലായിരുന്നുവെന്നുമാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്. 'നേരത്തെ മുതല്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ഒരു ഹോട്ടലിലും മറ്റ് താരങ്ങളെല്ലാം ഒരു ഹോട്ടലിലുമാണ് താമസിച്ചിരുന്നത്. ഇത്തരമൊരു രീതി ആരാണ് അനുവദിച്ചിരുന്നത്. വിരാട് കോലിയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്' എന്നാണ് എക്‌സില്‍ ഇര്‍ഫാന്‍ കുറിച്ചത്.
ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ വിരാട് കോലിക്കാണ് നിലവില്‍ ഇത്തരത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത്. കോലിക്കൊപ്പം വിദേശ പര്യടനങ്ങളില്‍ ഭാര്യ അനുഷ്‌ക ശര്‍മയും മക്കളുമുണ്ടാവും. ഇവര്‍ പ്രത്യേക ഹോട്ടലിലാണ് താമസിക്കുക. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയും ഒട്ടുമിക്ക വിദേശ പര്യടനങ്ങളിലും ഭാര്യയോടൊപ്പം സ്വകാര്യ ഹോട്ടലിലാവും ഉണ്ടാവുക. ഇത് ടീമിലെ കൂട്ടായ്മയെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം. ഈ സൗകര്യങ്ങള്‍ നിര്‍ത്തലാക്കാനാണ് ഗംഭീറിന്റെ തീരുമാനം.
ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം
ബിസിസി ഐയുടെ കരാറുള്ള താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നതാണ് ഇപ്പോള്‍ നിര്‍ദേശം എത്തിയിരിക്കുന്നത്. നേരത്തെ കരാറുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയെടുത്ത് വിശ്രമിക്കുന്നതിനാണ് കൂടുതല്‍ താരങ്ങളും താല്‍പര്യം കാട്ടിയിരുന്നത്. എന്നാല്‍ ഈ രീതി നടക്കില്ലെന്നാണ് ബിസിസി ഐ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

ടീം തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങളെന്ന നിലയിലുള്ള പരിഗണന ലഭിക്കില്ല. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തിയാവും ഇനിമുതല്‍ ടീം തിരഞ്ഞെടുപ്പ് ഉണ്ടാവുക. കൂടാതെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഐപിഎല്ലില്‍ നിന്നും വിലക്കും. ഈ നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിതരാവും. ഈ നിയമം ഇന്ത്യയുടെ സീനിയര്‍ താരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
ഭാര്യമാരെ ഒപ്പം കൂട്ടാനാവില്ല
ഇനി മുതല്‍ ഭാര്യമായ വിദേശ പര്യടനങ്ങളെ ഒപ്പം കൂട്ടാനാവില്ല. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമുണ്ടാവും. നേരത്തെയും ബിസിസി ഐ ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വരുത്തി. ഇത്തവണയും ഇത്തരമൊരു വിട്ടുവീഴ്ച വരുത്താന്‍ ബിസിസി ഐ നിര്‍ബന്ധിതരാവുമെന്നുറപ്പാണ്.
ഒരു മാസത്തിലേറെ കുടുംബത്തെ പിരിഞ്ഞുനില്‍ക്കാന്‍ പല സൂപ്പര്‍ താരങ്ങളും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ താരങ്ങളുടെ വഴിയേ ബിസിസി ഐക്ക് വരേണ്ടി വരും. പരിശീലകന്‍ ഗൗതം ഗംഭീര്‍ വാശി കാട്ടുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.