ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2011ന് ശേഷം ഏകദിന ലോകകപ്പ് ഇന്ത്യയിലേക്ക് വിരുന്നെത്തുന്നത് ഇതാദ്യമായാണ്. 2011ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പുയര്‍ത്തിയിരുന്നു. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ വിശ്വകിരീട പോരാട്ടത്തിനൊരുങ്ങുന്നത്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല.
സമീപകാലത്ത് കളിച്ച പ്രധാന ടൂര്‍ണമെന്റുകളെല്ലാം ഇന്ത്യ കൈവിട്ടു. അതുകൊണ്ടുതന്നെ തട്ടകത്തിലെ ഏകദിന ലോകകപ്പ് നഷ്ടപ്പെടുത്തിയാല്‍ അത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പ് മുന്നില്‍ക്കണ്ട് ശക്തമായ മുന്നൊരുക്കമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും പല പ്രശ്‌നങ്ങളും ഇന്ത്യയെ വേട്ടയാടുകയാണ്. ഇപ്പോഴിതാ വിരാട് കോലിയെ വീണ്ടും നായകസ്ഥാനത്തേക്കെത്തിച്ചാല്‍ ഇന്ത്യ കപ്പടിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകന്‍ റഷീദ് ലത്തീഫ്.
'വിരാട് കോലിയെ നായകനായി തുടരാന്‍ അനുവദിക്കുകയായിരുന്നു എങ്കില്‍ ഈ സമയത്തിനുള്ളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം തയ്യാറാവുമായിരുന്നു. കപ്പടിക്കാനുള്ള സാധ്യതയും ഉയരും. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തി. മധ്യ നിരയിലും ലോവര്‍ ഓഡറിലുമെല്ലാം പല പരീക്ഷണങ്ങളും നടത്തി. താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ല. അതിന് മുമ്പ് അവരുടെ സീറ്റ് നഷ്ടമാകുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം മടങ്ങിവരുന്നവരാണ്.
അവരില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുന്നത് ഇന്ത്യയെ സഹായിച്ചേക്കില്ല'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ ലത്തീഫ് പറഞ്ഞു. 2021ലെ ടി20 ലോകകപ്പിന് പിന്നാലെയാണ് കോലി ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറിയത്. ടി20 നായകസ്ഥാനം മാത്രം ഒഴിയാനാണ് കോലി ആഗ്രഹിച്ചത്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി. പിന്നീട് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും കോലി ഒഴിഞ്ഞു.

എംഎസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ നാള്‍ നയിക്കാന്‍ കോലിക്കായി. എന്നാല്‍ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ അതുല്യ നേട്ടങ്ങളിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഈ മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. കോലിയെ പുറത്താക്കി രോഹിത്തിനെ നായകനാക്കിയപ്പോഴും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
2022ലെ ടി20 ലോകകപ്പും അവസാന ഏഷ്യാ കപ്പുമെല്ലാം ഇന്ത്യ തോറ്റു. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്മാരാക്കിയ നായകനാണ്. എന്നാല്‍ ഇതേ മികവ് ഇന്ത്യയുടെ ക്യാപ്റ്റനായപ്പോള്‍ കാണാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തവണത്തെ ഏകദിന ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിരാശപ്പെടുത്തിയാല്‍ ടീമിലെ സീറ്റ് തെറിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയാണ് ലോകകപ്പിന്റെ ആതിഥേയരെന്നതിനാല്‍ ഏഷ്യന്‍ ടീമുകള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതായുണ്ടെന്നും റഷീദ് ലത്തീഫ് മുന്നറിയിപ്പ് നല്‍കുന്നു. 'ഏകദിന ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍ പ്രയാസപ്പെടുന്നത് മധ്യ ഓവറുകളിലായിരിക്കും. ഏകദിനത്തില്‍ വേഗത്തില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ഏഷ്യന്‍ ടീമുകള്‍ ബുദ്ധിമുട്ടും. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളെല്ലാം ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്.
സ്പിന്നര്‍മാര്‍ക്കെതിരേ റിവേഴ്‌സ് സ്വീപ്പും സ്വിച്ച് ഷോട്ടുമെല്ലാം കളിക്കാന്‍ മിടുക്കന്മാരാണ് ഇവര്‍. എന്നാല്‍ ഏഷ്യന്‍ ടീമുകളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈ മികവില്ല. ഏഷ്യയിലാണ് ലോകകപ്പ് എന്നത് ഏഷ്യന്‍ ടീമുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് പറയാനാവില്ല. മികച്ച താരനിരയാണ് ഇത്തവണ വിദേശ ടീമുകള്‍ക്കുള്ളത്'- ലത്തീഫ് കൂട്ടിച്ചേര്‍ത്തു.