Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ശ്രീലങ്കയില്‍? ഐപിഎല്ലിന് പിന്നാലെ മറ്റൊരു പരമ്പരയും പുറത്തേക്ക്

കൊളംബോ: ഐപിഎല്ലിനു പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന മറ്റൊരു പരമ്പര കൂടി വിമാനം കയറിയേക്കും. കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമായില്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമാണ് വിദേശത്തേക്കു മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വേദിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക രംഗത്തു വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

1

അഞ്ചു ടെസ്റ്റ് മല്‍സങ്ങളാണ് 2021ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പര കൂടിയാണിത്. ജനുവരിയില്‍ ഇംഗ്ലണ്ട് ശ്രീലങ്കയില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നുണ്ട്. ഇത് സമാപിച്ചാലും ഇംഗ്ലണ്ട് ഇവിടെ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര കളിക്കാനായി തുടര്‍ന്ന് ഇവിടേക്കു വരുമെന്നും 'ദി ഐലന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരുന്ന ഇംഗ്ലണ്ടിന്റെ ലങ്കന്‍ പര്യടനമാണ് കൊവിഡ് കാരണം അടുത്ത ജനുവരിയിലേക്കു നീട്ടിവച്ചത്. ടെസ്റ്റ് പപമ്പരയ്ക്കായി ലങ്കയിലെത്തി ഇംഗ്ലണ്ട് ടീം ഇവിടെ രണ്ടാഴ്ചയോളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായതോടെ വാംഅപ്പ് മല്‍സരത്തിന്റെ പാതിവഴിയില്‍ വച്ച് ഇംഗ്ലണ്ട് ടീം നാട്ടിലേക്കു തിരിച്ചുപോവുകയായിരുന്നു.

അടുത്ത മാസം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നിശ്ചിത ഓവര്‍ പരമ്പര കളിക്കാന്‍ എത്തേണ്ടതായിരുന്നു. ഇതും മാറ്റിവയ്ക്കപ്പെട്ടിരുന്നു. നിലവില്‍ മാര്‍ച്ചില്‍ നടക്കാനിരുന്ന ഐപിഎല്ലാണ് അടുത്ത മാസം യുഎഇയില്‍ ആരംഭിക്കാന്‍ പോവുന്നത്. നവംബറിലാണ് ഐപിഎല്‍ അവസാനിക്കുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ ടീം യുഎഇയില്‍ നിന്നും നേരിട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി യാത്ര തിരിക്കും. ഡിസംബര്‍ ആദ്യ വാരമാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്.

അതേസമയം, അടുത്ത വര്‍ഷത്തെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ശ്രീലങ്കയിലേക്കു മാറ്റുന്നതിനെക്കുറിച്ചോ, വേദിയാവാന്‍ ലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ചോ ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലങ്കയില്‍ കൊവിഡ് സാഹചര്യം കുറേക്കൂടി മെച്ചപ്പെട്ടു കഴിഞ്ഞു. ഈയാഴ്ച ലങ്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, August 15, 2020, 15:44 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+