ബ്രിസ്ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനു മുമ്പ് ഇരുടീമിലെയും കളിക്കാര്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയെക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. മൃഗശാലയിലെ മൃഗങ്ങളപ്പോലെ തങ്ങളെ കാണരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഏഴു മുതല്‍ സിഡഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ 20,000ത്തോളം കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെയിരിക്കെ തങ്ങളോടു വീണ്ടും ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടത് ഇന്ത്യന്‍ ടീമിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

ആരാധകര്‍ക്കു സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഗ്രൗണ്ടില്‍ പെര്‍ഫോം ചെയ്യുന്നവരോടു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയാനും ആവശ്യപ്പെടുകയാണ്. ഇതു പരസ്പര വിരുദ്ധമായ കാര്യമാണണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കൊവിഡ് ടെസ്റ്റില്‍ ഞങ്ങളുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞിട്ടും ഇതില്‍ മാറ്റമില്ലെന്നതാണ് എടുത്തുപറയേണ്ടത്. മൃഗശാലയിലെ മൃഗങ്ങളെപ്പോലെ തങ്ങളെ കാണരുതെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തുറന്നടിച്ചു.
രാജ്യത്തിലെ ഓരോ ഓസ്‌ട്രേലിയന്‍ പൗരനും പാലിക്കേണ്ട അതേ നിയമം തന്നെ പിന്തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതു പര്യടനത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നതുമാണ്. കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളോടു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയണമെന്നാവശ്യപ്പെടുന്നതില്‍ അര്‍ഥമുണ്ടായിരുന്നുവെന്നും ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ബ്രിസ്ബണിലെ ഹോട്ടലില്‍ താമസിക്കുന്ന ഫ്‌ളോറില്‍ നിന്നും പുറത്തു പോവാന്‍ അനുവാദമുണ്ടാവില്ലെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ സംഘം കഴിഞ്ഞയാഴ്ച തങ്ങളെ അറിയിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ടീം മാനേജ്‌മെന്റിലെ മുതിര്‍ന്നയാള്‍ അവരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ കേട്ട അവസാനത്തെ കാര്യമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പര്യടനത്തില്‍ അതും ഇങ്ങനെയൊരു സമയത്തു ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിയണമെന്ന നിബന്ധനയോടു ഞങ്ങള്‍ യോജിക്കുന്നില്ല. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. റെഡ് സോണുകള്‍, ഹോട്ട് സ്‌പോട്ടുകള്‍ എന്നിവ ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണത്തിനായി പുറത്തു പോവുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മടിയില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ടീമുകള്‍ ബ്രിസ്ബണിലെ ഹോട്ടല്‍ മുറികളില്‍ തന്നെ ഒതുങ്ങേണ്ടതില്ലെന്നും പകരം ഹോട്ടലിനകത്തെ ബബ്‌ളില്‍ തന്നെ താരങ്ങള്‍ക്കു പരസ്പരം കാണാനും സംസാരിക്കാനും അനുമതിയുണ്ടാവുമെന്നും ക്വീന്‍സ്‌ലാന്‍ഡ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ.ജെന്നറ്റ് യങിനെ ഉദ്ധരിച്ച് ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.