ധര്‍മശാല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ ടി20 മത്സരം കളിക്കാനെത്തില്ലെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശിലെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു പാക്കിസ്ഥാന്റെ പിന്മാറ്റ ഭീഷണി. എന്നാല്‍, ഇക്കാര്യം പരിശോധിക്കാനെത്തിയ പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ സുരക്ഷാകാര്യത്തില്‍ പച്ചക്കൊടികാട്ടിയതോടെയാണ് പാക് ബോര്‍ഡ് തീരുമാനം മാറ്റുന്നത്.
പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ടംഗ ഉദ്യോഗസ്ഥരാണ് ധര്‍മശാലയിലെ സുരക്ഷക്രമീകരണങ്ങള്‍ പരിശോധിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും കേന്ദ്ര സര്‍ക്കാരും സുരക്ഷ ഒരുക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കില്ലെന്ന് പാക് അധികൃതരെ അറിയിച്ചിരുന്നു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ പരാമര്‍ശമായിരുന്നു ഇന്ത്യാ പാക് ക്രിക്കറ്റ് അനിശ്ചിതത്വത്തിലാക്കിയത്. പാക് ടീമിനെതിരെ വിമുക്തഭടന്മാര് പ്രതിഷേധിക്കുന്നുണ്ടെന്നും മതിയായ സുരക്ഷ നല്കാന് കഴിഞ്ഞെന്നുവരില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതേതുടര്‍ന്നാണ് പാക് അധികൃതര്‍ ഇന്ത്യയില്‍ എത്തിയത്. മത്സരം നടക്കുന്ന ജില്ലയിലെ അധികൃതരുമായി പാക്കിസ്ഥാന് ഓഫീഷ്യല്‍സ് ചര്‍ച്ച നടത്തിയശേഷമാണ് പാക് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം, ഇന്ത്യയില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി വിലപ്പോകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. സ്വന്തം രാജ്യത്ത് മറ്റു രാജ്യങ്ങളുമായി ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്ത പാക്കിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കുകയാണെങ്കില് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് അത് കനത്ത നഷ്ടം വരുത്തിവയ്ക്കും. മാത്രമല്ല, പാക് ക്രിക്കറ്റിന്റെ വളര്‍ച്ചയേയും അത് കാര്യമായി ബാധിക്കും.