ICC Test Ranking: ഇന്ത്യക്ക് വന്‍ തിരിച്ചടി, ഒന്നാം സ്ഥാനം നഷ്ടം, രോഹിത്തും കോലിയും പിന്നോട്ടിറങ്ങി

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര തോറ്റതോടെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം താഴോട്ടിറങ്ങി മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വൂറിയനിലെ ജയത്തോടെ ഇന്ത്യ വളരെ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള രണ്ട് ടെസ്റ്റും തോറ്റതോടെ പരമ്പര നഷ്ടപ്പെടുത്തുകയായിരുന്നു. ഈ തോല്‍വിയാണ് ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങിലും തിരിച്ചടി നല്‍കിയിരിക്കുന്നത്. നിലവില്‍ 32 മത്സരത്തില്‍ നിന്ന് 116 റേറ്റിങ്ങാണ് ഇന്ത്യക്കുള്ളത്.
ആഷസ് ക്രിക്കറ്റ് ടെസ്റ്റ് 4-0ന് സ്വന്തമാക്കിയതാണ് ഓസ്‌ട്രേലിയയെ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് സമനില നേടിയതൊഴിച്ചാല്‍ പരമ്പരയിലുടെനീളം ഓസ്‌ട്രേലിയയുടെ സര്‍വാധിപത്യമായിരുന്നു. 119 ആണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ റേറ്റിങ് പോയിന്റ്. പാറ്റ് കമ്മിന്‍സ് ഓസീസിന്റെ ടെസ്റ്റ് നായകനായ ശേഷമുള്ള ആദ്യ പരമ്പരക്ക് പിന്നാലെതന്നെ ടീമിനെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്.

117 റേറ്റിങ് പോയിന്റുള്ള ന്യൂസീലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിന്റെ ഉടമകള്‍ ന്യൂസീലന്‍ഡാണ്. ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു അവര്‍ കിരീടം നേടിയത്. 101 റേറ്റിങ്ങുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരാണ് അഞ്ച് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് തലപ്പത്തുള്ളത്. 935 റേറ്റിങ്ങാണുള്ളത്. 872 റേറ്റിങ്ങോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനത്തേക്കുമെത്തി. ആഷസില്‍ മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മയാണ് കേമന്‍. ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാം സ്ഥാനത്താണെങ്കിലും ഇന്ത്യക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്. വിരാട് കോലിയും ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് തലപ്പത്ത്. ആഷസ് ടെസ്റ്റിലും മിന്നുന്ന പ്രകടനം നടത്തിയാണ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസന്‍ നാലാമതും പാകിസ്താന്‍ ഷഹീന്‍ അഫ്രീദി അഞ്ചാം സ്ഥാനത്തുമുണ്ട്. 10ാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറാണ് തലപ്പത്ത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമുണ്ട്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് നാലാം സ്ഥാനത്ത്. ആഷസ് ടെസ്റ്റില്‍ ബാറ്റുകൊണ്ടും തിളങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചാം സ്ഥാനത്തേക്കെത്തി. ആദ്യ 10നുള്ളില്‍ ഇന്ത്യയുടെ രണ്ട് പേര്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മോശം പ്രകടനം അശ്വിനെ ബാധിച്ചില്ലെന്ന് തന്നെ പറയാം.

ഏകദിന ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ പാക് നായകന്‍ ബാബര്‍ ആസം തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി രണ്ടാം സ്ഥാനത്തും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്. ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് ബൗളര്‍മാരില്‍ തലപ്പത്ത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഓള്‍റൗണ്ടര്‍മാരില്‍ തലപ്പത്ത്.
ടി20 ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയാണ് തലപ്പത്ത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഓള്‍റൗണ്ടര്‍മാരില്‍ തലപ്പത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications