
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് രോഹിത്തിനു തിരിച്ചടിയായത്. പരമ്പരയില്‍ വെറും 50 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇതോടെ റാങ്കിങില്‍ രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ഹിറ്റ്മാന്‍ 13ാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു. എന്നാല്‍ ഇതേ പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ ശ്രേയസ് അയ്യര്‍ റാങ്കിങില്‍ വലിയ കുതിപ്പാണ് നടത്തിയത്. മൂന്നു അപരാജിത ഫിഫ്റ്റികളടക്കം 174 സ്‌ട്രൈക്ക് റേറ്റോടെ 204 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു.

ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇതു ശ്രേയസ് അയ്യരെ സഹായിച്ചിരിക്കുകയാണ്. ഒറ്റയടിക്കു 27 സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതിയ റാങ്കിങില്‍ ശ്രേയസ് 18ാമതെത്തുകയും ചെയ്തു.
ശ്രീലങ്കയ്‌ക്കെതിരേ ഇതേ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ബൗളര്‍മാരുടെ റാങ്കില്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം 17ാമതെത്തി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു റാങ്കിങില്‍ തിരിച്ചടി നേരിട്ടു. ആദ്യ പത്തില്‍ നിന്നും അദ്ദേഹം പുറത്തായിരിക്കുകയാണ്. അഞ്ചു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം 15ാം റാങ്കിലേക്കു വീണു. എന്നാല്‍ ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ 75 റണ്‍സ് അടിച്ചെടുത്ത ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്ക റാങ്കിങില്‍ മുന്നിലേക്കു കയറി ആദ്യ പത്തിനുള്ളിലെത്തി. ആറു സ്ഥാനങ്ങള്‍ മെചപ്പെടുത്തിയ അദ്ദേഹം ഒമ്പതാമതെത്തിയിരിക്കുകയാണ്.

അതേസമയം, ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ മൂന്നാംസ്ഥാനത്തെത്തി. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ആറാം റാങ്കില്‍ നിന്നും അദ്ദേഹത്തെ മൂന്നാമനാക്കിയിരിക്കുന്നത്. പരമ്പരില്‍ പത്തു വിക്കറ്റുകള്‍ റബാഡ വീഴ്ത്തിയിരുന്നു. നിര്‍ണായകമായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ പിഴുത അദ്ദേഹം ടീമിനു 198 റണ്‍സിന്റെ വമ്പന്‍ വിജയം നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
ന്യൂസിലാന്‍ഡിന്റെ ബൗളിങ് ജോടികളായ കൈല്‍ ജാമിസണും ടിം സൗത്തിക്കും റാങ്കിങില്‍ തിരിച്ചടിയുണ്ടായി. ജാമിസണ്‍ രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായി അഞ്ചാം റാങ്കിലേക്കും സൗത്തി ഒരു സ്ഥാനം നഷ്ടായി ആറാം റാങ്കിലേക്കും താഴ്ന്നു.

ബാറ്റര്‍മാരുടെ റാങ്കില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്ന്‍ തന്നെ ഒന്നാംസ്ഥാനത്തു തുടരുകയാണ്. ന്യൂസിസാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ ആറു സ്ഥാനങ്ങള്‍ കയറി 17ാം റാങ്കിലെത്തി. എന്നാല്‍ ഏകദിന റാങ്കിങില്‍ കാര്യമായ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നു കാണാം. ബൗളര്‍മാരില്‍ അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.


Click it and Unblock the Notifications











