ക്രിക്കറ്റര്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ കൂടുതല്‍ പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെ പുതിയ അവാര്‍ഡിന് തുടക്കമിടാന്‍ ഐസിസി തീരുമാനിച്ചു. പ്ലെയര്‍ ഓഫ് ദി മന്ദ് പുരസ്‌കാരമാണ് ഐസിസി ആരംഭിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലെയും മികച്ച പുരുഷ, വനിതാ താരങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐസിസി മാസം തോറും അവാര്‍ഡ് നല്‍കി ആദരിക്കും.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളും ബ്രോഡ്കാസ്റ്റര്‍മാരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സ്വതന്ത്ര ഐസിസി വോട്ടിങ് അക്കാദമിയാണ് ഐസിസിയുടെ പുരുഷ വിഭാഗം പ്ലെയര്‍ ഓഫ് ദി മന്ദിനെയും ഐസിസിയുടെ വനിതാ വിഭാഗം പ്ലെയര്‍ ഓഫ് ദി മന്ദിനെയും തിരഞ്ഞെടുക്കുക.
ഈ മാസം ലോക ക്രിക്കറ്റില്‍ വിവിധ പരമ്പരകളിലായി ചില താരങ്ങള്‍ അവിസ്മരണീയ പ്രകടനം നടത്തിയിരുന്നു. ഇന്ത്യന്‍ യുവതാരങ്ങളായ മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പരിഗണിക്കപ്പെടാവുന്ന കളിക്കാരുടെ കൂട്ടത്തിലുണ്ട്. വനിതാ വിഭാഗത്തിലേക്കു വന്നാല്‍ ഓസ്‌ട്രേലിയയുടെ മരിയാനെ കെപ്, ദക്ഷിണാഫ്രിക്കയുടെ നദീന്‍ ഡി ക്ലെര്‍ക്ക്, പാകിസ്താന്റെ നിദാ ധര്‍ എന്നിവര്‍ ചുരുക്ക പട്ടികയിലുണ്ടാവും.
ഐസിസി അവാര്‍ഡ് നോമിനേഷന്‍സ് കമ്മിറ്റിയായിരിക്കും ഓരോ കാറ്റഗറിയിലെയും മൂന്നു നോമിനികളെ തീരുമാനിക്കുക. ഒരു കലണ്ടര്‍ മാസത്തിലെ ആദ്യ തിയ്യതി മുതല്‍ അവസാന തിയ്യതി വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മൂന്നു പേരുടെ ചുരുക്കപട്ടിക തയ്യാറാക്കുന്നത്. തുടര്‍ന്ന് ഈ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ഐസിസി വോട്ടിങ് അക്കാദമിയും ആരാധകരും ചേര്‍ന്ന് വോട്ടിങിലൂടെ വിജയിയെ തിരഞ്ഞെടുക്കും.
വോട്ടിങ് അക്കാമിയിലുള്‍പ്പെട്ടവര്‍ക്കു ഇമെയില്‍ വഴി വോട്ട് ചെയ്യാന്‍ സാധിക്കും. ഓരോ മാസത്തെയും ഒന്നാം തിയ്യതി ഐസിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാന്‍സിന് തങ്ങളുടെ വോട്ട് ഐസിസി വെബ്‌സൈറ്റ് വഴി രേഖപ്പെടുത്താം. ആകെ വോട്ടിന്റെ 10 ശതമാനം മാത്രമേ ഫാന്‍സിനു നല്‍കിയിട്ടുള്ളൂ. ശേഷിച്ച 90 ശതമാനവും ഐസിസിയുടെ വോട്ടിങ് അക്കാദമിക്കു അവകാശപ്പെട്ടതാണ്. ഐസിസിയുടെ ഡിജിറ്റല്‍ ചാനലുകളിലൂടെ ഓരോ മാസവും രണ്ടാമത്തെ തിങ്കളാഴ്ച വിജയികളെ ഐസിസി പ്രഖ്യാപിക്കുകയും ചെയ്യും.