ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും തമ്മില്‍ തുടക്കകാലത്തു അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇതില്‍ വിള്ളല്‍ വീണിരുന്നു. ധോണിയുടെ ഏറ്റവും വലിയ മാച്ച് വിന്നറായിരുന്നു യുവി. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു അദ്ദേഹം വഹിച്ചത്.
2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും യുവിയായിരുന്നു. പക്ഷെ ഈ ലോകകപ്പിനു ശേഷം അര്‍ബുദം പിടിപെട്ട അദ്ദേഹം ചികില്‍സയ്ക്കായി ടീമില്‍ നിന്നും മാറിനില്‍ക്കുകയും പിന്നീട് രോഗമുക്തനായി തിരിച്ചെത്തിയപ്പോള്‍ അവസരങ്ങള്‍ ലഭിക്കാതെ വലയുകയും ചെയ്തിരുന്നു.

ദേശീയ ടീമില്‍ യുവരാജിനു അവസരങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങിനു കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും അദ്ദേഹം ധോണിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേ സമയത്തു ഇന്ത്യ ന്യൂസെന്ന ചാനലിനു യോഗ്‌രാജ് നല്‍കിയ ഒരു അഭിമുഖം വലിയ വിവാദമാണുണ്ടാക്കിയത്.
കാരണം അത്രയും മോശം വാക്കുകളായിരുന്നു അദ്ദേഹം ധോണിക്കെതിരേ ഉപയോഗിച്ചത്. പക്ഷെ ഇതേക്കുറിച്ച് ധോണി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. മാത്രമല്ല യുവരാജും ഇതുവരെ ധോണിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിട്ടില്ല.
എംഎസ് ധോണിയുടെ കരണം നോക്കി ഞാന്‍ രണ്ടെണ്ണം പൊട്ടിക്കും. നിനക്ക് ഈ തരത്തില്‍ സംസാരിക്കാന്‍ എന്തു അധികാരമാണുള്ളതെന്നു ഞാന്‍ അവനോടു ചോദിക്കും. നീ ഇപ്പോഴുള്ള മഹേന്ദ്രസിങ് ധോണിയായി മാറിയത് മാധ്യമങ്ങള്‍ നിന്നെ ദൈവമാക്കി മാറ്റിയതു കാരണമാണ്. ക്രിക്കറ്റിലെ രാജാവെന്ന കിരീടം നിനക്കു ചാര്‍ത്തിത്തന്നതും മാധ്യമങ്ങളാണ്. യഥാര്‍ഥത്തില്‍ നീ ഇവയൊന്നും അര്‍ഹിക്കുന്നില്ലെന്നായിരുന്നു അതീവ രോഷത്തോടെ യോഗ്‌രാജ് സിങ് ആഞ്ഞടിച്ചത്.

മഹേന്ദ്രസിങ് ധോണിക്കു എന്താണ് അഭിമാനിക്കാനുള്ളത്? ഇനി അവനു അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ അതു തകര്‍ത്തു തരാം. ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ ഇന്നു ഒരു കാര്യം ധോണിയോടു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ നിനക്കു നിന്റെ അച്ഛനെ ഓര്‍മ വന്നില്ലേ? സ്‌പെഷ്യല്‍ ടാലന്റ് എന്നും മറ്റൊമൊക്കെ അന്നു പറഞ്ഞ നിനക്ക് ഇപ്പോള്‍ 'അച്ഛനായ' യുവരാജ് സിങിനെ ഓര്‍മ വന്നില്ലേ?
2011ലെ ലോകകപ്പ് ഫൈനലില്‍ യുവരാജ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ധോണി തിരിച്ചുവിളിക്കുകയും ആ നമ്പറില്‍ കളിക്കുകയുമായിരുന്നു. എന്നിട്ടു മല്‍സരവും ജയിപ്പിച്ചു. വെരി ഗുഡ്... പക്ഷെ ഇപ്പോഴെന്ത് പറ്റി. പൂച്ചയെപ്പോലെ പതുങ്ങിയിരിക്കുകയാണോ? ആറാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഇത്ര വലിയ യോദ്ധാവാണെങ്കില്‍ പോയി നാലാം നമ്പറില്‍ കളിച്ച് ഇന്ത്യയെ ജയിപ്പിച്ച് കാണിച്ചു തരണമെന്നും യോഗ്‌രാജ് സിങ് വെല്ലുവിളിച്ചിരുന്നു.