
ആശ്ചര്യം തോന്നി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കായി പിച്ച് തയ്യാറാക്കണമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശ്ചര്യം തോന്നിയതായി രമേഷ് പറയുന്നു. ഈ ഓഫര്‍ വന്നപ്പോള്‍ തീരുമാനമെടുക്കാന്‍ കുറച്ചു സമയം നല്‍കണമെന്ന് അസോസിയേഷനോടു അഭ്യര്‍ഥിച്ചു. കാരണം കുടുംബവുമായും സുഹൃത്തുക്കളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യണമായിരുന്നു. ഈ ക്ഷണം സ്വീകരിച്ചാല്‍ എന്റെ ബിസിനസ് എങ്ങനെ നോക്കിനടത്തുമെന്നതായിരുന്നു പ്രധാന ആശങ്കയെന്നും രമേഷ് വിശദമാക്കി.

രണ്ടു കമ്പനികള്‍
ടെക്‌സ്റ്റൈല്‍ നിര്‍മാണ നഗരമെന്നു വിളിക്കപ്പെടുന്ന തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് രമേഷ്. രണ്ടു വസ്ത്ര നിര്‍മാണ കമ്പനികള്‍ അദ്ദേഹത്തിനു കീഴിലുണ്ട്. രണ്ടു കമ്പനികളിലുമായി 700 ജീനക്കാരും രമേഷിനു കീഴില്‍ ജോലി ചെയ്യുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഭാര്യ മലര്‍വിഴി ഗിരിയും രമേഷും ചേര്‍ന്നാണ് ബിസിനസ് നോക്കി നടത്തുന്നത്.
കോളേജ് പഠനകാലത്ത് മികച്ചൊരു അത്‌ലറ്റ് കൂടിയായിരുന്നു രമേഷ്. 1996ലെ ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനു വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മല്‍സരിച്ച അദ്ദേഹം റിലേയില്‍ രണ്ടു മെഡലുകള്‍ നേടിയ ടീമില്‍ അംഗവുമായിരുന്നു. ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വളര്‍ന്നു വരുന്ന യുവ തലമുറയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രമേഷ് തിരുപ്പൂര്‍ സ്‌കൂള്‍ ഓഫ് ക്രിക്കറ്റിനു തുടക്കമിട്ടിരുന്നു. അന്നു ഗ്രൗണ്ടും പിച്ചും തയ്യാറാക്കുന്നതിനു വേണ്ടി ഗ്രൗണ്ട്സ്റ്റാഫിനെ ചെന്നൈയില്‍ നിന്നും രമേഷിന് കൊണ്ടു വരേണ്ടി വന്നിരുന്നു. ഇത് ബുദ്ധിമുട്ടായി തീര്‍ന്നതോടെ അദ്ദേഹം ഇതു സ്വയം പഠിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒരു അന്താരാഷ്ട്ര മല്‍സരത്തിനു പിച്ചൊരുക്കുന്നതിലേക്കു രമേഷിനെ എത്തിച്ചിരിക്കുന്നത്.

ബിസിസിഐയുടെ കോഴ്‌സ്
പിച്ച് തയ്യാറാക്കുന്നതിനെക്കുറിച്ച് ബിസിസിഐയുടെ കോഴ്‌സില്‍ പങ്കെടുക്കണമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി രമേഷ് വ്യക്തമാക്കി. പ്രൊഫഷണലായി തന്നെ ഇതു പഠിച്ചെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അക്കാദമിയില്‍ 80 കുട്ടികള്‍ക്കു ക്രിക്കറ്റില്‍ ഞാന്‍ സഹായം നല്‍കി വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഗെയിമിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നതായും രമേഷ് കൂട്ടിച്ചേര്‍ത്തു.
2018 ജൂലൈയിലാണ് ബിസിസിഐയുടെ കോഴ്‌സ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു ബിസിസിഐയുടെ അണ്ടര്‍ 16, 19 ടൂര്‍ണമെന്റുകള്‍ക്കു വേണ്ടി കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍ എന്നീവിടങ്ങളില്‍ പിച്ച് തയ്യാറാക്കുകയും ചെയ്തു. മുതിര്‍ന്ന ക്യുറേറ്റര്‍മാരില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിനു വേണ്ടി ഐപിഎല്‍ സമയത്ത് രാജ്യത്തെ പല വേദികളിലേക്കും രമേഷ് യാത്രയും ചെയ്തിരുന്നു.

ചെന്നൈയിലെ പിച്ച്
വളരെ മികച്ച പിച്ച് തന്നെയാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്കായി തയ്യാറാക്കുന്നതെന്നു രമേഷ് വ്യക്തമാക്കി. ഇംഗ്ലീഷ് ലുക്കുള്ള പരമ്പരാഗതമായ ചെപ്പോക്ക് പിച്ചായിരിക്കും ചെന്നൈയിലേത്. മൂന്നു വിഭാഗത്തില്‍പ്പെട്ടവരെയും ഇതു പിന്തുണയ്ക്കും. ബാറ്റും ബോളും തമ്മിലുള്ള വാശിയേറിയ പോരാട്ടം തന്നെ ഇവിടെ പ്രതീക്ഷിക്കാം. ആദ്യദിനം ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും ആനുകൂല്യം ലഭിക്കും. രണ്ടും ദിനങ്ങള്‍ ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കും. നാലാം ദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്നും നേട്ടം കൊയ്യാനാവുമെന്നും രമേഷ് വിശദമാക്കി.


Click it and Unblock the Notifications











