ഐപിഎല്ലിന്റെ 16ാം സീസണില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ ഗ്രൗണ്ടില്‍ വച്ചുണ്ടായ വാക്‌പോരും ഏറ്റുമുട്ടലും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള കളിക്കു ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.
ആര്‍സിബി താരമായ കോലി ലഖ്‌നൗ ടീമിന്റെ ഉപദേശകനായ ഗംഭീറിനു അടുത്തേക്കു വരികയും തുടര്‍ന്ന് ഇരുവരും മുഖത്തോടു മുഖം രൂക്ഷമായി വാക് പോരില്‍ ഏര്‍പ്പെടുകയുമായിരുന്നു. ലഖ്‌നൗ കളിക്കാരും കോച്ചിങ് സംഘത്തില്‍ പെട്ടവരും ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. അന്നു യഥാര്‍ഥത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്നു ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍.
ക്രിക്കറ്റ് നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിരാട് കോലിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. ഞാന്‍ അന്നത്തെ സംഭവത്തെപ്പറ്റി ചുരുക്കി പറയാനാണ് ആഗ്രഹിക്കുന്നത്. കൂടുതലായൊന്നും പറയില്ല. ആ മല്‍സരത്തിലുണ്ടായിരുന്ന ഒരു വ്യക്തിക്കു വേണ്ടിയാണ് ഞാന്‍ അന്നു അങ്ങനെ പ്രതികരിച്ചത്. നവീനുല്‍ ഹഖ് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്.
ഞാന്‍ അതു അവസാനം വരെ തുടരുകയും ചെയ്യും. നവീനുല്‍ ഹഖ് മാത്രമല്ല അതു നിങ്ങളില്‍ (സദസിനു നേരെ ചൂണ്ടിക്കാട്ടി) ഒരാളായാല്‍ പോലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ബോധ്യമായാല്‍ ഞാന്‍ കൂടെ നില്‍ക്കും. എന്നെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉറപ്പായും അങ്ങനെ തന്നെ ചെയ്യുമെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
ഒരുപാട് ആളുകള്‍ അന്നത്തെ സംഭവത്തെക്കുറിച്ച് പലതും പറഞ്ഞു. ഞാന്‍ നവീനുല്‍ ഹഖിനെ പിന്തുണച്ചുവെന്നും നമ്മുടെ താരത്തെ പിന്തുണച്ചില്ലെന്നുമെല്ലാം പലരും കുറ്റപ്പെടുത്തി. ആരും എന്റെയോ, മറ്റുള്ളവരുടെയോ താരങ്ങളല്ല. എന്റെ ടീമിലെ താരമാണ് തെറ്റ് ചെയ്തതെങ്കില്‍ ഞാന്‍ അയാളോടൊപ്പം ഒരിക്കലും നില്‍ക്കില്ല.
ഒരു താരത്തിന്റെ ഭാഗത്തു തെറ്റില്ലെന്നും, അയാള്‍ ചെയ്തത് ശരിയാണെന്നും എനിക്കു തോന്നിയാല്‍ ഞാന്‍ അയാള്‍ക്കൊപ്പം നില്‍ക്കും. ഞാന്‍ ഈ തരത്തിലാണ് ഇതുവരെ ജീവിച്ചുപോയത്. ഇനി മുന്നോട്ടും ഇങ്ങനെ തന്നെയായിരിക്കുമെന്നും ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.

വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. സാധാരണയായി ഞാന്‍ ബന്ധങ്ങളെക്കുറിച്ചൊന്നും വിശദീകരിക്കാറില്ല. നിങ്ങളും എംഎസ് ധോണിയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നും പലരും നേരത്തേ ചോദിച്ചിട്ടുണ്ട്. എനിക്കു എംഎസ് ധോണിയുമായുള്ള അതേ അടുപ്പം തന്നെയാണ് വിരാട് കോലിയുമായും ഉള്ളത്.
എന്റെ തര്‍ക്കം എംഎസ് ധോണിയുമായോ, വിരാട് കോലിയുമായോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ വ്യക്തിപരമായുള്ളതല്ല. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഗ്രൗണ്ടില്‍ മാത്രമാണ്. അവരും വിജയിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും ജയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ തര്‍ക്കം ഗ്രൗണ്ടില്‍ മാത്രം നില്‍ക്കുകയും വേണമെന്നും ഗൗതം ഗംഭീര്‍ വിശദമാക്കി.
അതേസമയം, ആര്‍സിബിയും ലഖ്‌നൗവും തമ്മിലുള്ള ഐപിഎല്‍ മാച്ചിനിടെ കോലിയും നവീനും തമ്മിലായിരുന്നു ആദ്യം കൊമ്പുകോര്‍ത്തത്. നവീന്‍ ബാറ്റ് ചെയ്യവെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. എന്നാല്‍ നവീനും തിരിച്ചു പ്രതികരിച്ചതോടെ കോലി ക്ഷുഭിതനാവുകയായിരുന്നു.
തുടര്‍ന്ന് നവീന്‍ പുറത്തായി മടങ്ങവെ ഷൂസിനടിയിലെ മണ്ണ് തട്ടിയ കോലി നിങ്ങള്‍ തനിക്കു ഇതു പോലെയാണന്നു പരിഹസിക്കുകയും ചെയ്തിരുന്നു. മല്‍സരശേഷം ഇരുടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യവെ കോലിയുടെ കൈ നവീന്‍ തട്ടിമാറ്റി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു കോലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.