ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സ്‌ഫോടനാത്മക ബാറ്റിങ് ശൈലിയിലൂടെ ആരാധകരെ കൈയിലെടുത്ത അദ്ദേഹം പല റെക്കോര്‍ഡുകളും കുറിച്ചായിരുന്നു ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. കളിക്കളത്തിനത്തും പുറത്തും ഒരുപോലെ രസികനായ വ്യക്തിത്വത്തിനു ഉടമ കൂടിയായിരുന്നു വീരു.
ടീമംഗങ്ങളെ പലപ്പോഴും പറ്റിച്ചിരുന്ന അദ്ദേഹം ഡ്രസിങ് റൂമില്‍ കുസൃതികള്‍ ഒപ്പിക്കുന്നതിലും മിടുക്കനായിരുന്നു. സ്വന്തം ടീമംഗങ്ങളെ മാത്രമല്ല ഗ്രൗണ്ടില്‍ അംപയര്‍മാരോടും പല തമാശകളും സെവാഗ് കാണിക്കാറുണ്ടായിരുന്നു. അത്തരമൊരു രസകമായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 'വാട്ട് ദി ഡക്കെ'ന്ന വിക്രം സതായെയുടെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു 44 കാരനായ സെവാഗ് രസകരമായ ഒരു സംഭവം തുറന്നു പറഞ്ഞത്.

ഈ വീഡിയോ ക്ലിപ്പ് വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലായി തീരുകയും ചെയ്തു. അംപയര്‍മാര്‍ക്കു താന്‍ കൈക്കൂലി നല്‍കാറുണ്ടായിരുന്നെന്ന വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സെവാഗ് ഈ ഷോയില്‍ നടത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയുമായുള്ള ഒരു മല്‍സരത്തില്‍ അംപയര്‍ ഔട്ട് വിളിക്കാതിരുന്നതും തുടര്‍ന്നു അന്നത്തെ ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ് ചൂടായ സംഭവത്തെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഫീല്‍ഡിങിനിടെ അംപയര്‍മാരോടു പലപ്പോഴും തമാശരൂപേണ താന്‍ പല കാര്യങ്ങളും പറയാറുണ്ടായിരുന്നെന്നും അവര്‍ക്കു ചില 'ഓഫറുകള്‍' നല്‍കിയിരുന്നതായും വീരു തമാശയായി പറഞ്ഞു.
അംപയര്‍മാരുമായി ബന്ധപ്പെട്ട രണ്ട്- മൂന്നു കഥകള്‍ ഞാന്‍ പറയാം. ഫീല്‍ഡിങ് ചെയ്തിരുന്ന സമയങ്ങളില്‍ ഞാന്‍ അടുത്തുണ്ടായിരുന്ന അംപയര്‍മാരോടു പല തമാശകളും പറയാറുണ്ടായിരുന്നു. അവരെ പറ്റിക്കാമെന്ന ഉദ്ദേശത്തിലാണ് ഇവ പറയാറുള്ളതെങ്കിലും ചില അംപയര്‍മാര്‍ അതു കാര്യമായെടുത്തിരുന്നു.
നിങ്ങള്‍ക്കു എന്തെങ്കിലും വേണോ? ഞാന്‍ ഇന്ത്യയില്‍ അതു ഏര്‍പ്പാടാക്കി നല്‍കാം. കാരണം ഞാന്‍ അവിടുത്തെ സൂപ്പര്‍ താരമാണെന്നു അംപയര്‍മാരോടു പറഞ്ഞിരുന്നതായി സെവാഗ് വെളിപ്പെടുത്തി. എന്റെ ഈ മോഹന വാഗ്ദാനങ്ങളില്‍ ഒരു അംപയര്‍ വീഴുകയും ചെയ്തു. എനിക്കു നല്ലൊരു ഡിന്നര്‍ ഇന്ത്യയിലെത്തിയാല്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നാണ് അംപയര്‍ എന്നോടു പറഞ്ഞത്. തുടര്‍ന്നു ഞാന്‍ റെസ്റ്റോറന്റ് ഉടമയെ വിളിക്കുകയും അംപയര്‍ക്കു ഭക്ഷണം നല്‍കണമെന്നു ആവശ്യപ്പെടുകയും ചെയ്തു.

അംപയറില്‍ നിന്നും പണമൊന്നും ഈടാക്കരുതെന്നും അതു താന്‍ നല്‍കാമെന്നും റെസ്റ്റോറന്റെ ഉടമയെ അറിയിച്ചതായും സെവാഗ് കൂട്ടിച്ചേര്‍ത്തു. പക്ഷെ ആരായിരുന്നു ഈ അംപയറെന്നു അദ്ദേഹം വെളിപ്പെടുത്തിയില്ല.
മൊഹാലിയില്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരത്തില്‍ പാകിസ്താന്‍കാരനായ അംപയര്‍ ആസാദ് റൗഫ് തനിക്കെതിരേ നോട്ടൗട്ട് വിളിച്ച ഒരു സംഭവത്തെക്കുറിച്ചും സെവാഗ് പറഞ്ഞു. മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ഞാന്‍ 90 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു. ആസാദ് റൗഫായിരുന്നു അംപയര്‍. ഞാനൊരു കട്ട് ഷോട്ടിനു ശ്രമിച്ചു.
എഡ്ജായ എന്നെ ക്യാച്ചും ചെയ്തു. മൊഹാലിയില്‍ കാണികള്‍ അധികമില്ലായിരുന്നു. അതുകൊണ്ടു ബാറ്റില്‍ എഡ്ജായ ശബ്ദം ഡ്രസിങ് റൂമില്‍ വരെയെത്തിയിരുന്നു. പക്ഷെ നോട്ടൗട്ടെന്നായിരുന്നു അംപയര്‍ ആസാദ് റൗഫിന്റെ കോള്‍. ഉടന്‍ തന്ന റിക്കി പോണ്ടിങ് എന്റെയരികിലേക്കു ഓടിയെത്തി. നിങ്ങളുടെ ബാറ്റില്‍ ബോള്‍ തട്ടിയിരുന്നില്ലേയെന്നു ചോദിച്ചു. ഞാന്‍ അതേയെന്നു പറഞ്ഞു. എങ്കില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് സ്വയം ക്രീസ് വിടാത്തതെന്നു ചോദിച്ചു.
നിങ്ങള്‍ ഒരിക്കലും ഇതുപോലെ സംഭവിച്ചാല്‍ സ്വയം ക്രീസ് വിടാറില്ല. പിന്നെ എന്നോടു എന്തിനാണ് ഇതു ആവശ്യപ്പെടുന്നതെന്നു ഞാന്‍ പോണ്ടിങിനോടു തിരിച്ചു ചോദിച്ചു. അംപയറോടു പോയി ചോദിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നു പോണ്ടിങ് അംപയറുടെ അടുത്തേക്കു പോവുകയും ബാറ്റില്‍ തട്ടിയിരുന്നതായി സെവാഗ് പറയുന്നതായി അദ്ദേഹം അംപയറെ അറിയിക്കുകയും ചെയ്തു.
അപ്പോള്‍ ആസാദ് റൗഫ് പോണ്ടിങിനോടൊപ്പം എന്റെയുടത്തേക്കു വന്നു. നിങ്ങളുടെ ബാറ്റില്‍ എഡ്ജുണ്ടായിരുന്നോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ ഞാന്‍ പോണ്ടിങ് കള്ളം പറയുകയാണന്നും മറുപടി നല്‍കിയതായി വീരു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.