ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പന്തെറിയുന്നത് കാണാന്‍ ഇഷ്ടമാണെന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. അശ്വിന്‍ മാത്രമല്ല പാകിസ്താന്റെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായും വോണിന്റെ ഗുഡ് ബുക്കില്‍ ഉണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് വോണ്‍ അശ്വിനെയും യാസിര്‍ ഷായെയും പുകഴ്ത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷായും ന്യൂസിലന്‍ഡിനെതിരെ അശ്വിനും സ്പിന്‍ ബൗളിംഗിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് കെട്ടഴിച്ചത്. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഷെയ്ന്‍ വോണിന്റെ ട്വീറ്റ്. 37 ടെസ്റ്റുകളില്‍ നിന്നും 200 വിക്കറ്റ് തികച്ച അശ്വിന്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ബൗളറാണ്. 17 ടെസ്റ്റില്‍ 100 പേരെ പുറത്താക്കിയ യാസിര്‍ ഷാ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വേഗം കൂടിയ ബൗളറാണ്.

മൂന്ന് ടെസ്റ്റുകളില്‍ നിന്നും 27 വിക്കറ്റുമായി ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ കെട്ടഴിച്ചത്. മൂന്നാം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും അശ്വിനായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദുബായില്‍ അവസാനിച്ച ടെസ്റ്റിലാണ് യാസിര്‍ ഷാ 100 വിക്കറ്റ് തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ മുത്തയ്യ മുരളീധരന് മാത്രം പിന്നിലാണ് ലെഗ് സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍