I League: ചരിത്രമെഴുതി ഗോകുലം കേരള എഫ്‌സി, മുഹമ്മദന്‍സിനെ വീഴ്ത്തി കിരീടം നിലനിര്‍ത്തി

കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്‌സി. നിര്‍ണ്ണായകമായ മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സിനെ 2-1ന് തകര്‍ത്ത ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്. 2021-22 സീസണില്‍ കിരീടം നേടി ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന റെക്കോഡിടാന്‍ ഗോകുലത്തിനായിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തോടെ കേരളത്തിന്റെ ഫുട്‌ബോള്‍ കരുത്തിനെ വാനാളം ആവേശത്തിലാക്കുകയാണ് ഗോകുലത്തിന്റെ ചുണക്കുട്ടികള്‍.

3-5-2 ഫോര്‍മേഷനിലിറങ്ങിയ ഗോകുലം കേരള എഫ്‌സിയെ 4-2-3-1 ഫോര്‍മേഷനിലാണ് മുഹമ്മദന്‍സ് നേരിട്ടത്. 50ാം മിനുട്ടില്‍ റിഷാദ് പിയും 61ാം മിനുട്ടില്‍ എമില്‍ ബെന്നിയും ഗോകുലത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ മുഹമ്മദന്‍സിനായി മാര്‍ക്കസ് ജോസഫ് (56) ആശ്വാസ ഗോളും കണ്ടെത്തി. 18 കളിയില്‍ നിന്ന് 13 ജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 43 പോയിന്റുമായാണ് ഗോകുലം കിരീടത്തിലേക്കെത്തിയത്. 18 മത്സരത്തില്‍ നിന്ന് 11 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമടക്കം 37 പോയിന്റുമായി മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്താണ്.

ഗോള്‍ രഹിത സമനിലക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 50ാം മിനുട്ടില്‍ റിഷാദിലൂടെ ഗോകുലം ലീഡെടുത്തെങ്കിലും ഏഴ് മിനുട്ടിനകം മുഹമ്മദന്‍സ് ഗോള്‍ മടക്കി. മാര്‍ക്കസ് ജോസഫിന്റെ ഫ്രീകിക്ക് അസ്ഹറിന്റെ കാലില്‍ തട്ടി ഗോകുലത്തിന്റെ പോസ്റ്റിലേക്ക്. എന്നാല്‍ ഈ സമനിലക്ക് അധികം ആയുസുണ്ടായില്ല. 61ാം മിനുട്ടില്‍ എമില്‍ ബെന്നിയുടെ ഒറ്റയാള്‍ കുതിപ്പ് ഗംഭീരമായി ഫിനിഷ് ചെയ്യാനും താരത്തിനായി. സമനിലക്കായി മുഹമ്മദന്‍സ് ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. ആദ്യ പാദത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞതിന് രണ്ടാം പാദത്തില്‍ കണക്കുവീട്ടാന്‍ ഗോകുലത്തിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications