സമ്മര്‍ദ്ദം എനിക്കുമുണ്ട്, ആദ്യമായി ധോണിയുടെ വെളിപ്പെടുത്തല്‍... ഹൃദയമിടിപ്പ് കുത്തനെ കൂടും!!
റാഞ്ചി: കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. എത്ര സമ്മര്‍ദ്ദമുള്ള ഘട്ടത്തിലും ധോണിയെ നമുക്ക് ടെന്‍ഷനടിച്ചു കാണാന്‍ കഴിയില്ല. അത്രയേറെ കൂളായാണ് ഏതു പ്രതിസന്ധിയെയും അദ്ദേഹം നേരിടുന്നത്. ധോണിക്ക് എങ്ങനെ ഇത്ര കൂളായി നില്‍ക്കാന്‍ കഴിയുന്നുവെന്ന് പലരും അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാരെയും പോലെ തനിക്കും സമ്മര്‍ദ്ദമുണ്ടാവാറുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ഇതാദ്യമായാണ് അദ്ദേഹം കളിക്കളത്തില്‍ മറ്റേതൊരു താരത്തെയും പോലെ തന്നെയും സമ്മര്‍ദ്ദം വലച്ചിട്ടുണ്ടെന്നു അദ്ദേഹം തുറന്നു പറയുന്നത്.
കളിക്കളത്തിലെ മാനസിക സമ്മര്‍ദ്ദത്തെ മറികടന്ന് കായിക താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെ മുന്‍ താരം എസ് ബദരീനാഥും ശരവണ കുമാറും ചേര്‍ന്നു എംഫോര്‍ എന്ന ആശയത്തിനു തുടക്കമിട്ടിരിക്കുകയാണ്. താരങ്ങള്‍, കോച്ചുമാര്‍, രക്ഷിതാക്കള്‍, റഫറിമാര്‍ എന്നിവര്‍ക്കായി എങ്ങനെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാമെന്നതിനെക്കുറിച്ച് പരിശീലനം നല്‍കുകയാണ് എംഫോറിന്റെ ലക്ഷ്യം. എംഫോറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് താനും സമ്മര്‍ദ്ദം നേരിടാറുണ്ടെന്നു ധോണി തുറന്നു പറഞ്ഞത്.

മാനസികപരമായ വിഷയങ്ങളിലേക്കു വരുമ്പോള്‍ അത് വീക്ക്‌നെസാണെന്ന് അംഗീകരിക്കാന്‍ ഇന്ത്യയില്‍ പലരും ഇപ്പോഴും തയ്യാറല്ലെന്നും ഇതു വലിയ വിഷയം തന്നെയാണെന്നും ധോണി ചൂണ്ടിക്കാട്ടി.
മാനസിക ആരോഗ്യത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും പരസ്യമായി ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല. മാനസികമായ എന്തു തന്നെ പ്രശ്‌നങ്ങള്‍ ഒരാളെ അലട്ടിയാലും അത് മാനസിക രോഗമെന്ന തരത്തില്‍ മറുള്ളവര്‍ വ്യാഖ്യാനിക്കുകയും ചെയ്യുമന്നും എംഫോര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ധോണി വിശദീകരിക്കുന്നു.

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ അഞ്ചു മുതല്‍ 10 വരെ പന്തുകള്‍ നേരിടുമ്പോള്‍ തനിക്കും കടുത്ത സമ്മര്‍ദ്ദമുണ്ടാവാറുണ്ടെന്നു ധോണി വെളിപ്പെടുത്തി. ഇക്കാര്യം പലരും തുറന്നു പറയുന്നില്ലെന്നതാണ് സത്യം. ബാറ്റുമായി ക്രീസിലെത്തിയാല്‍ ആദ്യത്തെ അഞ്ച് മുതല്‍ പത്ത് വരെ പന്തുകള്‍ കളിക്കുമ്പോള്‍ ഹൃദയമിടിപ്പ് അതിന്റെ പാരതമ്യത്തിലെത്തും. സമ്മര്‍ദ്ദം തന്നെയും പിടികൂടാറുണ്ട്. ചിലപ്പോള്‍ ഭയവും തോന്നാറുണ്ട്. മറ്റുള്ളവര്‍ക്കും ഇങ്ങനെ തന്നെ ആയിരിക്കും. ഇതിനെ എങ്ങനെ നേരിടുമെന്ന് ഐസിസിയുടെ മൂന്നു പ്രധാന ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ തന്നെ ഏക ക്യാപ്റ്റനായ ധോണി ചോദിക്കുന്നു.

ഇതു യഥാര്‍ഥത്തില്‍ ചെറിയൊരു പ്രശ്‌നം മാത്രമാണ്. എന്നാല്‍ ഇതേക്കുറിച്ച് കോച്ചിനോടു തുറന്നു പറയാന്‍ പലര്‍ക്കും മടിയാണ്. അതുകൊണ്ടാണ് കളിക്കാരനും കോച്ചും തമ്മിലുള്ള ബന്ധം ഏതു കായിക ഇനമായാലും എത്രത്തോളം പ്രധാനമാണെന്നു പറയുന്നതെന്നും ധോണി വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് മനശാസ്ത്ര വിദഗ്ധര്‍ താരങ്ങളെ ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് മെന്റല്‍ കണ്ടീഷനിങ് കോച്ചിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. താരങ്ങളുടെ വീക്ക്‌നെസുകള്‍ മനസ്സിലാക്കി അവരെ അതില്‍ നിന്നും കരകയറാന്‍ ഇവര്‍ സഹായിക്കും.
മെന്റല്‍ കണ്ടീഷനിങ് കോച്ച് വെറും 15 ദിവസം ടീമിനൊപ്പം പ്രവര്‍ത്തിച്ച ശേഷം പോവുന്നയാളായിരിക്കരുത്. കാരണം ഈ 15 ദിവസത്തില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാന്‍ മാത്രമേ താരത്തിനു കഴിയൂ. തുടര്‍ച്ചയായി ഏറെക്കാലം ഒരുമിച്ചുണ്ടായാല്‍ മാത്രമേ കോച്ചിനു താരത്തെ അടുത്തറിയാനും നേരിടുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കൂയെന്നും ധോണി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications