
കേരളത്തിനായി കളിക്കാനായെങ്കിലും ഐപിഎല്ലിലേക്കടക്കമുള്ള തിരിച്ചുവരവ് സാധിക്കാതെ വന്നതോടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ അദ്ദേഹം വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് അര്‍ഹിച്ച വിരമിക്കല്‍ മത്സരം നിഷേധിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചെങ്കിലും മത്സരത്തിലേക്ക് പരിഗണിച്ചില്ലെന്നാണ് മനോരമയോട് സംസാരിക്കവെ ശ്രീശാന്ത് വെളിപ്പെടുത്തിയത്.

'രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരം കളിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. മത്സരത്തിന് മുമ്പായുള്ള ടീം മീറ്റിങ്ങില്‍ ഈ മത്സരത്തിന് ശേഷം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഞാനൊരു വിടപറയല്‍ മത്സരം അര്‍ഹിച്ചിരുന്നു' -ശ്രീശാന്ത് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും ശ്രീശാന്തിന്റെ തുറന്ന് പറച്ചില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിക്കൂട്ടിലാക്കുമെന്നുറപ്പാണ്.
വിരമിക്കല്‍ തീരുമാനം പെട്ടെന്ന് സ്വീകരിച്ചതല്ലെന്നും ഏറെ നാളുകളായി ഇതിനെപ്പറ്റി ആലോചിച്ചിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. ' മൂന്ന് മാസത്തിലേറെയായി വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു. കേരളത്തിനായി കളിച്ച് തിരിച്ചുവരാന്‍ സാധിച്ചെങ്കിലും ഐപിഎല്ലിലെ ലേലപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ടു. ഇത് ഏറെ നിരാശയുണ്ടാക്കി. ഇതോടെ വിരമിക്കലിനെക്കുറിച്ച് തീരുമാനിക്കുകയായിരുന്നു' -ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റില്‍ താരമെന്ന നിലയിലെ കരിയര്‍ അവസാനിപ്പിച്ചെങ്കിലും ഇനിയും ക്രിക്കറ്റുമായിത്തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. പരിശീലകനായും കമന്റേറ്ററായുമെല്ലാം മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമാ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും ഏപ്രിലില്‍ താന്‍ അഭിനയിച്ച തമിഴ് സിനിമ പുറത്തിറങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതിനെക്കുറിച്ചും ശ്രീശാന്ത് പറഞ്ഞു. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികയില്‍ തന്റെ ആദ്യത്തെ ക്രിക്കറ്റക് അക്കാദമി സെപ്തംബറോടുകൂടി ആരംഭിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഇപ്പോഴും തനിക്ക് 132ന് മുകളില്‍ വേഗത്തില്‍ പന്തെറിയാനാവുമെന്നും ഏത് യുവതാരത്തിന്റെ വേഗത്തോടും ഒപ്പം നില്‍ക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യക്കായി താന്‍ കളിച്ചതിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് 25 ഓളം പേസര്‍മാര്‍ ഉയര്‍ന്നുവന്നു. ഇത്രയും പേസ് ബൗളര്‍മാര്‍ക്ക് പ്രചോദനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ശാന്തനായിരുന്നത് കളത്തില്‍ മാത്രമാണെന്നും ഡ്രസിങ് റൂമില്‍ നന്നായി ദേഷ്യപ്പെടുമെന്നും ശ്രീശാന്ത് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഭാവിയില്‍ തന്റെ ആത്മകഥയിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു. 2016ല്‍ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലോ തിരുവനന്തപുരത്തോ നിന്നുകൂടേയെന്ന് ചോദിച്ചു. ഞാന്‍ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല. അന്ന് ഏത് പാര്‍ട്ടിക്കുവേണ്ടിയാണോ മത്സരിച്ചത് അതേ പാര്‍ട്ടിക്കുവേണ്ടി പ്രയത്‌നിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വലിയ ഉന്നതിയിലേക്കെത്തേണ്ട കരിയറായിരുന്നു ശ്രീശാന്തിന്റേതെങ്കിലും വിധിയോ നിര്‍ഭാഗ്യമോ ഇത്തരമൊരു അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.


Click it and Unblock the Notifications












