തുപ്പലോ, വിയര്‍പ്പോ... റിവേഴ്സ് സ്വിങിന് ഏതാണ് നല്ലത്? ഷമി പറയുന്നു, തനിക്ക് ഇവ രണ്ടും വേണ്ട
കൊല്‍ക്കത്ത: ക്രിക്കറ്റ് പുനരാരംഭിക്കുകയാണെങ്കില്‍ കൊറോണവൈറസ് വ്യാപനം തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടു വരാന്‍ ഐസിസി തീരുമാനിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തുപ്പല്‍ ഉപയോഗിച്ച് ബൗളര്‍മാര്‍ പന്ത് മിനുക്കുന്നത് വിലക്കിയെന്നതായിരുന്നു. ക്രിക്കറ്റ് ആരംഭിച്ച കാലം മുതല്‍ പന്തിന് സ്വിങ് ലഭിക്കാന്‍ താരങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന രീതിയാണിത്.
ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ തുപ്പലിനു പകരം വേണമെങ്കില്‍ ബൗളര്‍ക്കു സ്വന്തം വിയര്‍പ്പ് കൊണ്ട് പന്ത് മിനുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഐസിസി അറിയിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

തുപ്പലിന് വിലക്കേര്‍പ്പെടുത്താനുള്ള ഐസിസിയുടെ തീരുമാനം തീര്‍ച്ചയായും ബൗളര്‍മാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഷമി പറയുന്നു. പന്തിന് മിനുക്കം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് കുട്ടിക്കാലം മുതല്‍ ശീലിച്ചു വരുന്ന കാര്യമാണ്. ഇത് ക്രിക്കറ്റര്‍മാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയും ചെയ്ത കാര്യമാണ്. നിങ്ങളൊരു ഫാസ്റ്റ് ബൗളറാണെങ്കില്‍ പന്തില്‍ ഉറപ്പായിട്ടും തുപ്പല്‍ പുരട്ടി മിനുക്കിയെടുക്കും. പന്തിന്റെ കാഠിന്യം മാറ്റി മിനുക്കിയെടുക്കുകയാണെങ്കില്‍ ഉറപ്പായിട്ടും നല്ല സ്വിങ് ലഭിക്കുകയും ചെയ്യുമെന്നും രോഹിത് ജുഗ്ലനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ഷമി വിശദമാക്കി.

തുപ്പലും വിയര്‍പ്പും രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിച്ചാല്‍ ബൗളര്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുമെന്ന് താന്‍ കരുതുന്നില്ല. തുപ്പല്‍ ഉപയോഗിക്കാതെ കരിയറില്‍ ഇതുവരെ താന്‍ ബൗള്‍ ചെയ്തിട്ടുമില്ല.
എന്നാല്‍ ഇപ്പോള്‍ കൊവിഡ്-19 മഹാമാരി വന്നതോട് തുപ്പല്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തനിക്കു തുപ്പല്‍ വേണമെന്നില്ല. അല്ലാതെയും തനിക്കതു സാധിക്കുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു. റിവേഴ്‌സ് സ്വിങില്‍ നിലവില്‍ ടീം ഇന്ത്യയുടെ തുറുപ്പുചീട്ടാണ് അദ്ദേഹം. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച ബൗളിങാണ് ഷമി കാഴ്ചവയ്ക്കുന്നത്.

പല വെല്ലുവിളികളെയും അതിജീവിച്ചാണ് ഷമി ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നത്. 2015ല്‍ കാല്‍മുട്ടിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ച് തിരിച്ചുവന്നു. 2018ല്‍ ഭാര്യ ഹസിന്‍ ജവാന്‍ ഷമിക്കെതിരേ ക്രിമിനല്‍ കേസ് കൊടുത്തത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐയുടെ കരാറില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതും ഷമിയെ തളര്‍ത്തിയില്ല. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പേസര്‍ വീണ്ടും ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications