മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു നേരിയ ആശ്വാസം. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ക്കു രണ്ടാം ടെസ്റ്റിലും കളിക്കാനാവില്ലെന്നു സൂചനകള്‍. പരിക്കില്‍ നിന്നും ഇനിയും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണിത്. നേരത്തേ നടന്ന ആദ്യ ടെസ്റ്റിലും അതിനു മുമ്പുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും വാര്‍ണര്‍ക്കു നഷ്ടമായിരുന്നു.

കഴിഞ്ഞ മാസം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെയാണ് വാര്‍ണറുടെ നാഭിപ്രദേശത്തു പരിക്കേറ്റത്. തുടര്‍ന്നു വിശ്രമത്തിലായിരുന്നു അദ്ദേഹം. രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു വാര്‍ണര്‍. എന്നാല്‍ രണ്ടാം ടെസ്റ്റും ഓപ്പണര്‍ക്കു നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ കഠിന പ്രയത്‌നത്തിലായിരുന്നു കുറച്ച് ആഴ്ചകളായി വാര്‍ണര്‍. പക്ഷെ മെല്‍ബണ്‍ ടെസ്റ്റിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹത്തിന് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിവരം. തികഞ്ഞ പ്രതീക്ഷയിലാണ് താനെന്നും രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് താനെന്നും ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ണര്‍ പറഞ്ഞിരുന്നു.
മണിക്കൂറില്‍ 14 കിമി വരെ ഓടാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇതു മെച്ചപ്പെടുത്തി മണിക്കൂറില്‍ 26-20 കിമി വരെ ഓടാനായിരിക്കും അടുത്തയാഴ്ച ശ്രമിക്കുക. അടുത്തയാഴ്ച അവസാനത്തോടെ വിക്കറ്റുകള്‍ക്കിടയിലൂടെ നന്നായി ഓടുന്നതിനോടൊപ്പം ഗ്രൗണ്ട് ഫീല്‍ഡിങ് പരിശീലനവും നടത്താനായാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചേക്കും. ഇതിനു കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, വാര്‍ണര്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലെ അതേ ഓപ്പണിങ് സഖ്യത്തെ തന്നെ ഓസീസ് നിലനിര്‍ത്തിയേക്കും. ജോ ബേണ്‍സും മാത്യു വെയ്ഡുമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസിനായി ഓപ്പണ്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഈ ജോടി ശക്തമായി തിരിച്ചുവന്നു. 14 ഓവറില്‍ 70 റണ്‍സ് ബേണ്‍സ്-വെയ്ഡ് സഖ്യം നേടിയിരുന്നു. ബേണ്‍സ് ഫിഫ്റ്റി തികയ്ക്കുകയിം ചെയ്തിരുന്നു.
എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസീസ് നേടിയത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് നേരിട്ടത്. ഒരാള്‍ പോലും രണ്ടക്കം കടക്കാതിരുന്ന ഇന്നിങ്‌സ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്‌കോറായി മാറുകയും ചെയ്തിരുന്നു.