ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മറക്കാന്‍ സാധിക്കാത്ത വര്‍ഷങ്ങളിലൊന്നാണ് 2011. കാരണം 1983നു ശേഷം ഒരു ലോക കിരീടത്തിനായുള്ള (ഏകദിന ലോകകപ്പ്) ഇന്ത്യയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചത് 2011ലായിരുന്നു. എംഎസ് ധോണിയെന്ന ഇതിഹാസ നായകനു കീഴില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ലോകകിരീടമുയര്‍ത്താന്‍ അന്നു ഇന്ത്യക്കു ഭാഗ്യം ലഭിച്ചു. മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു ടീമിന്റെ കിരീടധാരണം.
അന്നു ഇന്ത്യക്കൊപ്പം ഈ ചരിത്രനേട്ടത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ പോയ ഒരു നിര്‍ഭാഗ്യവാനായ സൂപ്പര്‍ താരമുണ്ട്. നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയായിരുന്നു അത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ധോണിയുടെ സംഘത്തില്‍ ഹിറ്റ്മാനുണ്ടായിരുന്നു. പക്ഷെ 2011ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചില്ല.

ഇതിനു കാരണക്കാരനാവട്ടെ ധോണി തന്നെയായിരുന്നു. കെ ശ്രീകാന്തിനു കീഴിള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡിലേക്കു രോഹിത്തിന്റെയും പേര് നിര്‍ദേശിച്ചിരുന്നു. ക്യാപ്റ്റന്‍ ഗാരി കേസ്റ്റണ്‍ ഇതിനെ പിന്തുണച്ചെങ്കിലും ധോണി അംഗീകരിച്ചില്ല. രോഹിത് വേണ്ടെന്നും പകരം സ്പിന്നര്‍ പിയൂഷ് ചൗള മതിയെന്നും ധോണി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ രോഹിത്തിന് ലോകകപ്പ് നഷ്ടമാവുകയും ചെയ്തു.
അന്നു ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ മാനസികമായി തകര്‍ന്ന രോഹിത്തിന്റെ രക്ഷയ്‌ക്കെത്തിയത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു. യുവിയുടെ വാക്കുകളാണ് നിരാശയില്‍ നിന്നും കരകയറാനും ശക്തമായി ടീമിലേക്കു മടങ്ങി വരാനും തനിക്കു പ്രചോദനമായതെന്നു രോഹിത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പിനു മുന്നോടിയായി പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
2011ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയപ്പോള്‍ ഞാന്‍ വളരെയധികം ദുഖിതനായിരുന്നു. ഇനി എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ നിരാശയിലും ദുഖത്തിലും മുറിയില്‍ ഇരുന്നു. അപ്പോഴാണ് യുവി (യുവരാജ് സിങ്) എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിക്കുന്നത്. എന്നെ അദ്ദേഹത്തിനൊപ്പം ഡിന്നറിനു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ടീമില്‍ നിന്നും തഴയപ്പെടുമ്പോള്‍ അതു എങ്ങനെയാണ് ഒരാള്‍ക്കു ഫീല്‍ ചെയ്യുകയെന്നു യുവി വിശദീകരിക്കുകയും ചെയ്തതായി രോഹിത് പറയുന്നു. നിന്റെ മുന്നില്‍ ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നതാണ് ഏറ്റവും നല്ല കാര്യമെന്നു യുവി എന്നോടു പറഞ്ഞു. ഞങ്ങള്‍ ലോകകപ്പില്‍ ടീമിനു വേണ്ടി കളിക്കുമ്പോള്‍ നീ സ്വന്തം ഗെയിമിലും കഴിവുകളിലും കഠിനാധ്വാനം ചെയ്ത് തിരിച്ചുവരണമെന്നും അദ്ദേഹം ഉപദേശിച്ചു.

നിനക്കു ഇന്ത്യന്‍ ടീമിനായി കളിക്കാനും ലോകകപ്പില്‍ കളിക്കാനും ഭാവിയില്‍ അവസരം ലഭിക്കും. ഇതു നടക്കാതിരിക്കാന്‍ ഒരു വഴിയുമില്ലെന്നും യുവി ഉറപ്പിച്ചു പറഞ്ഞതായി രോഹിത് ഓര്‍മിച്ചെടുത്തു.
യുവിയുടെ ഉപദേശത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയ രോഹിത് പിന്നീട് ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ഇപ്പോള്‍ നായകസ്ഥാനത്തു വരെ എത്തി നില്‍ക്കുകയും ചെയ്യുന്നു. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളടിച്ച് ലോക റെക്കോര്‍ഡിട്ട ഹിറ്റ്മാന്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായി മാറിയിരുന്നു. 648 റണ്‍സാണ് അന്നു അദ്ദേഹം അടിച്ചെടുത്തത്.
ലോകകപ്പിനു പിന്നാലെ ഞാന്‍ 'ഡ്രോയിങ് ബോര്‍ഡിലേക്കു' പോവുകയും കഠിനാധ്വാനം നടത്തുകയും ചെയ്തു. ലോകകപ്പിനു തൊട്ടുപിന്നാലെ ഞാന്‍ ടീമിലേക്കും മടങ്ങിയെത്തി. അതിനു ശേഷം കാര്യങ്ങളെല്ലാം നന്നായി പോവുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ ഒരു താരം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ അയാള്‍ക്കുള്ള മനോവികാരം എന്തായിരിക്കുമെന്നു എനിക്കു നന്നായി അറിയാം. ആരും അതു തനിക്കു പറഞ്ഞു തരേണ്ട കാര്യമില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.