ഈ മാസം ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരളാ ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത് ആരാധകരെ വലിയ നിരാശയിലാക്കുന്നുണ്ട്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തെ ഉടനെയൊന്നും കാണാന്‍ സാധിക്കില്ലെന്നതിനാല്‍ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരളാ ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. സല്‍മാന്‍ നിസാറാണ് ടീമിനെ നയിക്കുന്നത്.
ടൂര്‍ണമെന്റില്‍ നിന്നും സഞ്ജു പിന്‍മാറിയതാണെന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. എന്നാല്‍ പിന്നീടാണ് അദ്ദേഹത്തെ ടീമില്‍ നിന്നുമൊഴിവാക്കിയതാണെന്നു വിശദീകരണം വന്നത്. വയനാട് വച്ചു നടന്ന ടീമിന്റെ ക്യാംപില്‍ സഞ്ജു പങ്കെടുത്തില്ലെന്നും ഇതു കാരണമാണ് വിജയ് ഹസാരെ ട്രോഫിയില്‍ പരിഗണിക്കാതിരുന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ അറിയിക്കുകയായിരുന്നു.

വിജയ് ഹസാരെ ട്രോഫി നഷ്ടമാവുന്നതു സഞ്ജുവിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ്. ഇതു കാരണം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില വലിയ തിരിച്ചടികളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ഇംഗ്ലണ്ടിനെതിരായ പരമ്പര
അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ട് ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തുകയാണ്. ടി20, ഏകദിന പരമ്പരകളാണ് അവര്‍ ഇവിടെ കളിക്കുന്നത്. അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്. ടി20 പരമ്പര ജനുവരി 22 മുതലും ഏകദിന പരമ്പര ഫെബ്രുവരി ആറു മുതലുമാണ്.
ടി20യില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ സഞ്ജുവിനു ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ സ്ഥാനവും ലഭിച്ചേക്കും. എന്നാല്‍ അതിനു ശേഷമുള്ള ഏകദിന പരമ്പരയില്‍ മലയാളി താരത്തിനു അവസരം കിട്ടുമോയെന്നതു സംശയമാണ്. കാരണം ഈ ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ ഫോമിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും തീര്‍ച്ചയായും സംശയങ്ങളുണ്ടാവും.
സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കനും ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ കയറിപ്പറ്റാനും സഞ്ജുവിനു മുന്നിലുള്ള സുവര്‍ണാവസരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഇതില്‍ കേരളത്തിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാനായാല്‍ അതു അദ്ദേഹത്തിനു ഇന്ത്യന്‍ ഏകദിന ടീമിലും ഇടം നേടിക്കൊടുക്കുമായിരുന്നു. പക്ഷെ വിജയ് ഹസാരെ ട്രോഫി നഷ്ടമായതു കാരണം ഈ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
ചാംപ്യന്‍സ് ട്രോഫി?
ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷമാണ് പാകിസ്താനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐസിസി ചംപ്യന്‍സ് ട്രോഫിക്കായി ഫെബ്രുവരി രണ്ടാംവാരം ഇന്ത്യന്‍ ടീം യാത്ര തിരിക്കുന്നത്. ഈ ടീമിലും ഇടം പിടിക്കാനുള്ള അവസരം കൂടിയാണ് വിജയ് ഹസാരെ ട്രോഫി മിസ്സാക്കിയതിലൂടെ സഞ്ജു സാംസണ്‍ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്.

അതിനാല്‍ തന്നെ ടീം പ്രഖ്യാപനത്തിനു മുമ്പ് ഈ ഫോര്‍മാറ്റില്‍ താരങ്ങളുടെ സമീപകാലത്തെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ തീര്‍ച്ചയായും പരിഗണിക്കുകയും ചെയ്യും. എന്നാല്‍ അവിടെയും സഞ്ജുവിനു കാര്യമായൊന്നും എടുത്തു കാണിക്കാനില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നിക്കുകയും അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും നന്നായി രപെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു സീറ്റുറപ്പാണ്.
എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്കൊപ്പം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും തഴയപ്പെട്ടാല്‍ ചാംപ്യന്‍സ് ട്രോഫി ടീമിലും സഞ്ജു അവസരം പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ വന്നാല്‍ അടുത്ത മാര്‍ച്ചില്‍ തുടങ്ങുന്ന ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ കൂടി രാജസ്ഥാന്‍ റോയല്‍സിനായി റണ്‍വേട്ട നടത്തിയ ശേഷം ടീം ഇന്ത്യയിലേക്കു അദ്ദേഹത്തിനു തിരികെ വരേണ്ടി വന്നേക്കും.