ഹെഡിങ്‌ലേ: ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം ഇംഗ്ലണ്ട് ഇംഗ്ലണ്ടിന്റെ പേസ് സെന്‍സേഷനായി മാറിയ ജോഫ്ര ആര്‍ച്ചറിനെക്കുറിച്ചാണ്. താരത്തിന്റെ തീപ്പൊരി പാറിക്കുന്ന പന്തുകള്‍ ഇതിനകം ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആര്‍ച്ചറിനെതിരേ ശരിക്കും വെള്ളം കുടിക്കുകയാണ്. രണ്ടാം ടെസ്റ്റിനിടെ ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിനു തട്ടി സ്റ്റീവ് സ്മിത്തിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു മൂന്നാം ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിട്ടുണ്ട്.

ആര്‍ച്ചറുടെ ബൗണ്‍സറിനെ എങ്ങനെ അതിജീവിക്കുമെന്നതാണ് ബാറ്റ്‌സ്മാന്‍മാരുടെ ഇപ്പോഴത്തെ ചോദ്യം. ഇതിനു രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍, ജോഫ്രയ്‌ക്കെതിരേ എങ്ങനെ കളിക്കണമെന്ന അടിക്കുറിപ്പോടെയാണ് പീറ്റേഴ്‌സന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ബൗണ്‍സര്‍ ഹെല്‍മറ്റ് കൊണ്ട് ബാറ്റ്‌സ്മാന്‍ സ്ലിപ്പിലേക്കു തട്ടിയകറ്റുന്നതാണ് വീഡിയോയിലെ ദൃശ്യം.
അതിനിടെ സ്മിത്തിനെ കളിയാക്കിക്കൊണ്ടുള്ള ആര്‍ച്ചറുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ സ്മിത്തിനെ അനുകരിച്ചു കൊണ്ടു പല ആക്ഷനില്‍ ബൗണ്‍സറില്‍ നിന്നും ആര്‍ച്ചര്‍ ഒഴിഞ്ഞുമാറുന്നതാണ് വീഡിയോയിലുള്ളത്.