കായിക രംഗത്തെ പ്രമുഖരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയമാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക താരങ്ങളും ഗോസിപ്പ് കോളങ്ങളില്‍ പേരുചേര്‍ത്തവരാണ്. എന്നാല്‍ ഗോസിപ്പ് കോളങ്ങളില്‍ മാത്രം ഒതുങ്ങു നില്‍ക്കാതെ രണ്ട് രാജ്യങ്ങളുടെ ചര്‍ച്ചാ വിഷയമായി മാറിയ ചില പ്രണയങ്ങളും കായിക രംഗത്തുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിലുള്ള പ്രണയവും വിവാഹവും.
ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയ ഭിന്നത ശക്തമായി തുടരുന്നതിനിടെയാണ് മാലിക്-സാനിയ പ്രണയവും വിവാഹവും നടക്കുന്നത്. ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരമായി സാനിയ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഈ പ്രണയ വാര്‍ത്ത പുറത്തുവന്നതോടെ വലിയ ചര്‍ച്ചയായി മാറി. സാനിയക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും രണ്ടു പേരും ധീരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഇതോടെ വലിയ വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹം നടന്നു.
2003ലാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. അന്നുതന്നെ മാലിക്കിന് സാനിയയോട് പ്രണയം തോന്നിയിരുന്നു. ഇരുവരും തമ്മില്‍ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളുമായി. സാനിയയോട് ആദ്യം പ്രണയം വെളിപ്പെടുത്തിയത് മാലിക്കായിരുന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ സാനിയ നിരസിക്കുകയും വലിയ താല്‍പര്യമില്ലാത്തതുപോലെ സംസാരിക്കുകയും ചെയ്തുവെന്ന് മാലിക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മാലിക് പതിയെ സാനിയയുടെ മനസ് കീഴടക്കി.
ആ സമയത്ത് സാനിയ കരിയറില്‍ പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നുതന്നെ മാലിക്ക് സാനിയയുമായി പ്രണയത്തിലേക്കെത്തി. പ്രണയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ വലിയ എതിര്‍പ്പുകളും ഉയര്‍ന്നു. പാക് താരത്തെ വിവാഹം കഴിക്കുന്നത് ഉള്‍ക്കൊള്ളാന്‍ പല ആരാധകര്‍ക്കും സാധിച്ചിരുന്നില്ല. ഒടുവില്‍ 2010ല്‍ സാനിയയും മാലിക്കും വിവാഹിതരായി. മാലിക് 12 മാസത്തെ വിലക്ക് നേരിടുന്ന സമയത്തായിരുന്നു സാനിയയുമായുള്ള വിവാഹം.
ചിലര്‍ക്ക് വിവാഹം കഴിക്കാന്‍ നീണ്ട വര്‍ഷത്തെ പ്രണയം വേണ്ടിവരും. ചിലര്‍ക്ക് പെട്ടെന്ന് തന്നെ പ്രണയവും വിവാഹവും നടക്കും. എനിക്ക് അതുപോലെയാണ് നടന്നതെന്ന് സാനിയ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇരുവരും വിവാഹം കഴിച്ച ശേഷവും പാപ്പരസികള്‍ പിന്തുടര്‍ന്നിരുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വരുമ്പോഴെല്ലാം വീണ്ടും സാനിയക്കെതിരേ ചോദ്യങ്ങളുയരും. ഇന്ത്യയെയാണോ പാകിസ്താനെയാണോ സാനിയ പിന്തുണക്കുകയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

എന്നാല്‍ വിവാഹത്തിന് ശേഷവും ഇന്ത്യക്കായി സാനിയ ടെന്നിസ് കളിച്ചു. വിവാഹത്തിലൂടെ ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാനിയ തയ്യാറല്ലായിരുന്നു. 2017ല്‍ പരിക്കിനെത്തുടര്‍ന്ന് സാനിയ കരിയറില്‍ നിന്ന് ഇടവേളയെടുത്തിയിരുന്നു. 2018 ഒക്ടോബറില്‍ സാനിയക്കും മാലിക്കിനും കുഞ്ഞും പിറന്നു. രണ്ടുപേരും മികച്ച ദാമ്പത്യമാണ് നയിച്ചിരുന്നതെങ്കിലും കഴിഞ്ഞിടെ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാലിക്കും പാകിസ്താനിലെ പ്രമുഖ മോഡലും തമ്മില്‍ കഴിഞ്ഞിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. രണ്ട് പേരും ഇഴകിച്ചേര്‍ന്നുള്ള തരത്തുലുള്ളതായിരുന്നു കൂടുതല്‍ ചിത്രങ്ങളും. ഇതില്‍ സാനിയക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് അഭിപ്രായ ഭിന്നതയുണ്ടാവുകയും വേര്‍പിരിയാന്‍ തയ്യാറാവുകയാണെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം ദമ്പതികള്‍ നിരസിച്ചിരുന്നു. ഇരുവരും ഒന്നിച്ച് അഭിമുഖങ്ങളിലെത്തുകയും ചെയ്തിരുന്നു.
സാനിയ ടെന്നിസില്‍ നിന്ന് വിരമിച്ച ശേഷം വീട്ടില്‍ത്തന്നെയാണ് തുടരുന്നത്. ഇതിനിടെ സാനിയ മാലിക്കിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളും ഇരുവരും തള്ളിക്കളഞ്ഞിരുന്നു. സാനിയയുടെ അവസാന ജന്മദിനത്തിലും ആശംസകള്‍ നേര്‍ന്ന് മാലിക് എത്തിയിരുന്നു. വലിയ വിവാദം സൃഷ്ടിച്ച വിവാദമായതിനാല്‍ത്തന്നെ വേര്‍പിരിഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്.