IND vs SA: ഏകദിന ടീമിലേക്കു ധവാന് എങ്ങനെ മടങ്ങിയെത്താം? മുന്‍ കോച്ച് പറയുന്നത് ഇങ്ങനെ
സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ദേശീയ താരവും മുഖ്യ കോച്ചുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ്. ജനുവരിയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തെങ്കിലും സൗത്താഫ്രിക്കയിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
ഏകദിന പരമ്പരയില്‍ ധവാനു ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കെഎല്‍ രാഹുലിനാണ് മുന്‍തൂക്കം. നിലവില്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇരുവരുമാണ് ഓപ്പണ്‍ ചെയ്യുന്നത്. ഏകദിനത്തിലും ഇവരെ തന്നെ ഇന്ത്യ ദൗത്യമേല്‍പ്പിക്കാനാണ് സാധ്യത. പക്ഷെ പരിചയസമ്പന്നനായ, കൂടാതെ രോഹിത്തിനൊപ്പം നേരത്തേ ഏകദിനത്തില്‍ നിരവധി മാച്ച് വിന്നിങ് കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുള്ള ധവാനെ പുറത്തിരുത്തിയാല്‍ തിരിച്ചടിയാവുമോയെന്ന ആശങ്കയും ടീം മാനേജ്‌മെന്റിനുണ്ട്.

ഒരൊറ്റ മികച്ച ഇന്നിങ്‌സ് മതി
നിലവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ശിഖര്‍ ധവാന്‍. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ ടൂര്‍ണമെന്റില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കേണ്ടതുണ്ട്.
സെലക്ടര്‍മാര്‍ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുത് എന്നതിനെ ആശ്രയിച്ചിരിക്കും ധവാന്റെ ടീമിലേക്കുള്ള മടങ്ങിവരവെന്നു ഗെയ്ക്വാദ് അഭിപ്രായപ്പെട്ടു. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഫോം മാറിക്കൊണ്ടിരിക്കാം, പക്ഷെ അയാളുടെ നിലവാരം അതു പോലെ തന്നെ തുടരും. ശിഖറിനെപ്പോലെയുള്ള ഒരു ബാറ്റര്‍ക്കു ഫോം വീണ്ടെടുക്കാന്‍ ഒരൊറ്റ മകച്ച ഇന്നിങ്‌സ് മാത്രം മതി. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു മോശം സമയത്തിലൂടെ കടന്നു പോവേണ്ടതായി വരും, മികച്ച കളിക്കാര്‍ക്കു പോലും സംഭവിക്കുന്ന കാര്യമാണിത്. സുനില്‍ ഗവാസ്‌കര്‍, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവര്‍ക്കെല്ലാം ഇതുപോലെയുളള അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. ഈയൊരു ഘട്ടത്തില്‍ നിങ്ങള്‍ എന്തു തന്നെ ശ്രമിച്ചാലും അതിനു പ്രതീക്ഷിച്ച ഫലം ലഭിക്കില്ലെന്നും ഗെയ്ക്വാദ് നിരീക്ഷിച്ചു.

പിഴയ്ക്കുന്നത് എവിടെ?
ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോള്‍ എവിടെയാണ് പിഴയ്ക്കുന്നതെന്നു പോലും ഒരു ക്രിക്കറ്റര്‍ക്കു തിരിച്ചറിയാന്‍ സാധിക്കില്ല. ഇത്തരം സമയങ്ങളില്‍ ആത്മാന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണ്. എന്തുകൊണ്ടാണ് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തതെന്നു നിങ്ങള്‍ക്കു കണ്ടെത്താനാവില്ല. അതു മാനസികമാണോ, അല്ലെങ്കില്‍ സാങ്കേതികപരമായ എന്തെങ്കിലുമാണോ പ്രകടനത്തെ ബാധിക്കുന്നതെന്നും തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങള്‍ തളരരുത്, മികച്ചൊരു ഇന്നിങ്‌സ് ഉടന്‍ വരുമെന്ന് മനസ്സില്‍ ഉറപ്പിക്കണം. ആവശ്യമെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ ചെറിയൊരു ബ്രേക്കെടുത്ത ശേഷം ഫ്രഷായി തിരിച്ചുവരവിനു ശ്രമിക്കാവുന്നതാണെന്നും ഗെയ്ക്വാദ് വിശദമാക്കി.

ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ടു
യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിട്ടും തൊട്ടു പിന്നാലെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും ശിഖര്‍ ധവാന്‍ തഴയപ്പെട്ടിരുന്നു. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തെയായിരുന്നു ലോകകപ്പില്‍ ഇന്ത്യ ഓപ്പണിങ് ജോടികളായി തിരഞ്ഞെടുത്തത്.
ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ധവാനു തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇവയില്‍ നിന്നും 26 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരു കളിയില്‍ ഡെക്കാവുകയും ചെയ്തു. ജാര്‍ഖണ്ഡിനെതിരായ മല്‍സരത്തിലായിരുന്നു ഇത്. ശനിയാഴ്ച ചണ്ഡീഗഡില്‍ നടന്ന അവസാനത്തെ കളിയില്‍ 22 ബോളില്‍ 14 റണ്‍സെടുത്ത് ധവാന്‍ പുറത്തായിരുന്നു. അതേസമയം, യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 207 റണ്‍സ് നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications