ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലേറ്റ പരാജയത്തേക്കാള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കാണ്. വാരിയേല്ലിനു സാരമായി പരിക്കേറ്റ അദ്ദേഹത്തെ സിഡ്‌നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നു ഐസിയുവില്‍ നിരീക്ഷണത്തിലുമായിരുന്നു താരം.
എന്നാല്‍ ഇപ്പോള്‍ ശ്രേയസിനെ ഐസിയുവില്‍ നിന്നും മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അദ്ദേഹം അപകടനില തരണവും ചെയ്തു കഴിഞ്ഞു. വാരിയെല്ലിനു സംഭവിച്ച ഈ ക്ഷതം എത്രത്തോളം ഗൗരവമുള്ളതാണെന്നും ശ്രേയസിനു ഇനി എപ്പോഴായിരിക്കും കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ കഴിയുകയെന്നും പരിശോധിക്കാം.

പരിക്ക് ഭയക്കേണ്ടതോ?
ശ്രേയസ് അയ്യരുടെ പ്ലീഹയില്‍ (Spleen) മുറിവ് കണ്ടെത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റാനുള്ള പ്രധാന കാരണം. പ്ലീഹയെന്നത് മനുഷ്യ ശരീരത്തില്‍ രക്തചംക്രമണത്തിനു വളരെയധികം സാധ്യതയുള്ള അവയവമാണ്. അതുകൊണ്ടു തന്നെ അവിടെ രക്തസ്രാവമുണ്ടായാല്‍ റിസ്‌ക്കും വളരെ കൂടുതലാണ്. അതിനാല്‍ വളരെയധികം ശ്രദ്ധയും സൂക്ഷ്മ നിരീക്ഷണവും കൂടിയേ തീരൂ.
കായിക രംഗത്തുള്ളവര്‍ക്കു താഴ്ന്ന ഗ്രേഡിലുള്ള മുറിവുകള്‍ക്കു സാധാരണയായി ശസ്തക്രിയകള്‍ ആവശ്യമായി വരാറില്ല. പക്ഷെ കര്‍ശനമായ വിശ്രമവും നിരന്തരമുള്ള നിരീക്ഷണവും നിര്‍ബന്ധമായും വേണം. ഉയര്‍ന്ന ഗ്രേഡിനുള്ള മുറിവുകള്‍ക്കു ചിലപ്പോള്‍ ഐസിയു പരിചരണം ആവശ്യമായി വരും. അപൂര്‍വ്വം സന്ദര്‍ങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവന്നേക്കും.
ശ്രേയസിന്റെ കാര്യത്തിലേക്കു വന്നാല്‍ ആന്തരിക രക്തസ്രാവവും ഐസിയു നിരീക്ഷണവുമെല്ലാം പരിക്ക് എത്രത്തോളം സാരമുള്ളാണെന്നു തന്നെയാണ് കാണിക്കുന്നത്. പൂര്‍ണ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും പരിക്ക് വളരെ ഗൗരവമേറിയതു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
ശ്രേയസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ത്?
സിഡ്‌നിയിലെ ആശുപത്രിയില്‍ തന്നെയാണെങ്കിലും ശ്രേയസ് അയ്യര്‍ അപകടനില തരണം ചെയ്തു കഴിഞ്ഞുവെന്നാണ് മനസ്സിലാവുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം. ബിസിസിഐയുടെ ഡോക്ടറും ഇവിടെയുണ്ട്.
ആശുപത്രിയില്‍ മകനു കൂട്ടിരിക്കാന്‍ ശ്രേയസിന്റെ മാതാപിതാക്കള്‍ അടിയന്തര വിസയ്ക്കു വേണ്ടി അക്ഷേിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ശ്രേയസിനു പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അടുത്ത മാസമവസാനം സൗത്താഫ്രിക്കയുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പര അദ്ദേഹത്തിനു നഷ്ടമായേക്കുമെന്നാണ് വിവരം.

സാധാരണയായി താഴ്ന്ന ഗ്രേഡിലുള്ള പ്ലീഹയിലെ മുറിവിനു ആറു മുതല്‍ 12 ആഴ്ചകള്‍ വരെ വിശ്രമം ആവശ്യമായി വരും. എന്നാല്‍ ഉയര്‍ന്ന ഗ്രേഡിലുള്ള പരിക്കുകളാണെങ്കില്‍ മൂന്നു മുതല്‍ ആറു മാസം വരെ വിശ്രമം ആവശ്യമാണ്. പ്രത്യേകിച്ചും ഐസിയു നിരീക്ഷണവും സങ്കീര്‍ണതകളുമുള്ള കേസുകള്‍ക്കാണ് ഇതു വേണ്ടി വരാറുള്ളത്.
വില്ലനായത് ആ ക്യാച്ച്
ശ്രേയസ് അയ്യരെ ഇപ്പോള്‍ അപകടകരായ അവസ്ഥയിലേക്കു നയിച്ചത് ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി ഏകദിന മല്‍സരത്തിലെ ക്യാച്ചായിരുന്നു. കളിയുടെ 34ാം ഓവറിലായിരുന്നു സംഭവം. ഹര്‍ഷിത് റാണയുടെ ബൗളിങില്‍ മീഡ് ഓഫിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു അലെക്‌സ് കാരിയുടെ ശ്രമം.
പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. മുകളിലേക്കുയര്‍ന്ന ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ നിന്നും പിറകിലേക്കു ഓടിയ ശേഷം മുന്നിലേക്കു ഡൈവ് ചെയ്ത് ശ്രേയസ് കൈയ്ക്കുള്ളിലാക്കുകയായിരുന്നു.
ക്യാച്ചെടുത്ത ശേഷം നിലത്തു വീഴവെയാണ് അദ്ദേഹത്തിന്റെ നെഞ്ചിന്റെ ഭാഗം ശക്തമായി നിലത്തിടിച്ചത്. വേദന കൊണ്ടു പിടഞ്ഞ ശ്രേയസിനെ മെഡിക്കല്‍ സംഘമെത്തി ഉടന്‍ പുറത്തേക്കു കൊണ്ടു പോവുകയായിരുന്നു. പിന്നാലെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.