ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയ്‌സ്വാള്‍ വളരെ പെട്ടെന്നാണ് ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിയത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ജയ്‌സ്വാള്‍ ഇനി ഏകദിനത്തിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.
യഥാര്‍ഥത്തില്‍ ജയ്‌സ്വാളെന്ന പുതിയ സൂപ്പര്‍ താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതില്‍ ഏറ്റവുമധികം ക്രെഡിറ്റ് അര്‍ഹിക്കുന്നയാള്‍ മലയാളി താരം സഞ്ജു സാംസണാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ അദ്ദേഹം ടീമില്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് ജയ്‌സ്വാളിന്റെ ഈ വളര്‍ച്ചയ്ക്കു പിന്നില്‍.

2020ലെ ഐപിഎല്ലിലൂടെയാണ് റോയല്‍സിനൊപ്പം ജയ്‌സ്വാള്‍ അരങ്ങേറിയത്. ഈ സീസണില്‍ ടീമിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. വെറും മൂന്നു മല്‍സരങ്ങളിലാണ് സീസണില്‍ ജയ്‌സ്വാളിനു കളിക്കാന്‍ സാധിച്ചത്. 2021ല്‍ സ്മിത്തിനു പകരം സഞ്ജു നായകസ്ഥാനമേറ്റെടുത്തതോടെ ജയ്‌സ്വാളിന്റെയും സമയം തെളിഞ്ഞു തുടങ്ങി.
10 മല്‍സരങ്ങളില്‍ നിന്നും 249 റണ്‍സ് താരം നേടുകയും ചെയ്തു. സീസണിനു ശേഷം മെഗാ താരലേലം നടന്നെങ്കിലും ജയ്‌സ്വാളിനെ റോയല്‍സ് കൈവിട്ടില്ല. ജയ്‌സ്വാളിന്റെ പ്രതിഭയിലും അഗ്രസീവ് ബാറ്റിങ് ശൈലിയിലും വലിയ വിശ്വാസം സഞ്ജുവിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ അവസരങ്ങളും 22 കാരനായ താരത്തിനു ലഭിക്കാന്‍ തുടങ്ങി.
2022ല്‍ 10 മല്‍സരങ്ങളാണ് ജയ്‌സ്വാള്‍ കളിച്ചത്. നേടാനായത് 258 റണ്‍സുമാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. നല്ല തുടക്കം ലഭിച്ച ശേഷം പലപ്പോഴും വിക്കറ്റ് വലിച്ചെറിയുന്ന പതിവ് ജയ്‌സ്വാളിനുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ സഞ്ജു അദ്ദേഹത്തോടു കൂടുതല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കമെന്നും ഉപദേശിക്കുകയായിരുന്നു. ഇതു ഉള്‍ക്കൊണ്ടു കളിച്ച ജയ്‌സ്വാള്‍ 2023ലെ ഐപിഎല്ലില്‍ വലിയ റണ്‍വേട്ടയാണ് നടത്തിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണും ഇതു തന്നെയായിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 625 റണ്‍സാണ്. കന്നി സെഞ്ച്വറി കണ്ടെത്തിയ താരം അഞ്ചു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കു ജയ്‌സ്വാളിനു വഴി തുറന്നതും ഈ റണ്‍വേട്ടയായിരുന്നു. മധ്യ ഓവറുകളില്‍ തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത് സഞ്ജു നല്‍കിയ ഉപദേശമാണെന്നു പിന്നീട് ജയ്‌സ്വാള്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷത്തെ ഐപിഎല്‍ ജയ്‌സ്വാളിനെ സംബന്ധിച്ച് മികച്ചതായിരുന്നില്ല. ബാറ്റിങില്‍ അദ്ദേഹം തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നു. ഭൂരിഭാഗം മല്‍സരങ്ങളിലും പവര്‍പ്ലേയില്‍ തന്നെ താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യമുയര്‍ന്നു. കോച്ച് കുമാര്‍ സങ്കക്കാരയും ജയ്‌സ്വാളിനെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചതായി സൂചനകളുണ്ടായിരുന്നു.
പക്ഷെ ജയ്‌സ്വാളിനൊപ്പം സഞ്ജു ഉറച്ചുനിന്നു. കാരണം താരത്തിന്റെ അസാധാരണമായ കഴിവില്‍ അദ്ദേഹത്തിനു പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മോശം ഫോമിലൂടെ കടന്നു പോയപ്പോഴും ഒരിക്കല്‍പ്പോലും പ്ലെയിങ് ഇലവനില്‍ നിന്നും ജയ്‌സ്വാളിനെ ഒഴിവാക്കാന്‍ സഞ്ജു തയ്യാറായില്ല. തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായ ജയ്‌സ്വാള്‍ എട്ടാമത്തെ കളിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്റെ വിശ്വാസം കാത്തു.
കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേ ജയ്പൂരില്‍ നടന്ന കളിയില്‍ സെഞ്ച്വറിയുമായാണ് ജയ്‌സ്വാള്‍ ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. 60 ബോളില്‍ ഒമ്പതു ഫോറും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 104 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചെടുത്തു. നേരത്തേ മോശം പ്രകടനങ്ങളുടെ പേരില്‍ ജയ്‌സ്വാളിനെ സഞ്ജു കൈവിട്ടിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. ക്യാപ്റ്റന്‍ നല്‍കിയ പിന്തുണയും ധൈര്യവുമാണ് കരിയറിലെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറാന്‍ അന്നു അദ്ദേഹത്തെ സഹായിച്ചത്.