ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗത്തു നിന്നും നിരന്തരം അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണെങ്കിലും തോറ്റു പിന്‍മാറാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തയ്യാറാല്ല. കൂടുതല്‍ ഊര്‍ജത്തോടെ ശക്തമായി തിരിച്ചുവരാനും ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനും അദ്ദേഹം ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സഞ്ജു പരിശീലനം ആരംഭിച്ചിരിക്കുകയാണ്.
ഫിറ്റ്‌നസും ശരീരത്തിന്റെ കരുത്തും കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിനായി വര്‍ക്കൗട്ട് പ്ലാനും സഞ്ജു തയ്യാറാക്കിക്കഴിഞ്ഞു. ഇതു എന്തൊക്കെയാണെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വര്‍ക്കൗട്ട് പ്ലാന്‍ ആരാധകരുമായി സഞ്ജു പങ്കുവച്ചത്. ഇതു ഫോളോ ചെയ്ത് കൂടുതല്‍ ഫിറ്റായി, കരുത്തനായി അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ തിരികെയെത്താമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

ജിമ്മിലെ വര്‍ക്കൗട്ട് പ്ലാനിനെക്കുറിച്ച് എഴുതിയ ഒരു ബോര്‍ഡിന്റെ ഫോട്ടോയായിരുന്നു സഞ്ജു പങ്കുവച്ചത്. സ്പ്ലിറ്റ് സ്‌ക്വാറ്റ്‌സ്, ലാറ്ററല്‍ ലുംജസ്, ഹെഡ് കാഫ് എക്‌സൈസ്, ഗ്ലൂട്ട് എക്‌സൈസ് എന്നിവയാണ് തന്റെ വര്‍ക്കൗട്ട് പ്ലാനില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
മൂന്നു വമ്പന്‍ ടൂര്‍ണമെന്റുകളിലാണ് അടുത്തിടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടത്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഐസിസിയുടെ ഏകദിന ലോകകപ്പ് എന്നിവയിലാണ് അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലായിരുന്നു സഞ്ജുവിനു ആദ്യം സ്ഥാനം നഷ്ടമായത്.

റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കി യുവനിരയെയായിരുന്നു ഏഷ്യാഡിനായി ഇന്ത്യ തിരഞ്ഞെടുത്തത്. ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തിയത്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരെയൊന്നും പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സഞ്ജു തഴയപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ അടം ലഭിക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത 17 അംഗ സ്‌ക്വാഡില്‍ സഞ്ജു ഇല്ലായിരുന്നു.
ഇതോടെ ലോകകപ്പ് ടീമിലും അദ്ദേഹത്തിനു ഇടം ലഭിക്കില്ലെന്നു ഉറപ്പാവുകയും ചെയ്തു. അടുത്തിടെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേര് ഇല്ലായിരുന്നു.
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിനെക്കുറിച്ചു നേരത്തേ ചില സംശയങ്ങളുണ്ടായിരുന്നു. ഏഷ്യാ കപ്പില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ലായിന്നു. ഇതേ തുടര്‍ന്നാണ് ട്രാവലിങ് ബാക്കപ്പായി സഞ്ജുവിനെ ടീമിനൊപ്പം ശ്രീലങ്കയിലേക്കു കൂട്ടിയത്.
രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയാല്‍ മാത്രമേ അദ്ദേഹത്തിനു പ്രധാന ടീമിന്റെ ഭാഗമാവാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷെ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് രാഹുല്‍ ലങ്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരികെ അയക്കുകയായിരുന്നു.
അതേസമയം, ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. അതിലും സഞ്ജുവിനു ഇടമുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.