ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇപ്പോള്‍ ഫിറ്റ്‌നസിനു വളരെ വലിയ പ്രാധാന്യമാണുള്ള കാലഘട്ടമാണിത്. എത്ര തന്നെ നന്നായി പെര്‍ഫോം ചെയ്താലും ആ താരത്തിനു ഫിറ്റ്‌നസില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. ഈ കാരണത്താല്‍ തന്നെ വലിയ ഗൗരവത്തോടെയാണ് ഫിറ്റ്‌നസിനെ കളിക്കാര്‍ നോക്കിക്കാണുന്നത്.
എത്രത്തോളം ഫിറ്റാവാന്‍ സാധിക്കുന്നുവോ അത്രത്തോളം നല്ലത് എന്ന മന്ത്രമാണ് താരങ്ങള്‍ പിന്തുടരുന്നത്. വളരെ മികച്ച ഫിറ്റ്‌നസുള്ള ഒരുപാട് ഇന്ത്യന്‍ താരങ്ങളെ നമുക്കു നിലവില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അക്കൂട്ടത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. അല്‍പ്പം തടിച്ച ശരീരപ്രകൃതമാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സഞ്ജു ആരുടെയും പിന്നിലല്ല.

വിക്കറ്റിനു പിറകില്‍ ചടുലമായ റിഫ്‌ളക്‌സുകള്‍ക്കും പറക്കും ക്യാച്ചുകള്‍ക്കുമെല്ലാം സഞ്ജുവിനെ സഹായിക്കുന്നത് ഈ ഫിറ്റ്നസ് തന്നെയാണ്. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമെല്ലാം നേരത്തേ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ സഞ്ജു നടത്തിയ ചില അദ്ഭുകരമായ പറക്കും രക്ഷപ്പെടുത്തലുകള്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു. അസാധാരണമായ ഫിറ്റ്‌നസാണ് ഇത്രയും നല്ല മെയ്‌വഴക്കം അദ്ദേഹത്തിനു നേടിക്കൊടുത്തത്.
ഉയര്‍ന്ന നിലവാരത്തിലുള്ള ഫിറ്റ്‌നസ് നേടിയെടുക്കാനും അതു നിലനിര്‍ത്താനും സഞ്ജു എന്തൊക്കെയാണ് ചെയ്തു വരുന്നത്? അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം, വര്‍ക്കൗട്ട് പ്ലാന്‍ ഇവയെക്കുറിച്ചുമെല്ലാം അറിയാം. ടീമംഗവും നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കായിക താരങ്ങളില്‍ ഓരാളുമായ വിരാട് കോലിയെയാണ് സഞ്ജു മാതൃകയാക്കുന്നത്. ഭക്ഷണരീതി, വര്‍ക്കൗട്ട് എന്നിവയിലെല്ലാം കോലി പിന്തുടര്‍ന്നു വരുന്ന രീതിയാണ് സഞ്ജുവും പിന്തുടരുന്നത്.
2020 മുതലായിരുന്നു ഫിറ്റ്‌നസിനെക്കുറിച്ച് സഞ്ജു കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയത്. അന്നു കോലിയുമായി ഇതേക്കുറിച്ച് സംസാരിച്ച ശേഷമാണ് ഫിറ്റ്‌നസിനെക്കുറിച്ചുള്ള തന്റെ അതുവരെയുള്ള സങ്കല്‍പ്പങ്ങള്‍ മുഴുവന്‍ മാറിയതെന്നു അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയ സഞ്ജു ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ശീലമാക്കുകയും ചെയ്യുകയായിരുന്നു.
ശരീരത്തിന്റെ കീഴ്ഭാഗം, പുറംഭാഗം എന്നിവയില്‍ ശ്രദ്ധയൂന്നിയുള്ള വ്യായാമമുറകളാണ് സഞ്ജു ചെയ്തു വരുന്നത്. കാരണം ക്രിക്കറ്റ് കരിയറിന്റെ ആയുസ് പരമാവധി ദീര്‍ഘിപ്പിക്കാനും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനും ശരീരത്തിന്റെ ഈ രണ്ടു ഭാഗങ്ങളും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്നു. അതിനാല്‍ തന്നെ ഈ രണ്ടു ഭാഗങ്ങളും കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി കെറ്റ്ല്‍ബെല്‍ ലെഞ്ചസ്, ഡെഡ്‌ലിഫ്റ്റ്‌സ്, സ്‌ക്വാറ്റ്‌സ് എന്നീ വ്യായാമ മുറകളാണ് സഞ്ജു ചെയ്യാറുള്ളത്.

ശരീരത്തിന്റെ കീഴ്ഭാഗം മാത്രമല്ല മുകള്‍ഭാഗവും ഫിറ്റാക്കി നിലനിര്‍ത്തിയാല്‍ അതു ബാറ്റിങിലും സഞ്ജുവിനെ ഏറെ സഹായിക്കും. വെടിയുണ്ട കണക്കെയുള്ള ഫോറുകളും സിക്‌സറുകളും തൊടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും ഇതു തന്നെയാണ്. ശരീരത്തിന്റെ മുകള്‍ഭാഗം കൂടുല്‍ ദൃഢമാക്കുന്നതിനു വേണ്ടി ഇരുന്നു കൊണ്ടുള്ള ലാറ്റ് പുള്‍ ഡൗണ്‍, ഇന്‍ക്ലൈന്‍ ബെഞ്ച് പ്രെസ്, ബൈസപ്പ് കേള്‍സ് എന്നീ വ്യായാമ മുറകളാണ് സഞ്ജു പ്രധാനമായും ചെയ്യാറുള്ളത്. 2020ലെ ലോക്ക്ഡൗണ്‍ കാലത്തു ക്രിക്കറ്റ് മല്‍സരങ്ങള്‍ പൂര്‍ണമായി നിലച്ച സമയങ്ങളില്‍ ഏഴ്- എട്ട് മണിക്കൂറിലധികം അദ്ദേഹം ജിമ്മില്‍ ചെലവഴിച്ചിരുന്നു.
സഞ്ജുവിന്റെ ഭക്ഷണ ക്രമം നോക്കുകയാണെങ്കില്‍ അതേക്കുറിച്ച് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മുട്ട, പാല്‍ എന്നിവയ്‌ക്കൊപ്പം പച്ചക്കറികളും ഭക്ഷണ ക്രമത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ട്. 2020ലെ ഐപിഎല്‍ സമയത്തു കമന്റേറ്റര്‍മാരുടെ നിരയിലുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍ സഞ്ജുവിന്റെ ഭക്ഷണ ക്രമത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു.
കുറച്ചുമാസം സഞ്ജു സസ്യാഹാര പ്രിയനായിരുന്നു. പിന്നെ മുട്ടയും മാസവുമെല്ലാം തന്റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ സമയത്തു ഭ്രാന്തമായാണ് അദ്ദേഹം വ്യായാമം നടത്തിയത്. അതിശയിപ്പിക്കുന്ന സമര്‍പ്പണമാണ് ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പീറ്റേഴ്‌സന്‍ കുറിച്ചത്.