ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു വര്‍ഷം തന്നെയാണ് കടന്നു പോവുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമെന്നു തന്നെ 2024നെ നമുക്കു വിശേഷിപ്പിക്കാം. ദേശീയ ടീമിനൊപ്പം ഐസിസിയുടെ ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഈ ഫോര്‍മാറ്റില്‍ മൂന്നു കിടിലന്‍ സെഞ്ച്വറികള്‍ കുറിക്കാനും സഞ്ജുവിനായിരുന്നു. ഈ പ്രകടനത്തോടെ ടി20 ടീമില്‍ തന്റെ സ്ഥാനം അദ്ദേഹം ഏറെക്കുറെ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ടി20യില്‍ സഞ്ജുവിന്റെ പ്രഹരശേഷിയില്‍ അദ്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഈ വര്‍ഷം സംഭവിച്ചിട്ടുള്ളത്. ഓരോ വര്‍ഷം തോറും സ്‌ട്രൈക്ക് റേറ്റ് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതായി കാണാം. 2021ല്‍ 135ഉം 2022ല്‍ 146ഉം ആയിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷി. കഴിഞ്ഞ വര്‍ഷം ഇതു 153ലേക്കുയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം ഇതു റോക്കറ്റ് പോലെ ഒറ്റയടിക്കു 180ലേക്കു കുതിച്ചിരിക്കുകയാണ്.

ടി20യില്‍ തന്റെ സ്‌ട്രൈക്ക് റേറ്റ് ഈ തരത്തില്‍ വര്‍ധിക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമായി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ എബി ഡിവില്ലിയേഴ്‌സ് 360യില്‍ (AB de Villiers 360) സംസാരിക്കുകയായിരുന്നു മലയാളി താരം.
പ്രഹരശേഷിക്കു പിന്നില്‍?
അന്താരാഷ്ട്ര ടി20യില്‍ ഈ വര്‍ഷം സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിനു വേണ്ടി പ്രത്യേകമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബാറ്റിങ് ശൈലി നോക്കിയാല്‍ ഞാന്‍ എല്ലായ്‌പ്പോഴും ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്റെ സ്വഭാവം എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയാണ്. പോസിറ്റീവായി കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഓരോ തവണ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും സ്വയം പ്രകടിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ടി20 മല്‍സരത്തില്‍ കളിക്കുമ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കാറുള്ളത് 20 ഓവറുകളെന്നത് വളരെ ചെറുതാണെന്നാണ്. ഏഴ്- എട്ട് ബാറ്റര്‍മാര്‍ ഡ്രസിങ് റൂമില്‍ അവസരം കാത്തിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ക്രീസിലെത്തിയാല്‍ നിങ്ങള്‍ ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നത് എന്താണോ അതാണ് ചെയ്യാന്‍ ശ്രമിക്കേണ്ടതെന്നും സഞ്ജു വ്യക്തമാക്കി.
ബോള്‍ പാഴാക്കരുത്
ടി20 ക്രിക്കറ്റില്‍ എന്താണ് മികച്ച ടോട്ടലെന്നു നിങ്ങള്‍ക്കു ഒരിക്കലും പറയാന്‍ കഴിയില്ലെന്നു സഞ്ജു സാംസണ്‍ പറയുന്നു. ടി20യില്‍ നിങ്ങളൊരു ടോട്ടല്‍ പടുത്തുയര്‍ത്തുമ്പോള്‍ എത്രയാണ് നല്ല സ്‌കോറെന്നു നിങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യാനെത്തിയാല്‍ നിങ്ങളെന്തിന് ബോളുകളും സമയവുമെല്ലാം പാഴാക്കണം? ഈ ചോദ്യമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയ ശേഷം ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയത്.

ഒരു സ്ലോ വിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ ഈ കാരണം പറഞ്ഞ് 150-160 റണ്‍സ് മാത്രമേ ഞങ്ങള്‍ നേടൂയെന്നു പറയാന്‍ പാടില്ല. രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് മെച്ചപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ബൗളര്‍മാര്‍ ഉജ്ജ്വല ബൗളിങിലൂടെ എതിര്‍ ടീമിനെ അതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ഓള്‍ ഔട്ടാക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണ്. ബാറ്റര്‍മാര്‍ റിസ്‌ക്കെടുക്കുകയും വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും വേണം. കാരണം റണ്‍ ചേസിങ്ങെന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം സഞ്ജുവിനെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം കാണാവുക ജനുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാവും. ജനുവരി 22നാണ് ടി20 പരമ്പരയ്ക്കു തുടക്കാവുന്നത്. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ടീമിന്റെ ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായിരുന്നു സഞ്ജു. ഇംഗ്ലണ്ടിനെതിരേയും ഇതേ റോള്‍ അദ്ദേഹത്തിനു ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.