ലോക ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവും കൂളായി സിക്‌സറുകള്‍ പായിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ആരെയും അനായാസം ഗ്രൗണ്ടിനു പുറത്തേക്കു പറത്താനുള്ള കൈക്കരുത്ത് അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കൊപ്പവുമെല്ലാം നമ്മള്‍ സഞ്ജുവിന്റ കണ്ണഞ്ചിപ്പിക്കുന്ന നിരവധി സിക്‌സറുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.
യഥാര്‍ഥത്തില്‍ ഇത്ര അനായാസമായി അദ്ദേഹത്തിനു സിക്‌സറുകള്‍ പായിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? സഞ്ജുവിന്റെ വ്യത്യസ്തമായ പരിശീലന രീതിയാണ് ഇതിനു പിന്നിലെന്നു കാണാം. കൂറ്റന്‍ സിക്‌സറുകള്‍ പറത്താന്‍ അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പിനെക്കുറിച്ചറിയാം.

സഞ്ജുവിന്റെ പരിശീലന രീതി
ഒരു ഹൈ പെര്‍ഫോമന്‍സ് സെന്ററിലെത്തിയാണ് സഞ്ജു സാംസണ്‍ ബാറ്റിങിലെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുള്ളത്. തുടര്‍ന്നു റേഞ്ച് ഹിറ്റിങില്‍ (Range Hitting) അദ്ദേഹം ഇവിടെ പരിശീലനം നടത്തുകയും ചെയ്യുന്നു. സാധാരണയായി റേഞ്ച് ഹിറ്റിങില്‍ ബാറ്റര്‍മാര്‍ ചെയ്തു വരുന്ന പരിശീലന രീതിയില്‍ നിന്നും വ്യത്യസ്തമാണ് സഞ്ജുവിന്റെ രീതി.
മൈതാന മധ്യത്തില്‍ വച്ചാണ് മറ്റു ബാറ്റര്‍മാര്‍ പരിശീലനം നടത്താറുള്ളത്. അവിടെ നിന്നും ഗ്രൗണ്ടിനു പുറത്തേക്കു സിക്‌സറുകള്‍ പായിച്ച് അവര്‍ പരിശീലനം നടത്തുകയും ചെയ്യും. പക്ഷെ സഞ്ജുവിന്റെ പരിശീലന രീതി തീര്‍ത്തും വ്യത്യസ്തമാണ്. മൈതാനത്തിന്റെ ഏറ്റവും അവസാനം പോയാണ് അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്നത്.
ബൗണ്ടറി ലൈനിന് അരികില്‍ ബാറ്റുമായി നിലയുറപ്പിച്ച ശേഷം സ്പിന്നര്‍മാരോടു തനിക്കെതിരേ ബൗള്‍ ചെയ്യാന്‍ സഞ്ജു ആവശ്യപ്പെടുകയും ചെയ്യം. അതായത് പിച്ചിലല്ല, മറിച്ച് സാധാരണ പുല്ലില്‍ വച്ചാണ് അദ്ദേഹം സ്പിന്നര്‍മാരെ നേരിടുന്നത്. ഇവിടെ നിന്നും ഗ്രൗണ്ടിന്റെ മറുഭാഗത്തുള്ള ബൗണ്ടറി ലൈനിനു മുകളിലൂടെ ഷോട്ടുകള്‍ പായിക്കാനാണ് സഞ്ജു പരിശീലനം നടത്താറുള്ളത്.
അവിടെ നിന്നും ഷോട്ട് കളിക്കുമ്പോള്‍ ഗ്രൗണ്ടിന്റെ രണ്ടിരട്ടി ദൂരത്തില്‍ അദ്ദേഹത്തിനു ബോള്‍ പായിക്കേണ്ടതായും വരും. ഈ പരിശീലന രീതി വലിയ ദൂരം അനായാസം പിന്നിടാന്‍ താരത്തെ സഹായിക്കും. ഇതാണ് യഥാര്‍ഥ മല്‍സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പോലും കൂറ്റന്‍ സിക്‌സറുകള്‍ പറത്താന്‍ സഞ്ജുവിനെ സഹായിക്കുന്നത്.

500ന് മുകളില്‍ സിക്‌സുകള്‍
ക്രിക്കറ്റ് കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 500ന് മുകളില്‍ സിക്‌സറുകള്‍ സഞ്ജു സാംസണ്‍ സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. 538 സിക്‌സറുകളാണ് ആകെ സമ്പാദ്യം. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിക്‌സുകളും ഐപിഎല്ലില്‍ നിന്നും തന്നെയാണ്. ഐപിഎല്ലുള്‍പ്പെടെ ടി20 കരിയറില്‍ സഞ്ജു വാരിക്കൂട്ടിയത് 302 സിക്‌സറുകളാണ്. 278 മല്‍സരങ്ങളില്‍ നിന്നാണിത്. അദ്ദേഹത്തിന്റെ 302 സിക്‌സുകളില്‍ 206ഉം ഐപിഎല്ലില്‍ നിന്നാണ്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 128 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 109 സിക്‌സറുകളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 63 മല്‍സരങ്ങളില്‍ നിന്നും 86 സിക്‌സുകളും മലയാളി താരം പായിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറെടുത്താല്‍ സഞ്ജുവിനു കൂടുതല്‍ സിക്‌സുകളുള്ളത് ഏകദിനത്തിലാണ്. 16 മല്‍സരങ്ങളില്‍ നിന്നും 22 സിക്‌സുകളാണ് അദ്ദേഹം പായിച്ചത്. 30 ടി0കളില്‍ നിന്നും 19 സിക്‌സറുകളും നേടി.
അതേസമയം, സഞ്ജുവിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത് ദുലീപ് ട്രോഫിയുടെ രണ്ടാംറൗണ്ടില്‍ ഇന്ത്യ ഡി ടീമിനോടൊപ്പമാണ്. ശ്രേയസ് അയ്യര്‍ നയിച്ച ടീമിനായി രണ്ടിന്നിങ്‌സുകളില്‍ നിന്നും 45 റണ്‍സ് മാത്രമ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.