ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുകയറിയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച താരമാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള സച്ചിന്‍ എല്ലാ കാലത്തും യുവ തലമുറക്ക് റോള്‍ മോഡലാണെന്ന് പറയാം. സച്ചിന്റെ വിക്കറ്റ് നേടുകയെന്നത് ഏതൊരു ബൗളറെ സംബന്ധിച്ചും വലിയ സ്വപ്‌നമാണ്.
ഇന്ത്യന്‍ ടീമിലെ സച്ചിന്റെ സഹതാരങ്ങളായിരുന്ന ചില താരങ്ങള്‍ക്ക് സച്ചിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരാണെന്ന് പറയാം. ഇന്ത്യന്‍ ടീമിലെ കേരള പേസറായ ശ്രീശാന്ത് ഒരിക്കല്‍ സച്ചിനെതിരേ പന്തെറിഞ്ഞ സംഭവം ആരാധക മനസില്‍ ഇടം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിലാണ് സച്ചിനെതിരേ ശ്രീശാന്ത് പന്തെറിയുന്നത്.
അന്ന് ശ്രീശാന്ത് യുവതാരമെന്ന നിലയില്‍ കത്തിക്കയറി നില്‍ക്കുന്ന സമയമായിരുന്നുവെന്ന് പറയാം. മുംബൈ താരമായ സച്ചിനെതിരേ ശ്രീശാന്ത് ഗംഭീരമായൊരു ബൗണ്‍സര്‍ എറിഞ്ഞു. സച്ചിന്‍ 95 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ശ്രീശാന്തിന്റെ സ്വിങ്ങിങ് ബൗണ്‍സര്‍. സച്ചിന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സച്ചിന്റെ തോളിലടിച്ച പന്ത് സ്ലിപ്പില്‍ മുരളി വിജയിയുടെ കൈയിലെത്തി. ശ്രീശാന്ത് അല്‍പ്പം അഹങ്കാരത്തോടെ തന്നെ സച്ചിനെ നോക്കുകയും ചെയ്തു.
എന്നാല്‍ ഒന്നും പ്രതികരിക്കാതെ പന്തിന്റെ ദിശ നോക്കിയ സച്ചിന്‍ ആ ഷോട്ട് വീണ്ടും അനുകരിച്ചു. തൊട്ടടുത്ത പന്ത് അല്‍പ്പം ഓവര്‍ പിച്ചായിരുന്നു. മനോഹരമായ കവര്‍ ഡ്രൈവിലൂടെ സച്ചിന്‍ പന്ത് ബൗണ്ടറി കടത്തി. കമന്റേറ്റര്‍മാര്‍ സച്ചിന്റെ മധുര പ്രതികാരത്തെ വാഴ്ത്തിയപ്പോള്‍ ആരാധകരും ആവേശ തിമര്‍പ്പിലായിരുന്നു. ശ്രീശാന്തിന്റെ അഹങ്കാരം അവസാനിപ്പിക്കുന്ന ഷോട്ടാണ് സച്ചിന്‍ കളിച്ചതെന്ന് പറയാം. ഇതേ ഓവറില്‍ സച്ചിന്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

എന്തായാലും സച്ചിനോടൊപ്പം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ശ്രീശാന്തിനായി. ഇന്ത്യ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയപ്പോള്‍ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ച് നേടിയത് ശ്രീശാന്തായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വിജയം നേടിയെടുക്കുമ്പോഴും പ്ലേയിങ് 11ല്‍ ശ്രീശാന്തുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിച്ച താരമാണ് ശ്രീശാന്ത്.
എന്നാല്‍ ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ടതോടെ കരിയര്‍ തകര്‍ന്നു. ഐപിഎല്ലിനിടെ വാതുവെപ്പ് കേസില്‍ പിടിക്കപ്പെട്ടതോടെ ജയില്‍ ശിക്ഷയടക്കം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇതോടെ ബിസിസി ഐ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. പിന്നീട് ഏറെക്കാലം കേസ് നടത്തി ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കും ഐപിഎല്ലിലേക്കും തിരിച്ചെത്തണമെന്ന് ശ്രീശാന്തിന്റെ മോഹം നടന്നില്ല.
എന്നാല്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചാണ് ശ്രീശാന്ത് വിരമിച്ചത്. കേരള താരമെന്ന നിലയില്‍ ശ്രീശാന്തിനെ ഒതുക്കാന്‍ നീക്കം നടന്നു. ശ്രീശാന്ത് കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായി അദ്ദേഹം മാറുമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയിരുന്ന ശ്രീശാന്ത് ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറും ഒരുപോലെ എറിഞ്ഞിരുന്ന താരങ്ങളിലൊരാളായിരുന്നു. എന്തായാലും ഇപ്പോള്‍ വിരമിച്ച ശേഷം ക്രിക്കറ്റ് കമന്റേറ്ററായും അവതാരകനായും ശ്രീശാന്ത് ക്രിക്കറ്റില്‍ സജീവമാണ്.
എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ലോബികളാല്‍ ഒതുക്കപ്പെട്ട താരമാണ് ശ്രീശാന്ത്. അല്ലായിരുന്നെങ്കില്‍ വലിയ കരിയര്‍ നേടിയെടുക്കാന്‍ ശ്രീശാന്തിന് സാധിക്കുമായിരുന്നു. ശ്രീശാന്തിന് ശേഷം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി വളര്‍ന്ന് വന്ന മലയാളി താരമാണ് സഞ്ജു സാംസണ്‍. പല തരത്തിലുള്ള തഴയപ്പെടലുകള്‍ക്ക് ഇടയിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സഞ്ജുവിന് സാധിച്ചു.