രോഹിത് ടെസ്റ്റ് ഓപ്പണറായി ഫ്‌ളോപ്പായാല്‍ അത് എന്റെയും തോല്‍വി! ശാസ്ത്രി അന്നു പറഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ സ്ഥാനം. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന ചട്ടക്കൂടില്‍ നിന്നും പുറത്തു കടന്ന് ഇപ്പോള്‍ ഏതു ഫോര്‍മാറ്റിനും യോജിച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായി അദ്ദേഹം മാറിയിരിക്കുകയാണ്. ഇതിനു നമ്മള്‍ നന്ദി പറയേണ്ടത് നിലവിലെ കോച്ച് കൂടിയായ രവി ശാസ്ത്രിയോടാണ്.
ലോകം കീഴടക്കാന്‍ ശേഷിയുള്ള ടെസ്റ്റ് ഓപ്പണറായി രോഹിത്തിനു മാറാന്‍ സാധിക്കുമെന്ന് ആദ്യം ഉറച്ചുവിശ്വസിച്ചിരുന്നത് ശാസ്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസവും പിന്തുണയുമാണ് രോഹിത്തിനെ ഇന്നു കാണുന്ന താരമാക്കി മാറ്റിയിരിക്കുന്നത്. നേരത്തേ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാത്രം ഓപ്പണര്‍ മാത്രമായിരുന്ന ഹിറ്റ്മാന്‍ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകമാണ്.

മധ്യനിര ബാറ്റ്‌സ്മാനായി തുടക്കം
കരിയറിന്റെ തുടക്കകാലത്ത് രോഹിത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയായിരുന്നു ഒരു ഓപ്പണറാവാനുള്ള പ്രഹരശേഷിയും ഏകാഗ്രതയുമെല്ലാം അദ്ദേഹത്തിനുണ്ടെന്നു തിരിച്ചറിയുന്നത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യമായി ഓപ്പണിങില്‍ പരീക്ഷിക്കുകയും ചെയ്തു. ഈ പരീക്ഷണം വലിയ വിജയമായതോടെ പിന്നീട് ഹിറ്റ്മാന് തിരിഞ്ഞുനോക്കേണണ്ടി വന്നിട്ടില്ല.
എന്നാല്‍ ടെസ്റ്റിലും രോഹിത് മധ്യനിരയില്‍ തുടര്‍ന്നു. ഇതു കാരണം ടീമിനു അകത്തും പുറത്തുമായി അദ്ദേഹത്തിനു കഴിയേണ്ടി വന്നു. ബാറ്റിങിലെ സ്ഥിരതയില്ലായ്മയായിരുന്നു രോഹിത്തിനു വിനയായത്.

2019ല്‍ ടെസ്റ്റ് ഓപ്പണര്‍
2019ലായിരുന്നു ടെസ്റ്റിലും രോഹിത്തിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. തനിക്കു ലഭിച്ച ഈ അവസരവും അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. അന്നു ശാസ്ത്രി കാണിച്ച ധൈര്യമാണ് രോഹിത്തിനെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹം ആദ്യമായി ഓപ്പണറായി ഇറങ്ങിയത്. ഗംഭീര പ്രകടനമായിരുന്നു രോഹിത് പുതിയ റോളില്‍ കാഴ്ചവച്ചത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളോടെയാണ് ഓപ്പണിങ് റോള്‍ ഹിറ്റ്മാന്‍ ആഘോഷിച്ചത്.

തന്റെ കൂടി പരാജയമെന്ന് ശാസ്ത്രി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ഓപ്പണിങില്‍ വിജയിക്കുമെന്ന് ശാസ്ത്രിക്കു ഉറപ്പുണ്ടായിരുന്നുവെന്ന് ബോറിയ മജുംദാര്‍, കുശന്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ മിഷന്‍ ഡൊമിനേഷന്‍- ഏന്‍ അണ്‍ഫിനിഷ്ഡ് ക്വെസ്റ്റ് (Mission domination- An unfinished quest) എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
രോഹിത് ടെസ്റ്റ് ഓപ്പണറായി വിജയിച്ചില്ലെങ്കില്‍ അതു കോച്ചെന്ന നിലയില്‍ തന്റെ കൂടി പരാജയമാണെന്നു ശാസ്ത്രി അന്നു പറഞ്ഞുവെന്നാണ് പുസ്തകത്തിലുള്ളത്.

രോഹിത് ക്ലിക്കായി
ശാസ്ത്രിയുടെ ഈ കണക്കുകൂട്ടല്‍ പിഴച്ചില്ലെന്നു കാലം തെളിയിച്ചിരിക്കുകയാണ്. ശാസ്ത്രിക്കു കീഴില്‍ ടെസ്റ്റിലും ഓപ്പണറുടെ റോളില്‍ അദ്ദേഹം മിന്നുന്ന പ്രകടനം തുടരുകയാണ്. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രോഹിത് ആറാംസ്ഥാനത്തുണ്ട്. ടെസ്റ്റില്‍ ലോക ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന റാങ്കിങുള്ള ഓപ്പണറും അദ്ദേഹം തന്നെയാണ്.
നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ കളിക്കവെ രോഹിത്തിന്റെ റാങ്ക് 54 ആയിരുന്നു. എന്നാല്‍ ഓപ്പണറായ ശേഷം വന്‍ കുതിപ്പാണ് അദ്ദേഹം റാങ്കിങിലും നടത്തിയിരിക്കുന്നത്. ടെസ്റ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് കൂടിയാണ് ഇപ്പോള്‍ രോഹിത്തിന്റേത്. അദ്ദേഹത്തിനു 773ഉം തൊട്ടുമുന്നിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിക്കു 776ഉം റേറ്റിങ് പോയിന്റാണുള്ളത്.
ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും 152 റണ്‍സാണ് രോഹിത് നേടിയത്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നേടിയ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശത്ത് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications