ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2008 ആഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്കെതിരേ ഏകദിനം കളിച്ചാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. പിന്നീട് 15 വര്‍ഷംകൊണ്ട് നടന്ന വഴികളിലെല്ലാം ചരിത്രമെഴുതാന്‍ അദ്ദേഹത്തിനായി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോഡുകള്‍ക്ക് പോലും ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് കോലി വളര്‍ന്നു.
കോലി ബൗണ്ടറികളിലൂടെയും സിക്‌സുകളിലൂടെയും റണ്‍സുയര്‍ത്തുന്നത് പോലെ തന്നെ കൂടുതല്‍ ഓടി റണ്‍സെടുക്കുന്ന താരമാണ്. വിക്കറ്റുകള്‍ക്കിടയില്‍ അസാധ്യ വേഗം കോലിക്കുണ്ട്. 15 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തില്‍ 500 കിലോമീറ്ററിലധികം ദൂരമാണ് കോലി ഓടിയത് എന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റണ്‍സ് നേടാനായി മാത്രം 233 കിലോമീറ്ററിലധികം ദൂരം കോലി ഇക്കാലയളവില്‍ ഓടി. വിശ്വസിക്കാന്‍ പ്രയാസമുള്ള റിപ്പോര്‍ട്ടാണിത്.
500ലധികം കിലോമീറ്റര്‍ ഇതിനോടകം മൈതാനത്ത് ഓടിയെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം ഉള്ളതുകൊണ്ടാണ് ഇപ്പോഴും കോലിക്ക് മികച്ച കരിയറുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. 2013ല്‍ സിംബാബ് വെക്കെതിരേ നാല് റണ്‍സ് ഓടിയെടുത്ത താരമാണ് കോലി. അതിവേഗത്തില്‍ ഓടുന്ന കോലിക്കൊപ്പം നില്‍ക്കുന്ന നോണ്‍സ്‌ട്രൈക്കര്‍മാര്‍ പലപ്പോഴും അദ്ദേഹത്തിന്റെ വേഗത്തിനൊപ്പം എത്താന്‍ സാധിക്കാതെ പ്രയാസപ്പെടാറുണ്ട്.
വിരാട് കോലിയെപ്പോലെ കളത്തിനുള്ളില്‍ വേഗത്തില്‍ ഓടുന്ന മറ്റൊരു ഇന്ത്യന്‍ താരം എംഎസ് ധോണിയാണ്. കോലിയോടൊപ്പം വേഗത്തില്‍ ഓടി ക്രീസില്‍ നില്‍ക്കാന്‍ ശേഷിയുള്ളത് ധോണിക്ക് മാത്രമാണെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റുകള്‍ക്കിടയില്‍ വേഗത്തില്‍ ഓടുന്ന താരമാണ്. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇപ്പോള്‍ പഴയ വേഗം ഹാര്‍ദിക് പാണ്ഡ്യക്കില്ല. മണിക്കൂറില്‍ 37 കിലോമീറ്റര്‍ വേഗത്തിലോടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

ധോണിയും ഇതേ വേഗത്തില്‍ ഓടുന്ന താരമാണ്. എന്നാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളുടെയെല്ലാം ഓട്ടത്തിന്റെ വേഗം പരിശോധിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും 30ല്‍ താഴെ മാത്രമാണ് വേഗം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല താരങ്ങളുടെയും നിലവിലെ ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ മോശമാണ്. എന്നാല്‍ കോലി കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ലോക ക്രിക്കറ്റില്‍ത്തന്നെ കോലിയോളം ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന മറ്റൊരു താരവുമില്ല.
111 ടെസ്റ്റില്‍ നിന്ന് 49.3 ശരാശരിയില്‍ 8676 റണ്‍സാണ് കോലി നേടിയത്. 275 ഏകദിനത്തില്‍ നിന്ന് 12898 റണ്‍സും 115 ടി20യില്‍ നിന്ന് 4008 റണ്‍സും കോലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 46 സെഞ്ച്വറികള്‍ ഇതിനോടകം കോലി നേടിക്കഴിഞ്ഞു. നാല് സെഞ്ച്വറികള്‍ നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറികളുടെ ലോക റെക്കോഡ് തകര്‍ക്കാനും കോലിക്ക് സാധിക്കും. ഫിറ്റ്‌നസ് വിലയിരുത്തുമ്പോള്‍ നാല്, അഞ്ച് വര്‍ഷം കൂടിയെങ്കിലും കളി തുടരാന്‍ കോലിക്ക് സാധിച്ചേക്കും.
അതുകൊണ്ടുതന്നെ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് സാധിക്കുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഏഷ്യാ കപ്പിനായുള്ള മുന്നൊരുക്കത്തിലാണ് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് ശേഷം നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്. 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഉടന്‍ തന്നെ വിശ്രമത്തിലുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ശ്രീലങ്കയില്‍ മികച്ച റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവും.
അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പിന് ശേഷം ഏകദിന ലോകകപ്പ് വരാന്‍ പോവുകയാണ്. കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.