കളിക്കളത്തിലെ ഏറ്റവും കൂളായിട്ടുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. എതിര്‍ താരങ്ങളുടെ ഭാഗത്തു നിന്നും സ്ലെഡ്ജിങോ, മോശം പെരുമാറ്റമോ ഉണ്ടായാല്‍ അവയോടൊന്നും അദ്ദേഹം കാര്യമായി പ്രതികരിക്കാറില്ല. പക്ഷെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ സഹികെട്ട് ധോണി നന്നായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതു വാക്കുകള്‍ കൊണ്ടാവാറില്ല, മറിച്ച് പ്രവര്‍ത്തിയിലൂടെയാണെന്നു മാത്രം.
അത്തരത്തിലുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ചറിയാം. 2015ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ മിര്‍പൂരില്‍ നടന്ന ഏകദിന മല്‍സരത്തിനിടെയായിരുന്നു സംഭവം. ഈ കളിയില്‍ ഇന്ത്യയെ നയിച്ചതും ധോണിയായിരുന്നു. ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

ഈ കളിയിക്കിടെ മുസ്തഫിസുറിന്റെ ഭാഗത്തു നിന്നുണ്ടായ കള്ളക്കളിയായിരുന്നു ധോണിയുടെ നിയന്ത്രണം വിടാന്‍ ഇടയാക്കിയത്. മല്‍സരത്തില്‍ ബൗള്‍ ചെയ്ത ശേഷം ഇന്ത്യന്‍ താരങ്ങള്‍ സിംഗിളിനായി ഓടവെ മുസ്തഫിസുര്‍ മനപ്പൂര്‍വ്വം ഇതു തടസ്സപ്പെടുത്തുന്ന തരത്തില്‍ പല തവണ വഴിയിലേക്കു വന്നു നില്‍ക്കുകയായിരുന്നു.
ഒരു തവണ രോഹിത് ശര്‍മ റണ്ണൗട്ടില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സ്‌ട്രൈക്ക് നേരിട്ട ശേഷം സിംഗിളിനായി ഓടിയ രോഹിത്തിന്റെ വഴി തടസ്സപ്പെത്തി മുസ്തഫിസുര്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു. സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷം രോഹിത് രോഷത്തോടെയാണ് മുസ്തഫിസുറിനോടു ഇതേക്കുറിച്ച് പ്രതികരിച്ചത്. വിരല്‍ ചൂണ്ടി അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.
മുസ്തഫിസുര്‍ റഹ്മാനെ ഓട്ടത്തിനിടെ ധോണി ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ കാണാം
അതിനു ശേഷമാണ് ധോണി ബാറ്റ് ചെയ്യവെയും മുസ്തഫിസുര്‍ ഇതേ കാര്യം തന്നെ ആവര്‍ത്തിച്ചത്. ഇന്നിങ്‌സിലെ 25ാമത്തെ ഓവറിലായിരുന്നു അത്. പക്ഷെ ധോണിക്കു ബംഗ്ലാ ബൗളര്‍ എന്താവും ചെയ്യാന്‍ പോവുകയെന്നു കൃത്യമായി അറിയുകയും ചെയ്യാമായിരുന്നു. സിംഗിളിനായി ഓടിയ ധോണിക്കു കുറുകെയും വഴി തടസ്സപ്പെടുത്തുന്ന തരത്തില്‍ മനപ്പൂര്‍വ്വമല്ലാത്തതു പോലെ മുസ്തഫിസുര്‍ വന്നു നിന്നു.
എന്നാല്‍ ധോണിക്കു അദ്ദേഹത്തെ വെട്ടിയൊഴിഞ്ഞ് മാറി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ഓടാന്‍ താല്‍പ്പര്യമില്ലായിരുന്നു. സര്‍വ്വശക്തിയുമെടുത്താണ് ധോണി സിംഗിളിനായി കുതിച്ചത്. ഇതിനിടെ മുസ്തഫിസുര്‍ വഴിയില്‍ വന്ന് നിന്നപ്പോള്‍ ധോണി ശക്തമായി തന്റെ കൈമുട്ടും ദേഹവും കൊണ്ട് ആഞ്ഞിടിച്ച് ശേഷം സിംഗിള്‍ പൂര്‍ത്തിയാക്കി. ധോണിയില്‍ നിന്നും ഇങ്ങനെയൊരു കഠിനമായ പ്രതികരണം ബംഗ്ലാ പേസര്‍ പ്രതീക്ഷിച്ചിരുന്നില്ല.

ധോണിയുടെ കരുത്തില്‍ മുസ്തഫിസുര്‍ അക്ഷരാര്‍ഥത്തില്‍ കുലുങ്ങിപ്പോവുകയും വശത്തേക്കു തെറിച്ചുപോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ സ്തബ്ധനായ മുസ്തഫിസുര്‍ പക്ഷെ ധോണിയോടു ഉടക്കാനോ, രോഷം പ്രകടിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. മുസ്തഫിസുറിനെ ധോണി ഇടിച്ചു മാറ്റിയതു കണ്ട ബംഗ്ലാദേശിന്റെ ചില താരങ്ങളും അംപയറും അടുത്തേക്കു വന്നെങ്കിലും അദ്ദേഹം വളരെ കൂളായാണ് പ്രതികരിച്ചത്.
തുടര്‍ന്നു മുസ്തഫിസുറിന്റെ അരികിലേക്കു വന്ന അംപയര്‍ കാര്യങ്ങള്‍ ഓക്കെയല്ലേയെന്നു തിരക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വേദനയനുഭവപ്പെട്ട മുസ്തഫിസുറാവട്ടെ മുടന്തി മുടന്തി വീണ്ടും അടുത്ത ബോളെറിയാന്‍ നീങ്ങുകയും ചെയ്തു. ഇതിനിടെ ധോണി ചിരിയോടെയാണ് തന്റെ ബാറ്റിങ് പങ്കാളിയായിരുന്ന സുരേഷ് റെയ്‌നയുടെ അരികിലേക്കു വന്നത്.
അടുത്ത ബോളെറിയാന്‍ തയ്യാറെടുത്തെങ്കിലും കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നു മുസ്തഫിസുറിനു അതു സാധിച്ചില്ല. ഒടുവില്‍ മെഡിക്കല്‍ സംഘത്തിലെ ഒരാള്‍ക്കൊപ്പം മുസ്തഫിസുര്‍ ഗ്രൗണ്ട് വിടുകയുമായിരുന്നു. മല്‍സരശേഷം ഈ സംഭവത്തിന്റെ പേരില്‍ ധോണിക്കും മുസ്തഫിസുറിനും പിഴ ചുമത്തുകയും ചെയ്തിരുന്നു. ധോണിയോടു മാച്ച് ഫീയുടെ 75 ശതമാനവും മുസ്തഫിസുറിനോടു 50 ശതമാനവും പിഴയായി അടയ്ക്കാന്‍ മാച്ച് റഫറി ആവശ്യപ്പെടുകയായിരുന്നു. ഈ കളിയില്‍ ഇന്ത്യ 79 റണ്‍സിനു പരാജയപ്പെടുകയും ചെയ്തിരുന്നു.