ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും ധൈര്യശാലിയായ നായകനെന്ന വിശേഷണം സൗരവ് ഗാംഗുലിക്ക് അര്‍ഹതപ്പെട്ടതാണ്. ഒത്തുകളി വിവാദത്തില്‍പ്പെട്ട് തകര്‍ന്ന ഇന്ത്യന്‍ ടീമിനെ 2003ലെ ഏകദിന ലോകകപ്പ് ഫൈനലിലേക്കെത്തിച്ച ധീര നായകനാണ് സൗരവ് ഗാംഗുലി. ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കാനായില്ലെങ്കിലും അടിക്ക് തിരിച്ചടിയെന്ന തത്വത്തില്‍ ഉറച്ചുനിന്ന് ടീമിന് പുതിയ മുഖം നല്‍കിയ നായകനാണ് ഗാംഗുലിയെന്ന് നിസംശയം പറയാം.
ഗാംഗുലി നായകനായിരിക്കെ ഇന്ത്യ നേടിയെടുത്ത ചരിത്ര വിജയങ്ങളിലൊന്നാണ് 2002ലെ നാറ്റ്‌വെസ്റ്റ് സീരിസില്‍ ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് പരമ്പര നേടിയത്. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 325 എന്ന വമ്പന്‍ ടോട്ടല്‍ അടിച്ചെടുത്തപ്പോള്‍ത്തന്നെ അവര്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗാംഗുലിയുടെ ചുണക്കുട്ടികള്‍ 3 പന്ത് ബാക്കിയാക്കി 2 വിക്കറ്റിന്റെ ജയം നേടി. ജേഴ്‌സിയൂരി ഗാംഗുലി നടത്തിയ വിജയാഘോഷം ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയതാണ്.
എന്നാല്‍ അന്ന് ഇന്ത്യ ജയിച്ചുകയറുമ്പോള്‍ ഇന്ത്യയുടെ ശരിയായ ഹീറോയായത് മുഹമ്മദ് കൈഫായിരുന്നു. 75 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടി കൈഫ് നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഏഴാം നമ്പറില്‍ ബാറ്റുചെയ്താണ് കൈഫ് ഐതിഹാസിക ജയം ഇന്ത്യക്ക് സമ്മാനിച്ചത്. ഈ മത്സരത്തില്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വാക്ക് ധിക്കരിച്ച് കൈഫ് നടത്തിയ പ്രകടനമാണ് ജയത്തിലേക്ക് നയിച്ചതെന്ന് പറയാം.
പൊതുവേ കൈഫിനെ പരിഗണിച്ചിരുന്നത് ക്ലാസിക് ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തിലാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനായി കൈഫിനെ പരിഗണിച്ചിരുന്നില്ലെന്ന് ചുരുക്കം. നാറ്റ്‌വെസ്റ്റ് സീരിസ് ഫൈനലില്‍ കൈഫ് ക്രീസിലെത്തുമ്പോള്‍ യുവരാജ് സിങ്ങും ക്രീസിലുണ്ടായിരുന്നു. സിംഗിളെടുത്ത് യുവരാജിന് സ്‌ട്രൈക്ക് കൈമാറാനാണ് ഗാംഗുലി ലോര്‍ഡ്‌സിലെ ബാല്‍ക്കണിയിലിരുന്ന് കൈഫിന് നല്‍കിയ നിര്‍ദേശം. പൊതുവേ നായകന്റെ നിര്‍ദേശം ആരും തള്ളിക്കളയാറില്ല.

എന്നാല്‍ ഗാംഗുലിയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ കൈഫ് ധൈര്യം കാട്ടി. ഗാംഗുലിയുടെ നിര്‍ദേശം ലഭിച്ചതിന് ശേഷമുള്ള തൊട്ടടുത്ത പന്ത് കൈഫ് സിക്‌സര്‍ പറത്തുകയാണ് ചെയ്തത്. ഗാംഗുലിയുടെ നിര്‍ദേശവും പിന്നാലെ സിക്‌സുകൊണ്ടുള്ള കൈഫിന്റെ മറുപടിയും ഇന്നും ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചയാണ്. സഹീര്‍ ഖാനെ കൂട്ടുപിടിച്ച് ഇന്ത്യയെ കൈഫ് വിജയത്തിലേക്കെത്തിച്ചത് എന്നെന്നും ആരാധക മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ്.
യുവരാജ് സിങ്ങും മുഹമ്മദ് കൈഫുമായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തര്‍. എന്നാല്‍ ഗാംഗുലി നായകസ്ഥാനം ഒഴിഞ്ഞതോടെ കൈഫ് ഒതുക്കപ്പെട്ടു. യുവരാജ് സിങ്ങിനെപ്പോലെ വളരാന്‍ കൈഫിന് സാധിക്കാതെ പോയി. എന്നാല്‍ മിന്നല്‍ ഫീല്‍ഡിങ്ങുകൊണ്ട് ആരാധക മനസില്‍ എന്നെന്നും ഇടം നേടുന്ന താരമാണ് കൈഫ്. നാറ്റ് വെസ്റ്റ് സീരിസ് ഫൈനലിലെ പ്രകടനം കൈഫിന്റെ കരിയറിലെ ഏറ്റവും മികച്ചതാണെന്നാണ് കാലം തെളിയിക്കുന്നത്.
ഇംഗ്ലണ്ടിനായി മാര്‍ക്കസ് ട്രസ്‌ക്കോത്തിക്കും (109) നായകന്‍ നാസര്‍ ഹുസൈനും (115) സെഞ്ച്വറികള്‍ നേടിയിരുന്നു. വലിയ സ്‌കോര്‍ നേടിയതിനാല്‍ത്തന്നെ ഇന്ത്യയെ പരിഹസിക്കുന്ന ശരീര ഭാഷയും പെരുമാറ്റവുമാണ് ഇംഗ്ലണ്ട് താരങ്ങള്‍ നടത്തിയത്. പക്ഷെ ഇതിന് പ്രകടനംകൊണ്ട് മറുപടി നല്‍കാന്‍ ഇന്ത്യക്കായി. സൗരവ് ഗാംഗുലി 60 റണ്‍സും വീരേന്ദര്‍ സെവാഗ് 45 റണ്‍സും നേടി. ഒന്നാം വിക്കറ്റിലെ 106 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് പൊരുതാനുള്ള പ്രചോദനമായത്.
സച്ചിന്‍ 14 റണ്‍സിലും രാഹുല്‍ ദ്രാവിഡ് 4 റണ്‍സിലും പുറത്തായെങ്കിസും യുവരാജ് സിങ് (69), മുഹമ്മദ് കൈഫ് ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ആവേശ പരമ്പര നേടിക്കൊടുത്തത്. ഗാംഗുലിയെ ധിക്കരിക്കാന്‍ കൈഫ് കാട്ടിയ ധൈര്യമാണ് വഴിത്തിരിവായതെന്ന് പറയാം.