ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റത്തിന്റെ സമയമാണ്. മിസ്റ്റര്‍ കൂള്‍ രാഹുല്‍ ദ്രാവിഡില്‍ നിന്നും അഗ്രസീവായ ഗൗതം ഗംഭീറിലേക്കു ടീമിന്‍റെ കടിഞ്ഞാണ്‍ എത്തിയിരിക്കുകയാണ്. രണ്ടു വ്യത്യസ്ത ശൈലിയും സ്വഭാവവമുള്ള വ്യക്തികളായതിനാല്‍ തന്നെ ഗംഭീറിനു കീഴില്‍ ടീമിന്‍റെ സമീപനത്തില്‍ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കു ഐസിസി ട്രോഫി നേടിത്തന്ന് തലയുയര്‍ത്തിയാണ് ദ്രാവിഡ് തന്റെ റോളില്‍ ഗംഭീറിനു കൈമാറിയിരിക്കുന്നത്.
ഇനി ദ്രാവിഡ് നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങി ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല. 2027 വരെയുള്ള കാലയളവില്‍ എട്ടു വലിയ ദൗത്യങ്ങളാണ് ഇന്ത്യന്‍ ടീം കോച്ചെന്ന നിലയില്‍ ഗംഭീറിനു മുന്നിലുള്ളത്. ഇതില്‍ എത്രയെണ്ണത്തില്‍ ടീമിനെ വിജയികളാക്കാന്‍ അദ്ദേഹത്തിനു സാധിക്കും? ഗംഭീറിന്റെ ഏറ്റവും പ്രധാനപ്പെട്ട, ഒപ്പം കടുപ്പവുമേറിയ എട്ടു ദൗത്യങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഈ വര്‍ഷമവസാനവും അടുത്ത വര്‍ഷമാദ്യവും നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ആദ്യത്തേത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഈ പോരാട്ടം കോച്ചെന്ന നിലയില്‍ ഗംഭീറിനു അഗ്നിപരീക്ഷ തന്നെയായിരിക്കും. ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയെന്നത് ലോകകപ്പ് നേട്ടത്തിനു തുല്യമായാണ് പരിഗണിക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ ഈ പരമ്പര എന്തു വില കൊടുത്തും ജയിക്കാന്‍ ഗംഭീര്‍ ശ്രമിക്കുമെന്നുറപ്പാണ്. തുടര്‍ച്ചയായി നാലു തവണ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നേടി മുന്നേറുകയാണ് ഇന്ത്യ. ഇത്തവണ ഇതു കൈവിടുകയാണെങ്കില്‍ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന് അതു വലിയ ക്ഷീണമായിരിക്കും. അവസാനമായി രണ്ടു തവണ ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോഴും ടെസ്റ്റ് പരമ്പര കൈക്കലാക്കാന്‍ ഇന്ത്യക്കായിരുന്നു.
അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയാണ് ഗംഭീറിന്റെ രണ്ടാമത്തെ ദൗത്യം. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു വേദിയാവുന്നത് പാകിസ്താനാണ്. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റും കൂടിയാണിത്. ഇതിനു വേണ്ടി വളരെ മികച്ച സ്‌ക്വാഡിനെ തന്നെ അദ്ദേഹത്തിനു ഒരുക്കിനിര്‍ത്തേണ്ടതുണ്ട്. രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നു ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. സീനിയര്‍ താരങ്ങളുള്‍പ്പെടുന്ന ഏറ്റവും ശക്തമായ ടീമിനെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറക്കുന്നത്.
2025ല്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംന്‍ഷിപ്പ് ഫൈനലാണ് ഗംഭീറിന്റെ മൂന്നാമത്തെ അഗ്നിപരീക്ഷ. നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തുണ്ട്. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ഫൈനലിലുണ്ടാവുമെന്നുറപ്പാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയിലൊരു ടീമായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 2021, 23 വര്‍ഷങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ഡബ്യുടിസി ഫൈനലുകളിലും ഇന്ത്യ തോറ്റിരുന്നു. ഈ പരാജയ പരമ്പരയ്ക്കു അറുതിയിടാന്‍ ഗംഭീറിനു സാധിക്കുമോയെന്നതു കാത്തിരുന്നു കാണണം.
ഡബ്ല്യുടിസി ഫൈനലിനു പിന്നാലെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഗംഭീറിന്റെ നാലാമത്തെ ദൗത്യം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യ കളിക്കുക. ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഭയപ്പെടുത്തുന്ന വേദികളിലൊന്നാണ് ഇംഗ്ലണ്ട്. 2007നു ശേഷം ഇവിടെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കണമെങ്കില്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന് അദ്ഭുതങ്ങള്‍ കാണിക്കേണ്ടതായി വരും.
2026ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഗംഭീറിന്റെ അഞ്ചാമത്തെ ചാലഞ്ച്. ഇന്ത്യയെക്കൂടാതെ ശ്രീലങ്കയും ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നുണ്ട്. നിലവിലെ ചാംപ്യന്‍മാരായതിനാലും ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാലും ഇരട്ടിസമ്മര്‍ദ്ദം ഗംഭീറിനും ഇന്ത്യന്‍ ടീമിനുമുണ്ടാവുമെന്നുറപ്പാണ്. ഇതിനെ അതിജീവിക്കാനായെങ്കില്‍ മാത്രമേ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

ടി20 ലോകകപ്പിനു ശേഷം 2026ല്‍ ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും ഗംഭീറിനു വെല്ലുവിളിയാണ്. ആറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെ ഇന്ത്യ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. 2009നു ശേഷം ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.
2027ലെ ഏകദിന ലോകകപ്പാണ് ഗംഭീറിന്റെ ഏഴാമത്തെ ദൗത്യം 2023ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ഇന്ത്യ കിരീടം തന്നെയാവും സ്വപ്‌നം കാണുന്നത്. 2011നു ശേഷം ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തന്നെയായിരിക്കും ഗംഭീറിന്റെ ശ്രമം.
ഗംഭീറിന്റെ അവസാന ദൗത്യം 2027ലെ ഡബ്ല്യുടിസി ഫൈനലായിരിക്കും. 2025-27ലെ സൈക്കളില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ടീമിനെ വിജയങ്ങളിലേക്കു നയിച്ച ശേഷം ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കേണ്ടതുണ്ട്. പക്ഷെ രോഹിത്, വിരാട് കോലി തുടങ്ങി നിലവില്‍ മല്‍സരരംഗത്തുള്ള ഭൂരിഭാഗം പേരും അപ്പോഴേക്കും വിരമിക്കുമെന്നതിനാല്‍ ഗംഭീറിനു കാര്യങ്ങള്‍ കടുപ്പം തന്നെയാവും.