Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഇനി ചാന്‍സില്ല! ഐപിഎല്‍ തന്നെ രക്ഷ? ടീം ഇന്ത്യയിലെ വഴിയടച്ച് ഇഷാന്‍

ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള സഞ്ജു സാംസണിന്റെ കരിയര്‍ കൂടുതല്‍ കടുപ്പമേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ഇഷാന്‍ കിഷന്‍ മടങ്ങിയെത്താന്‍ തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ സൂചനകളാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ഇഷാന്‍ നല്‍കുന്നത്. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി കളിച്ച ആദ്യ മല്‍സത്തില്‍ കിടിലന്‍ സെഞ്ച്വറിയോടെയാണ് താരം കസറിയത്. 107 ബോളില്‍ 10 സിക്‌സറുള്‍പ്പെടെ 114 റണ്‍സാണ് ഇഷാന്‍ നേടിയത്.

അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നാണ് ഇഷാന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതു സഞ്ജുവിന്റെ കരിയറിനെ ബാധിക്കമോ? ഇതേക്കുറിച്ചു നോക്കാം. സഞ്ജുവിനെ സംബന്ധിച്ച് ഇതു വലിയ ക്ഷീണം തന്നെയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗ്ലാദേശുമായി അടുത്ത മാസം ടെസ്റ്റ്, ടി20 പരമ്പരകള്‍ നടക്കാനിരിക്കെ സെലക്ടര്‍മാരുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്.

ISHAN KISHAN

നിയമങ്ങള്‍ പിന്തുടരുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്താല്‍ ഇഷാന് ദേശീയ ടീമിലേക്കു തിരിച്ചെത്താമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറായതോടെ ഇഷാന്‍ ഈ 'പരീക്ഷ' വിജയിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുക മാത്രമല്ല ബാറ്റിങില്‍ സെഞ്ച്വറിയോട മിന്നിക്കാനും സാധിച്ചുവെന്നത് ഇഷാന് മുതല്‍ക്കൂട്ടായി മാറും.

ഇന്ത്യക്കു വേണ്ടി ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞ താരമാണ് ഇഷാന്‍. നേരത്തേ റിഷഭ് പന്ത് പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും മാറിനിന്നപ്പോള്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും അദ്ദേഹം മാറിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പ്രിയങ്കരനായതു കാരണം ഇഷാന് തുടര്‍ച്ചയായി അവസരങ്ങളും ലഭിച്ചു കൊണ്ടിരുന്നു.

പക്ഷെ ഈ വര്‍ഷമാദ്യം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാതെ മാറിനിന്നതോടെ ഇഷാന്റെ മോശം സമയവും തുടങ്ങി. അതിനു ശേഷം ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെടുകയും ചെയ്തു. എന്നാല്‍ തെറ്റ് തിരുത്തിയാണ് ഇഷാന്‍ ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തിരിക്കുന്നത്.

മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് ഉറപ്പിച്ചു കഴിഞ്ഞു. ബാക്കപ്പായി സഞ്ജുവടക്കം പലരും മല്‍സരരംഗത്തുമുണ്ട്. ഏകദിനത്തില്‍ കെഎല്‍ രാഹുലും ടി20യില്‍ സഞ്ജുവുമാണ് സമീപകാലത്തു വിക്കറ്റ് കീപ്പര്‍മാരായി കളിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇഷാന്റെ മടങ്ങിവരവ് വിക്കറ്റ് കീപ്പര്‍ റോളിലേക്കുള്ള മല്‍സരം കൂടുതല്‍ കടുപ്പമാക്കും. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് ഇഷാന്‍. അതിനാല്‍ തന്നെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ റോളിലേക്കും താരത്തിനു മുന്‍തൂക്കം ലഭിക്കും.

SANJU SAMSON

സഞ്ജുവിനെ അപേക്ഷിച്ച് ഇഷാന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇടംകൈയന്‍ ബാറ്ററാണെന്നതാണ്. ഇടംകൈ- വലംകൈ കോമ്പിനേഷന് വളരെയധികം പ്രാധാന്യമാണ് നിലവിലെ കോച്ച് ഗംഭീറും അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരും നല്‍കുന്നത്. ഇതു കാരണം ഇഷാനു കൂടുതല്‍ അവസരങ്ങളും ഇനി ലഭിക്കുമെന്നുറപ്പാണ്. റിഷഭിന്റെ ബാക്കപ്പായി മറ്റൊരു ഇടംകൈയനായ ഇഷാനുണ്ടെങ്കില്‍ അതു ടീമിനു നല്‍കുന്ന ബാലന്‍സും വലുതായിരിക്കും.

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ മികച്ച റെക്കോര്‍ഡും 26 കാരനായ ഇഷാനുണ്ട്. 27 ഏകദിനങ്ങളില്‍ നിന്നും ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കം 933 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ടി20യില്‍ 32 മല്‍സരങ്ങളില്‍ നിന്നും ആറു ഫിഫ്റ്റികളടക്കം 796 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം.

ടെസ്റ്റില്‍ രണ്ടു മല്‍സരങ്ങളാണ് താരം കളിച്ചത്. ഒരു ഫിഫ്റ്റിയടക്കം 78 റണ്‍സും ഇഷാന്‍ സ്‌കോര്‍ ചെയ്തു. ഈ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജു ഇനി കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. റിഷഭിനൊപ്പം ഇഷാനായിരിക്കും ഇനി വരാനിരിക്കുന്ന പരമ്പരകളില്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കുക.

Story first published: Saturday, August 17, 2024, 12:07 [IST]
Other articles published on Aug 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+