വീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തി
മുംബൈ: ഇന്ത്യയുടെ മുന്‍ ബാറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കരിയറില്‍ ഏറെ വെല്ലുവിളിയുയര്‍ത്തിയ ബൗളറായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്ത്. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച കൊമ്പുകോര്‍ക്കല്‍ കൂടിയായിരുന്നു ഇരുവരും തമ്മിലുള്ളത്. 1999ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര, 2000ത്തിലെ ചാംപ്യന്‍സ് ട്രോഫി, 2003ലെ ലോകകപ്പ് തുടങ്ങി ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന എത്രയെത്ര മുഹൂര്‍ത്തങ്ങള്‍.
1999ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റില്‍ മഗ്രാത്ത് തന്നെ വീഴ്ത്താന്‍ പയറ്റിയ തന്ത്രത്തെക്കുറിച്ചും ഇതിനെ താന്‍ അന്നു എങ്ങനെ അതിജീവിച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

1999ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഒരു ദിവസത്തെ കളി തീരാന്‍ ശേഷിക്കുന്നത് 40 മിനിറ്റ് മാത്രം. ഗ്ലെന്‍ മഗ്രാത്ത് തനിക്കെതിരേ അഞ്ചോ, ആറോ മെയ്ഡനുകള്‍ എറിഞ്ഞുവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സച്ചിന്‍ വെളിപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ തന്ത്രം അതായിരുന്നു. റണ്‍സ് വിട്ടുകൊടുക്കാതെ തന്നെ അസ്വസ്ഥനാക്കി പുറത്താക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

മഗ്രാത്തെറിഞ്ഞ 70 ശതമാനം പന്തുകളും വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റോ ഗ്ലൗസുകളിലാണ് അവസാനിച്ചത്. 10 ശതമാനം പന്തുകള്‍ മാത്രമേ ബാറ്റിലേക്കു വന്നുള്ളൂ. ഓഫ്സ്റ്റംപിന് പുറത്തു കൂടെ പോവുന്ന പന്തില്‍ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ച് സച്ചിനെ പുറത്താക്കുകയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്.
അന്ന് കഴിയാവുന്നത്രയും പന്തുകള്‍ താന്‍ കളിക്കാതെ ഒഴിവാക്കി. തന്നെ ബീറ്റ് ചെയ്ത മികച്ച ചില പന്തുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. ഇനി തിരിച്ചുപോയി വീണ്ടും ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ടെന്നായിരുന്നു അന്നു മഗ്രാത്തിനോടു പറഞ്ഞതെന്നു സച്ചിന്‍ വെളിപ്പെടുത്തി.

ഈ ദിവസം വൈകുന്നേരം തനിക്കു ക്ഷമയോടെ പിടിച്ചുനിന്നേ തീരൂ. നാളെ രാവിലെ ആഗ്രഹിക്കുന്നതു പോലെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും കരുതിയിരുന്നു. ഞാന്‍ എങ്ങനെ കളിക്കുമെന്ന് നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ എവിടെ ബൗള്‍ ചെയ്യുന്നുവെന്നു നിയന്ത്രിക്കാന്‍ തനിക്കാവുമെന്നും സച്ചിന്‍ വ്യക്തമാക്കി.
ആ ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചു. തൊട്ടടുത്ത ദിവസം രാവിലെ മഗ്രാത്തിന്റെ ബൗളിങില്‍ കുറച്ചു ബൗണ്ടറികള്‍ നേടി. കാരണം അതൊരു പുതിയ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു പേരും ഒരേ ലെവലിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications